Showing posts with label ഓര്‍മ്മ. Show all posts
Showing posts with label ഓര്‍മ്മ. Show all posts

Sunday, February 10, 2019

മാലാഖമാർ

  "ആശുപത്രി വരാന്തയിലൂടെ നീ ഒന്ന് നടന്ന് നോക്കണം. അപ്പോൾ അറിയാം നിന്റെ വിഷമം ഒന്നുമല്ലെന്ന്." ആരാണ് ഇത് പറഞ്ഞതെന്നറിയില്ല, എങ്കിലും സത്യമാണ്.  പതിനഞ്ചു ദിവസത്തെ ആശുപത്രി വാസത്തിനിടയിൽ കണ്ട ചില മുഖങ്ങളെ ഓർത്തെടുക്കട്ടെ.

   മുസ്തഫ : അത്യാവശ്യം സാമ്പത്തിക ശേഷിയുള്ള കുടുംബാംഗം. നാൽപത്തഞ്ചിനോടടുത്തു പ്രായം കാണും. നാട്ടിനടുത്തുള്ള ദേശീയ പാതയോരത്ത് ഒരു സിമന്റ് കട നടത്തുന്നു. പെട്ടന്നാണ് ഒരു പനിയുടെ രൂപത്തിൽ അയാളുടെ നിർഭാഗ്യം തുടങ്ങിയത്.അതോടൊപ്പം അയാളുടെ കാഴ്ച്ച ശക്തിയും പരിപൂർണ്ണമായി നഷ്ടപ്പെട്ടു. ഒരുപാടു ചികിൽസിച്ചു, പരിയാരം മെഡിക്കൽ കോളേജിൽ അടക്കം. പക്ഷെ യാതൊരു ഫലവും ഉണ്ടായില്ല. അതിനിടയിൽ  എപ്പോഴോ ഭാര്യയും അയാളെ വിട്ടേച്ചു പോയി.

    കുടുംബത്തിന് ഭാരമാകും എന്ന് കണ്ടപ്പോഴാണ് പഴയൊരു കടപ്പാടിന്റെ പേരിൽ ജേഷ്ടൻ പറശ്ശിനിക്കടവ് എം വി ആർ ആയുർവ്വേദ മെഡിക്കൽ കോളേജിൽ എത്തിക്കുന്നത്.ചികിത്സക്ക് വേണ്ടിയായിരുന്നില്ല അയാളുടെ ആ ആശുപത്രി വാസം. നാളുകൾ കഴിഞ്ഞു പോകാൻവേണ്ടി. പച്ചയായ മനുഷ്യനെ കൊന്നുതള്ളാൻ കഴിയില്ലല്ലോ എന്ന "സന്മനസ്സ്" കൊണ്ടാവുംഇവിടെയെങ്കിലും കൊണ്ടിട്ടത്. പരിചരിക്കാൻ ഒരു സ്ത്രീയേയും നിറുത്തിയിട്ടുണ്ട് പതിനായിരം രൂപ ശമ്പളവും കൊടുത്ത്. മുസ്‌തുക്കക്ക് ഇടയ്ക്കിടെ ബിരിയാണി വേണം. അത് ഞാൻ കാന്റീനിൽ പോയി വാങ്ങിക്കൊടുക്കും. ചായകുടിക്കുന്നതിനിടെ ആ സ്ത്രീ ഞങ്ങളോട് പറഞ്ഞു. ആ സ്ത്രീക്കുമുണ്ട് കുടുംബം. പ്ലസ്‌ടുവിനു മകനും ഭർത്താവുമടങ്ങുന്ന കുടുംബം. ഇപ്പോൾ അദ്ദേഹം എവിടെ, എനിക്കറിയില്ല, സുഖം പ്രാപിച്ചു വീട്ടിൽ സുഘമായി കഴിയുന്നു എന്ന് വിശ്വസിക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്.

    രോഗം ഒരുതരം ഒറ്റപ്പെടലാണ്. കുടുംബത്തിൽനിന്ന്, നാട്ടുകാരിൽ നിന്ന്, കൂട്ടുകാരിൽ നിന്ന് അങ്ങിനെ തുടങ്ങിയ എല്ലാവരിൽനിന്നും. ആശുപത്രികിടക്കയിൽ നിന്നും മേൽപ്പോട്ട് നോക്കി നക്ഷത്രങ്ങൾ എണ്ണുന്നവർ എത്രയെങ്കിലും ഉണ്ട് നമ്മുടെ ഇടയിൽ. ജീവിതത്തിന്റെയും, മരണത്തിന്റെയും നൂൽപ്പാലത്തിലൂടെ കടന്നുപോകുന്നവർ.എത്ര പണമുണ്ടായിട്ടും കാര്യമില്ല. ഒരു രോഗം വന്നാൽ മനുഷ്യന്റെ നിസ്സഹായാവസ്ഥ പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. അപ്പോൾ പണമല്ല ആവശ്യം.നിങ്ങളുടെ സഹതാപ വാക്കുകളും അവർക്കാവശ്യമില്ല. കരുണയോടെയുള്ള ഒരു തലോടലാണ്. ആർദ്രതയോടെയുള്ള ഒരു നോട്ടമാണ്.ഞാൻ നിന്റെ കൂടെ ഉണ്ട് (I AM WITH YOU) എന്ന ഒരുവാക്കാണ്.  അതിനു നമുക്ക് സാധിക്കുമോ?. ഒരു ചോദ്യചിഹ്നമാണ്.അവരുടെ നിശബ്ദമായ തേങ്ങലുകൾ കേൾക്കാൻ കഴിയുമോ..... സാന്ത്വനത്തിന്റെ കരസ്പർശം നല്കാൻ കഴിയുമോ......

മനുഷ്യാ, താണ്ടാൻ ഒരുപാടു ദൂരമുണ്ടിനിയും. താണ്ടിയ ദൂരമൊന്നും ഒന്നുമല്ലെന്ന് മനസ്സിലാക്കിത്തരുന്ന അനുഭവങ്ങൾ നിന്റെ കൺമുന്നിൽ ഉണ്ട്.സമ്പത്തിന്റെ സുഖലോലുപതയിൽ അഭിരമിക്കുമ്പോഴും,കോൺക്രീറ്റ് കെട്ടിടങ്ങളുടെ നടുവിൽ ജീവിതം തള്ളിനീക്കുമ്പോഴും മനുഷ്യന്റെ നിസ്സഹായ അവസ്ഥയെ കാണാതിരിക്കാൻ എങ്ങിനെ കഴിയുന്നു നമുക്ക്.

  15 ദിവസത്തെ ആശുപത്രി വാസത്തിനിടയിൽ പരിചയപ്പെട്ട മറക്കാൻ പറ്റാത്ത കുറച്ചു മുഖങ്ങൾ ഉണ്ട്. പുളിമ്പറമ്പ് കാരിയായ ലക്ഷ്മി, ഇരിട്ടികാരിയായ സരോജിനി അടുത്തടുത്ത റൂമുകളിൽ താമസിച്ചവരാണ്.
മുട്ട് വേദനയായിരുന്നു അവരുടെ പ്രശ്നം. ലക്ഷ്മി ഇടക്കിടെ ഭാര്യയെ വിളിച്ചു സുഖവിവരങ്ങൾ അന്വേഷിക്കാറുണ്ട്. മുബീന, ദീപക്, നിമിഷ,ഗായത്രി, മാനസി, നയന തുടങ്ങിയ മകനെ ചികിൽസിച്ച ഒരുപറ്റം മാലാഖമാരുമുണ്ട് മറക്കാൻപറ്റാത്തവരുടെ കൂട്ടത്തിൽ.








Tuesday, January 12, 2016

നന്മയുടെ പൂക്കൾ

       നെടുംബാശേരി എയര്‍പോര്‍ട്ടില്‍ നിന്നും നാട്ടിലേക്കുള്ള യാത്ര. കെ
എസ് ആര്‍ ടി സി യുടെ ശീതീകരിച്ച ബസ്സിലാണ് യാത്ര ചെയ്യുന്നത്.കയ്യിലിരിക്കുന്ന മൊബൈലിലേക്ക് നോക്കി, സമയം 8:30. ഇനിയും മണിക്കൂറുകൾ ഉണ്ട് നാട്ടിലെത്താൻ.പതിവില്ലാതെ വിരുന്ന് വന്ന  തലവേദന കാരണം പിറകിലാക്കിപ്പോകുന്ന നഗരക്കാഴ്ച്ചകൾ ആസ്വദിക്കാനുള്ള മൂടിലയിരുന്നില്ല ഞാൻ.ഒന്ന് മയങ്ങണമെന്നുണ്ട്. ഉറക്കം എവിടെയോ പോയി ഒളിച്ചത് പോലെ.ഇടക്ക് കണ്ടക്ടർ വന്നു.എനിക്കും,ലഗേജിനും വിലയിട്ടു.
     ഏകദേശം സമയം രാത്രി പത്തിനോട് അടുത്ത് കാണും ബസ്സ്‌ തൃശൂര്‍ ബസ്സ്‌ സ്റ്റാന്‍ഡിലെത്താന്‍. അവിടെ നിന്നും ഒരു യുവാവ്  കയറി.ഒരു ഇരുപത്തഞ്ചിനോട്‌ അടുത്ത് കാണും പ്രായം. അയാള്‍ എന്‍റെ അടുത്തുവന്നു ഇരുന്നു. ഞാന്‍ അടിമുടി ഒന്ന് നോക്കി. അടുത്തിരിക്കുന്നവരോട്  പരിചയപ്പെടൽ എന്‍റെ "ദുസ്വഭാവം" ആയത് കൊണ്ട്  ചോദിച്ചു:

  എവിടേക്കാ ?
"അടുത്ത്തന്നെ" അവൻ ഒരു സ്ഥലത്തിന്‍റെ പേര് പറഞ്ഞു.ഞാൻ ഓർക്കുന്നില്ല.
" പേര്"?
"വിപിൻ"
"എന്താ ജോലി"
"കോണ്ട്രാക്ടിംഗ് വർക്ക്."
"ഉസ്താദ്‌ എവിടേക്കാ"ഉസ്താദോ, ഞാൻ ഒരു നിമിഷം സ്തബ്ധനായി. ഒരമുസ്ലിം ഉസ്താദ് എന്ന് അഭിസംബോധനം ചെയ്ത സന്തോഷത്തോടെ ഞാൻ പറഞ്ഞു,
"കണ്ണൂർ, ഷാർജയിൽ നിന്നും വരുന്നു."
പിന്നെ അയാൾ വാചാലനായി.വീട്ടിന്‍റെ അടുത്തുള്ള മദ്രസയെ കുറിച്ചും,അവന്‍റെ മുസ്ലിങ്ങളായ സുഹൃത്തുക്കളെ കുറിച്ചും,അവരുടെ ഇടയിലുള്ള സൗഹാർദത്തെ കുറിച്ചും. ഒരു കൊച്ചു കുട്ടിയെ പോലെ ഞാൻ അതെല്ലാം കേട്ടുനിന്നു.പെട്ടന്ന് എന്‍റെ ചിന്ത പോയത് നാട്ടിലേക്കായിരുന്നു.മതസൗഹാർദ്ദത്തിന്‍റെ  മാതൃകകൾ ഉള്ള, പ്രകൃതി രമണീയമായ കയ്യം എന്ന ഗ്രാമത്തിലേക്ക്.........

സംസാരം പതിയെ രാഷ്ട്രീയത്തിലേക്ക് കടന്നു.
"എല്ലാവരും അഴിമതിക്കാരാണ്,ആരും ജനങ്ങൾക്ക്‌ വേണ്ടി ഭരിക്കുന്നില്ല" അദ്ദേഹം ആത്മരോഷം കൊണ്ടു.
"ബാർകോഴയിൽ മാണി കോടികൾ മുക്കിയില്ലേ".....ഞാൻ അയാളുടെ രാഷ്ട്രീയ മനസ്സിനെ കുത്തിയിളക്കാൻ നോക്കി.
"ലാവ് ലിനിൽ പിണറായിയും കുറച്ചൊക്കെ എടുത്തിട്ടുണ്ട്."
"അതെ" ഞാൻ സമ്മതിച്ചു കൊടുത്തു.
"എന്‍റെ അച്ഛൻ ഒരു കമ്യൂണിസ്റ്റ് കാരനായിരുന്നു.ഞാനും, ഇപ്പോൾ ജോലി സംബന്ധമായി പ്രവർത്തനങ്ങളിൽ നിന്ന് വിട്ടു നിൽക്കുന്നു എന്ന് മാത്രം."
അപ്പോഴേക്കും അദ്ദേഹത്തിനു ഇറങ്ങേണ്ട സ്ഥലം എത്തിയിരുന്നു.
വീണ്ടും കാണാം എന്ന ഉപചാര വാക്കുകളോട് കൂടെ, പരസ്പരം കയ്യും കൊടുത്തു ഞങ്ങൾ പിരിഞ്ഞു.
ഞാൻ ചിന്തിക്കുകയായിരുന്നു നമ്മുടെ ഇടയിലുള്ള  മതസൗഹാർദ്ദം  എത്രമാത്രം ഊഷ്മളമാണെന്ന്.
കേരളത്തിന്‍റെ മതസൗഹാർദ്ദ മനസ്സിനെ ഒരാൾക്കും തകർക്കാൻ കഴിയില്ലെന്ന ആത്മ വിശ്വാസത്തോടെ മെല്ലെ നിദ്രയിലേക്ക്......
========================================================================.................................................................................................................................................................

ഉപ്പാ, ഞാൻ നാളെ ജേനേച്ചിയുടെ വീട്ടിൽ സദ്യ ഉണ്ണാൻ പോകും. എല്ലാ ഓണക്കാലത്തും മകൻ എന്നോട് ചോദിക്കുന്ന ചോദ്യമാണ്.

നാരേട്ടനും,ജേനേച്ചിയും എന്‍റെ ഭാര്യ വീട്ടുകാരുടെ അയൽ വാസി ദമ്പതികൾ. അവർക്ക് രണ്ടു പെണ്‍ മക്കൾ ജിഷ്ണയും,ജിൻഷയും. 
ചെറുപ്പത്തിലെ പിതാവ് നഷ്ടപ്പെട്ട അഞ്ചു പെണ്ണും,ഒരാണും അടങ്ങുന്ന എന്‍റെ ഭാര്യാകുടുംബത്തിന്     ഒരാണുണ്ടെന്ന സുരക്ഷിതത്വ ബോധം നൽകിയത് ഇവരായിരുന്നു.
നോമ്പും,പെരുന്നാളും വന്നാൽ ഞങ്ങൾ ഉണ്ടാക്കുന്ന ഭക്ഷണം അവർക്കും,ഓണം,വിഷു പോലോത്ത ആഘോഷങ്ങൾ വന്നാൽ അവർ ഉണ്ടാക്കുന്ന ഭക്ഷണം ഇങ്ങോട്ടും തന്ന് ഒരു കൈമാറ്റ പ്രക്രിയ എല്ലാവർഷവും നടക്കുന്നു.അത് വെറും വസ്തുക്കൾ തമ്മിലുള്ള കൈമാറ്റം മാത്രമായിരുന്നില്ല,ഹൃദയങ്ങൾ തമ്മിലുള്ള കൈമാറ്റവും കൂടിയായിരുന്നു.ഓണം വന്നാൽ ഞങ്ങളുടെ ചുറ്റുഭാഗത്തുള്ള വീടുകളിലെ കുട്ടികൾ എല്ലാം അവിടെ ഒരുമിച്ചു കൂടും.അവർ ഉണ്ടാക്കി വെച്ച സദ്യ ഉണ്ണാൻ.
"രാത്രിയിൽ എന്തെങ്കിലും സംഭവിച്ചാൽ അപ്പുറം നാരേട്ടൻ ഉണ്ടല്ലോ" എന്ന സുരക്ഷിതത്വത്തിന്‍റെ വാക്ക് ഒരുപാടു തവണ കേട്ടിട്ടുണ്ട് ഞാൻ.
      മണ്ണിനോട് മല്ലടിച്ചാണ് അവരുടെ ജീവിതം.  കൃഷി ചെയ്തു ജീവിതം മുന്നോട്ടു നയിക്കുന്നു. അത്കൊണ്ടയിരിക്കാം ഇത്ര മനുഷ്യത്വപരമായിട്ട് പെരുമാറാൻ കഴിയുന്നത്. മണ്ണിനു മനുഷ്യന്‍റെ മണമാണെന്ന് എവിടെയോ വായിച്ചതോർക്കുന്നു. ശരിയാണ് നമ്മെ സൃഷ്ടിച്ചത് മണ്ണിൽ നിന്നാണല്ലോ.
    ലൌ ജിഹാദെന്ന ബോംബ്‌ പൊട്ടിയപ്പോഴും, ഗോ മാംസം സൂക്ഷിച്ചു എന്ന് പറഞ്ഞു ഒരാളെ അടിച്ചു കൊന്നപ്പോഴും ഞങ്ങളുടെ ഗ്രാമീണ മനസ്സിന് ഒരു  കുലുക്കവുമില്ലാതെ,ഒരു ചുക്കും സംഭവിക്കാതെ നില നിന്നു എന്നത് ഞങ്ങൾക്കിടയിലുള്ള ബന്ധത്തിന്‍റെ ആഴത്തെ സൂചിപ്പിക്കുന്നു.മനുഷ്യർ തീർക്കുന്ന മതത്തിന്‍റെ മതി ൽക്കെട്ടുകൾക്കപ്പുറം മനുഷ്യത്വത്തിന്‍റെ ഉദാത്തമായ ഉദാഹരണങ്ങൾ ജീവിതത്തിലൂടെ നമുക്ക് മുമ്പിൽ തുറന്നു വെച്ചിരിക്കുന്നു അവർ.
   ഇപ്പോഴും അവർ തന്‍റെ പശുവുമായി റോഡിലൂടെ പോകുമ്പോൾ എന്‍റെ മകനും,മകളും "നാരേട്ടാ" എന്ന് വിളിച്ചു കൈകൊണ്ട് റ്റാറ്റ പറയും. അതിനു മറുപടിയായി അയാളുടെ നിഷ്കളങ്കമായ ചിരിക്ക് വല്ലാത്ത ആകർഷണീയത തോന്നും.
ഈ നന്മകൾ എന്നും കെടാ വിളക്കായി ഉള്ള കാലത്തോളം കേരളത്തിന്‍റെ മതസൗഹാർദ്ദ മനസ്സിനെ മുറിവേൽപ്പിക്കാൻ ഒരാൾക്കും കഴിയില്ല.
നാരേട്ടൻ :  നാരായണൻ
ജേനേച്ചി  :      രജനി                   





Monday, December 21, 2015

യാത്ര

യാത്ര എനിക്കെന്നും ആവേശമാണ്.പക്ഷികളുടെ ചില്‍,ചില്‍ ശബ്ദങ്ങളും,പ്രകൃതിയുടെ                    സുന്ദരമായ നിമിഷങ്ങളും ആസ്വദിച്ചുകൊണ്ട്. ബസ്സിന്റെ സൈഡ് സീറ്റിനോടായിരുന്നു എപ്പോഴും എനിക്ക് താല്പര്യം.ട്രെയിനിലും തഥൈവ.പലരും ചോദിച്ചിട്ടുണ്ട് സൈഡ് സീറ്റിനോട് എന്താണ് ഇത്ര താല്പര്യമെന്ന്.അവരറിയുന്നില്ലല്ലോ എന്‍റെ ഏകാന്തതയുടെ കൂട്ടുകാരന്‍ ഓടിപ്പോകുന്ന മരങ്ങളും,പുഴകളും, ആകാശം മുട്ടെ ഉയര്‍ന്നു നില്‍ക്കുന്ന മലകളും,കുന്നുകളുമാണെന്ന്. നിളയോടും,കുന്തിപ്പുഴയോടും കിന്നാരം പറഞ്ഞു പോയിട്ടുണ്ട് ഞാന്‍.  ചിലയാത്രകള്‍ നമ്മുടെ മനസ്സുകളില്‍ മായാതെ നില്‍ക്കും. ചിലത് മറക്കാന്‍ ശ്രമിക്കും.ഓരോയാത്രയും  ഒരുപാടു അനുഭവങ്ങളുടെ കൂമ്പാരങ്ങള്‍ നമുക്ക്തരുന്നു 
എന്‍റെ ഏറ്റവും ആസ്വാദകരമായ യാത്ര കുടക് ജില്ലയിലെ എരുമാട് എന്ന പ്രദേശത്തേക്കുള്ള            യാത്രയായിരുന്നു. ഇരിട്ടിയില്‍നിന്നും ഇരുപതോളം കിലോമീറ്റര്‍ ചുരം കയറി പ്രകൃതിയുടെ എല്ലാ സൗന്ദര്യവും ആസ്വദിച്ചു കൊണ്ടായിരിക്കും യാത്ര. ഇടതൂര്‍ന്ന് നില്‍ക്കുന്ന മരങ്ങളും,വിശാലമായ വനങ്ങളും,ഇടയ്ക്കിടെ കാണുന്ന കുരങ്ങന്‍മാരും, വളഞ്ഞു , പുളഞ്ഞു പോകുന്ന റോഡുകളും,അതിനെല്ലാം ഉപരിയായി ഏതു വേനല്‍കാലത്തും കിട്ടുന്ന തണുത്ത കാലാവസ്ഥയും യാത്രയെ ആസ്വാദകരമാക്കും എന്നതില്‍ സംശയമില്ല. ഒരു വര്‍ഷത്തില്‍ ഒരുപാട് തവണ ഇതിലൂടെ യാത്ര ചെയ്തിട്ടുണ്ട്. പോകുന്ന വഴിയില്‍ വിജനമായ ചില സ്ഥലങ്ങളില്‍കാണുന്ന ചെറിയ,ചെറിയ കുടിലുകള്‍ ചിന്തയെ ചെറുപ്പ കാലത്തിലേക്ക് കൂട്ടിക്കൊണ്ടു പോകും.മഴക്കാലമായാല്‍ യാത്രദുഷ്ക്കരമാകും. റോഡിലേക്ക് ചാഞ്ഞുനില്‍ക്കുന്ന മരങ്ങള്‍  ചിലപ്പോള്‍ വീണാല്‍ ഗതാഗത തടസ്സം ഉണ്ടാവും.
സുന്ദരമായ പ്രകൃതിയിലൂടെ അതിനേക്കാള്‍ സുന്ദരമായ നാട്ടിലേക്കുള്ള പ്രയാണം അതായിരുന്നു എനിക്ക് ഈ വഴിയിലൂടെയുള്ള ഓരോ യാത്രയും. ഓരോ യാത്രയും നമുക്ക് ഓരോ പാഠങ്ങളാണു  നല്‍കുന്നത്. എരുമാട്ടേക്കുള്ള ആദ്യ യാത്ര ഞാനിന്നും ഓര്‍ക്കുന്നു.ഒരു സന്ധ്യാസമയത്താണ് അവിടെ എത്തുന്നത്‌, മദ്രസാ  അധ്യാപകനായി.വലിയ പള്ളി, ആയിരത്തോളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന മൂന്നുനിലയുള്ള മദ്രസ,ഒരു യതീംഖാന എന്നിവ സ്തിഥി ചെയ്യുന്നു. ഇവരുടെ പ്രധാന വരുമാന മാര്‍ഗ്ഗം കാപ്പിത്തോട്ടമാണ്.എല്ലാവര്‍ക്കും കുറച്ചെങ്കിലും കാപ്പിത്തോട്ടമുണ്ടാകും.ചെറുപ്പത്തില്‍ എപ്പോഴോ കണ്ട കാപ്പിമരം ശരിക്ക് കാണുന്നത് ഇവിടെ നിന്നാണ്. ഓരോ ചെറിയ വീടും അതിനു ചുറ്റും തോട്ടവും ഇല്ലാത്ത വീട് വളരെ കുറവാണ്. ഓരോ വിളവെടുപ്പ് കാലം കഴിഞ്ഞാലും മരത്തിന്‍റെ ചില്ലകള്‍ മുറിച്ചു കളയുന്ന പരിപാടിയുണ്ട്. മരം കൂടുതല്‍ വലുതാവതിരിക്കാന്‍ വേണ്ടിയാണു ഇങ്ങിനെ ചെയ്യുന്നത്. വലുതായാല്‍ അടുത്ത വിളവെടുപ്പ് കാലമാകുമ്പോഴേക്കും കായകള്‍ കൈ എത്തിപ്പറിക്കാന്‍ കഴിയില്ല.മരത്തില്‍ കയറി പറിക്കാനാണെങ്കില്‍ അതിനുള്ള ശക്തിയും മരത്തിനുണ്ടാവില്ല.
  ഓരോ യാത്രക്കും നല്ലവണ്ണം ഒരുങ്ങണം.നമ്മള്‍ ഇപ്പോഴും യാത്രയിലാണ്.ഇനി ഒരു വലിയ യാത്ര പോകേണ്ടവരാണ് നമ്മള്‍.അതിനു കാലവും,നേരവുമില്ല.രാത്രിയെന്നോ,പകലെന്നോ ഇല്ല എപ്പോഴും പോകാം. എന്നെന്നേക്കുമുള്ള യാത്ര.അതിനുള്ള ഒരുക്കങ്ങള്‍ നടത്തണ്ടേ?.മ

Wednesday, December 16, 2015

യുവജനോത്സവം

                    1994, അന്ന് ഞാന്‍ സ്കൂളില്‍ എട്ടാം ക്ലാസ്സില്‍ പഠിക്കുന്നു.
      വേദി ഉണരാന്‍ ദിവസങ്ങള്‍ മാത്രമേ ബാക്കി ഉള്ളൂ. എല്ലാവരും തീവ്രമായ പരിശീലനത്തില്‍ ഏര്‍പെട്ടിരിക്കുന്നു.നാലു ഗ്രൂപ്പുകളിലായിട്ടാണ് മത്സരങ്ങള്‍ നടക്കുന്നത്.റെഡ്, ഗ്രീന്‍, ബ്ലു,  എല്ലോ. സ്കൂള്‍ യുവജനോത്സവത്തിന്റെ കാര്യമാണ് പറഞ്ഞു വരുന്നത്.മാപ്പിളപ്പാട്ടും, ഒപ്പനയും, കോല്‍ക്കളിയും മറ്റും സദസ്സിനെ വിരുന്നൂട്ടും എന്നതില്‍ സംശയമില്ല. അങ്ങിനെ ആദിവസമെത്തി.മാപ്പിളപ്പാട്ടിന്റെ ആരവത്തോടെ വേദി ഉണര്‍ന്നു.ഉസ്മാന്‍ തലക്കി അവതരിപ്പിച്ച ബദര്‍ കിസ്സപ്പാട്ട് ഇന്നും മനസ്സില്‍ നിറഞ്ഞു നില്കുന്നു."അടുത്തതായി വേദിയില്‍ നടക്കാന്‍ പോകുന്നത് ആണ്‍കുട്ടികളുടെ ഒപ്പന മത്സരമാണ്‌" വേദിയില്‍നിന്നും അനൌണ്സ് മുഴങ്ങി.മത്സരാര്‍ഥികള്‍ എല്ലാവരും ഗ്രീന്‍ റൂമില്‍ എത്തി.അപ്പോഴാണ് ശ്രദ്ധയില്‍ പെട്ടത്,നമ്മുടെ ക്ലാസ്സിലെ മത്സരാര്‍ഥികള്‍ എല്ലാവരും എത്തി പക്ഷെ പുതിയാപ്പിള ആകേണ്ട ആള്‍ ഇല്ല.കുറേ തിരഞ്ഞു പക്ഷെ കണ്ടില്ല. ഫോണ്‍ വിളിക്കാനാണെങ്കില്‍  ആ കാലത്ത്‌ മൊബൈലും ഇല്ലല്ലോ. അപ്പോഴാണ് നമ്മുടെ ലീഡര്‍ അസ്സു (അഷ്‌റഫ്‌) എന്നെ കാണുന്നത്.അഞ്ചു രൂപ കീശയില്‍ തിരുകിക്കയറ്റിയിട്ട് എന്നോട് പറഞ്ഞു. ചതിക്കരുത്, ദയവു ചെയ്തു ആ കസേരയില്‍ ഒന്ന് ഇരുന്നു തരണം.( അന്ന് അത്യാവശ്യം സാമ്പത്തിക ശേഷിയുള്ള വിഭാഗത്തിലായിരുന്നു അസ്സു)
പിടക്കുന്ന മനസ്സോട് കൂടെയും, വിറയ്ക്കുന്ന കാലുകളോടു കൂടെയും വേദിയില്‍ കയറി. പരിപാടി ഭംഗിയായി അവസാനിക്കുകയും ചെയ്തു. പിറ്റേന്നു സ്കൂളില്‍ പോയപ്പോള്‍ ചില പെണ്‍കുട്ടികള്‍ തമാശയാക്കി എങ്കിലും  എന്‍റെ സ്വതസിദ്ധമായ, നിഷ്കളങ്കമായ ചിരിയില്‍  മറുപടി ഒതുക്കി.    

അബ്ദുല്‍ റഹ്മാന്‍ 2

    അങ്ങിനെ 22/03/2009 ഞായറാഴ്ച്ച നടക്കുന്ന അവന്‍റെ കല്യാണത്തിന് ഞാന്‍ ക്ഷണിക്കപ്പെട്ടു.
രാവിലെ 6-30 ന് തളിപ്പറമ്പില്‍ നിന്നും മംഗലാപുരം ബസ്സില്‍ കയറി.അവിടെ നിന്നും ഉപ്പിനങ്ങാടി ബസ്സില്‍ കയറി ബി സി റോഡ്‌ ഇറങ്ങി. അവിടെ നിന്നും കള്ളടുക്കയിലുള്ള അവന്‍റെ വീട്ടില്‍ എത്തുമ്പോള്‍ ഏകദേശം ഉച്ചയായിരുന്നു. ഭക്ഷണവും കഴിച്ച് അവന്‍റെ ഭാര്യ വീടായ ഉള്ളാള്‍ മുക്കച്ചേരിയിലും പോയി 5 മണിക്കുള്ള ട്രെയിനില്‍ കയറി നാട്ടില്‍ എത്തുമ്പോള്‍ ഏകദേശം രാത്രി പത്തുമണിയായിരുന്നു.
 ഇങ്ങിനെ എത്ര,എത്ര സുഹൃത്തുക്കള്‍.ഒരിക്കലും പിരിയരുതെന്നു സ്വപ്നം കണ്ടവര്‍,മറക്കാന്‍ കഴിയാത്തവര്‍, ഓര്‍ക്കുംതോറും ഓര്‍മ്മയിലേക്ക് തികട്ടി വരുന്നവര്‍.മഞ്ഞനാടിയുടെ സുന്ദരമായ സായാഹ്നങ്ങളെ സജീവമാക്കിയവര്‍,ഭക്ഷണ ശേഷം പറയാതെയും,ചോദിക്കാതെയും വെള്ളം കൊണ്ടുത്തരുന്ന കുദ്ധൂസ് എന്ന അഞ്ചാം ക്ലാസ്സുകാരന്‍,കളിക്കളത്തില്‍ പോലും എന്‍റെ കയ്യും പിടിച്ച് നില്‍ക്കുന്ന സലീത് എന്ന മൂന്നാം ക്ലാസ്സുകാരന്‍.അവരൊക്കെ എവിടെപ്പോയി അറിയില്ല. പക്ഷെ പത്തുവര്‍ഷത്തിനിപ്പുറവും ഞാനോര്‍ക്കുന്നു അവരെയൊക്കെ.എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ.
 രഹമാനിന്റെ കല്യാണത്തിനാണെന്ന് തോന്നുന്നു യാദൃശ്ചികമായി കുദ്ധൂസിനെ കണ്ടു. ഒരുപാടു സംസാരിച്ചു.ഫോണ്‍ നമ്പര്‍ പരസ്പരം കൈമാറി,അറ്റുപോയ ബന്ധം വീണ്ടും കൂട്ടിചേര്‍ക്കാന്‍.പിന്നെടെപ്പോഴോ ആ ഫോണ്‍ നമ്പര്‍ കൈമോശം വന്നപ്പോള്‍ ബന്ധവും അവിടെ അവസാനിച്ചു.ഒരു മൊബൈല്‍ ഫോണില്‍ തുടങ്ങുകയും, അവസാനിക്കുകയും ചെയ്യുന്ന  നമ്മുടെ ബന്ധങ്ങള്‍ ബന്ധനങ്ങള്‍ ആയിക്കൊണ്ടിരിക്കുകയാണ്.
 വൈകുന്നേരങ്ങളില്‍ ഉള്ള ക്രിക്കറ്റ് കളി ഒരു രസമായിരുന്നു. രാവിലെ മുതല്‍ വൈകുന്നേരം വരെ പഠനത്തില്‍ മുഴുകിയ നമുക്ക് ഒരു ഉല്ലാസമായിരുന്നു കളി. ഒന്നോ രണ്ടോ പേര്‍ ഒഴിച്ച് ബാക്കി എല്ലാവരും കളിക്കാന്‍ വരും.പക്ഷെ ഉസ്താദിനു തീരെ ഇഷ്ടമില്ലാത്ത കളിയായിരുന്നു ക്രിക്കറ്റ്. ഒന്നുകൊണ്ടും അല്ല, കളികൊണ്ട് പ്രധാനമായും ലക്‌ഷ്യം വെക്കുന്നത് വ്യായാമമാണ്.ഈ കളിയില്‍ എല്ലാവര്‍ക്കും അത് കിട്ടിക്കൊള്ളണമെന്നില്ല.നേരെ മറിച്ച് ഫുട്ട്ബോളോ,വോളിബോളോ ആയിരുന്നെങ്കില്‍ എല്ലാവര്‍ക്കും  ഓടാനും ചാടാനുമുള്ള അവസരം ലഭിക്കുകയും ചെയ്യും.ഉസ്താദ് അത് തുറന്നു പറയുകയും ചെയ്തു. അതിനു ശേഷം വോളിബോള്‍ തുടങ്ങി പക്ഷെ വെറും രണ്ടാഴ്ച്ചത്തെ ആയുസ്സ് മാത്രമേ അതിന് ഉണ്ടായിരുന്നുള്ളൂ. വീണ്ടും പഴയ കളിയിലേക്ക് തന്നെ മടങ്ങി.
     കളിക്കുമ്പോള്‍ വീണു കൈ പൊട്ടിയത്, കാന്റീന്‍ ജീവനക്കാരുമായുള്ള സൌഹൃദം,വ്യാഴാഴ്ച്ച രാവുകളിലെ ഊരു ചുറ്റല്‍ എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ മനസ്സിന്‍റെ കണ്ണാടിയിലേക്ക് ഓടി വരുന്നു. നഷ്ടപെട്ട പോയ പഠന കാലം തിരിച്ചു തിരിച്ചു വരാന്‍ കൊതിക്കാത്തവര്‍ ആരുണ്ട് അല്ലെ..............
    

Tuesday, December 15, 2015

നബിദിനം

  വിശ്വാസികളുടെ മനതാരില്‍ കുളിര്‍മഴ പെയ്യിച്ച് വീണ്ടുമൊരു റബീഉല്‍അവ്വല്‍ കൂടി കടന്നുവന്നു.മണ്ണിലും, വിണ്ണിലും പ്രവാചകന്റെ മദ്ഹ് ഗീതങ്ങള്‍ അലയൊലിക്കുന്നു. കൊച്ചു കുട്ടികള്‍ മുതല്‍ വൃദ്ധന്‍മാര്‍ വരെയുള്ള ആബാലവൃദ്ധം  ജനങളുടെ ചുണ്ടില്‍ നിന്നും മൌലിദിന്റെയും, സ്നേഹത്തിന്റെയും ശീലുകള്‍ തത്തിക്കളിക്കുന്ന വസന്ത കാലം.വിശേഷിപ്പിക്കുവാന്‍ വാക്കുകള്‍ ഇല്ല.ഓരോ റബീഉല്‍ അവ്വല്‍ വരുമ്പോഴും പഴയകാല ഓര്‍മ്മപ്പുസ്തകം വായിക്കാന്‍ വല്ലാത്ത രസമാണ്. റബീഉല്‍അവ്വല്‍ ഒന്ന് മുതല്‍ പള്ളികളില്‍നിന്നും,വീടുകളില്‍നിന്നും മൌലിദിന്റെ ആരവങ്ങള്‍ ഉയരും.നാലാംക്ലാസ് മുതലാണ് എന്‍റെ മൌലിദ് ഓര്‍മ്മ തുടങ്ങുന്നത്. മദ്റസയില്‍ നിന്നും ഉബൈദ് ഉസ്താദും, മറ്റു ഉസ്താദുമാരും ഈണത്തില്‍ ചൊല്ലിത്തരുന്ന ബൈത്തുകള്‍ ഞങ്ങള്‍ കുട്ടികള്‍ ഉച്ചത്തില്‍ ചൊല്ലുമായിരുന്നു.അന്ന് മുതലാണ് മൌലിദിന്റെ ജവാബ് പഠിച്ചു തുടങ്ങുന്നത്.മുത്ത്‌ റസൂല്‍ ജനിച്ച പന്ത്രണ്ട് ആവുമ്പോഴേക്കും ഞങ്ങളുടെ സന്തോഷം ഇരട്ടിയാകും.മദ്റസയും, വഴിയോരങ്ങളും വര്‍ണ്ണക്കടലാസുകള്‍ കൊണ്ട് അലങ്കരിക്കാന്‍ മത്സരമാണ്‌. ഓരോ ക്ലാസ്സുകാരും അവരവരുടെ ക്ലാസ്സുകള്‍ മത്സര ബുദ്ധിയോടെ അലങ്കരിക്കും.വര്‍ണ്ണക്കടലാസ് ഒട്ടിക്കാന്‍ ഉപയോഗിക്കുന്ന മൈദപ്പശ കയ്യില്‍ ഒട്ടിയാല്‍ കഴുകിക്കളയാന്‍ നല്ല വിഷമമാണ്. രാവിലെ നടക്കുന്ന ഘോഷയാത്രയില്‍ അമ്പതു പൈസയുടെ ഒരു സഞ്ചിയുമായിട്ടായിരിക്കും പങ്കെടുക്കല്‍. കാരണം വഴിയോരങ്ങളില്‍ നിന്നും കിട്ടുന്ന മധുരപ്പലഹാരങ്ങള്‍ അതില്‍ നിക്ഷേപിക്കും. പിന്നീട് കഴിക്കാന്‍, വീട്ടില്‍ കൊണ്ടുപോകാനല്ല, കാരണം അന്നും ഞാന്‍ ഒരു പ്രവസിയായിരുന്നു ഇന്നത്തെ പ്പോലെ.പ്രപഞ്ചം മുഴുവനും മുത്തുനബിയുടെ ജനനത്തില്‍ സന്തോഷിക്കും പോലെ.
 അന്നുരാത്രി നടക്കുന്ന കുട്ടികളുടെ പരിപാടിയില്‍ രണ്ടു ഗ്രൂപ്പുകളിലായിട്ടാണ് മത്സരങ്ങള്‍ നടക്കുക, സ്വലാഹ്,ഫലാഹ്.ഉസ്മാന്‍ തലക്കിയും(ഇപ്പോള്‍ സകാഫിയാണ്) ഹനീഫ് പടുപ്പും(SSF കാസര്‍ഗോഡ്‌ ജില്ലാ കമ്മിറ്റി അംഗമായിരുന്നു) അവതരിപ്പിക്കുന്ന കഥാപ്രസംഗമായിരുന്നു പ്രധാന പരിപാടി. സഅദ് (റ) വും, ഖൈബര്‍ യുദ്ദ വുമായിരുന്നു കഥാവിഷയങ്ങള്‍. ഒന്ന് മുതല്‍ എട്ടു വരെയുള്ള മദ്റസാകാലയളവില്‍ ഒരു പ്രാവശ്യം മാത്രമേ സ്റ്റേജില്‍ കയറി പരിപാടി അവതരിപ്പിച്ചിട്ടുള്ളൂ.
         ഇപ്പോള്‍ കാലം മറി. ആഘോഷ പരിപാടികള്‍ മുമ്പത്തേക്കാള്‍ ഉഷാറായി നടക്കുന്നു.നബിസ്നേഹ പ്രഭാഷണങ്ങളും,മൌലിദ് ജാഥകളും,മൊബൈല്‍ മൌലിദുകളും.
      ചില മുരടന്മാര്‍ ഉണ്ട് നമ്മുടെ നാടുകളില്‍, നബിദിനം എന്ന് കേള്‍ക്കുമ്പോഴേക്കും ഓടി ഒളിക്കുന്നവര്‍. അവര്‍ക്ക് സ്നേഹമോ ,പ്രേമമോ,ഇഷ്കോ ഒന്നും അറിയില്ല.സ്നേഹമുള്ള മനസ്സില്‍നിന്ന് മാത്രമേ കഥയും,കവിതയും വിരിയുകയുള്ളൂ.അതില്ലാത്ത ഇവരെ കുറിച്ച് എന്ത് പറയാന്‍...........




Sunday, December 13, 2015

അബ്ദുല്‍ റഹ്മാന്‍

22/03/2009 SUNDAY

    ഇന്നാണ് അബ്ദുല്‍ റഹ്മാന്റെ കല്യാണം,ഓര്‍മയില്ലേ അവനെ ചെറുപ്പത്തില്‍ തന്നെ പിതാവ് മരണപ്പെട്ടു മഞ്ഞനാടി അല്‍ മദീന യതീം ഖാനയുടെ അന്തേവസിയായി കഴിഞ്ഞവന്‍. ഓര്‍മ്മചെപ്പ് ഒരുപാടു പിന്നിലേക്ക്‌ പായുന്നു. ഒരു മഗ്രിബിന്റെ സമയത്താണ് ഞാന്‍ ഉസ്താദിന്റെ കൂടെ അല്‍ മദീനയുടെ പടികടന്നു ചെല്ലുന്നത്. ദര്‍സ് പഠിക്കാന്‍,മത വിദ്യ നുകരാന്‍.ദര്‍സില്‍ രണ്ടു ഉസ്താദുമാര്‍(അബ്ദുല്‍ കാദര്‍ സകാഫി മുതുകുട, അബ്ദുള്ള ആഹ്സനി) മുപ്പതോളം വിദ്യാര്‍ഥികള്‍. കാലാവസ്ഥ വലിയ പ്രശ്നം ഉണ്ടാക്കിയില്ല എങ്കിലും ഭക്ഷണം ഒരു പ്രശ്നം തന്നെയായിരുന്നു.തേങ്ങയരക്കാത്ത വെറും മുളക്പൊടി കലക്കിയ കറി കാണുമ്പോള്‍ തന്നെ ഓക്കാനം വരുമായിരുന്നു.ആകെ ഒരു സമാധാനം ചൊവ്വാഴ്ച രാത്രികളില്‍ ഉണ്ടാകുന്ന ചപ്പാത്തിയും,മുട്ടയും ആയിരുന്നു.എങ്കിലും രണ്ടു വര്‍ഷക്കാലം ഞാന്‍ അവിടെ താമസിച്ചു പഠിച്ചു.
 രണ്ടാം വര്‍ഷത്തിന്റെ ഒരു വെക്കേഷന്‍ സമയത്താണ് അവന്‍ എന്‍റെ മനസ്സിലേക്ക് കടന്നു വരുന്നത്.ഒരു സൌഹൃദ സംഭാഷണം , ഒരു പരിചയപ്പെടല്‍ ഇത്രമാത്രം വലിയ ഒരുഅടുപ്പത്തിലേക്ക് നീങ്ങുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല.ഈ അടുപ്പം മെല്ലെ, മെല്ലെ വളര്‍ന്നു അവന്‍റെ കുടുംബത്തിലേക്കും എത്തി.ഉപ്പയുടെ സ്നേഹവും,ലാളനയും ലഭിച്ചിട്ടില്ലാത്ത അവന്‍ എന്നില്‍ ഒരു പിതാവിനെ കണ്ടോ ? അറിയില്ല! കൂടുതല്‍ സമയവും എന്‍റെ കൂടെ തന്നെ........
 മഞ്ഞനാടിയുടെ സായാഹ്നങ്ങളെ സന്തോഷഭാരിതമാക്കിയിരുന്ന ക്രിക്കറ്റ് കളി പോലും ഉപേക്ഷിച്ചു ചിലപ്പോള്‍ എന്‍റെ കൂടെ സുന്ദരമായ പ്രകൃതി ആസ്വദിക്കാന്‍ ഉണ്ടാകും.അതില്‍ മലയാള അക്ഷരമാല അങ്ങോട്ടും കന്നഡ അക്ഷരമാല ഇങ്ങോട്ടും പഠിപ്പിക്കും.അങ്ങിനെ സുഖ,ദുഃഖങ്ങള്‍ പങ്ക് വെച്ച്,ആരെയും കാത്തുനില്‍ക്കാതെ, ആരോടും ചോദിക്കാതെ ആവര്‍ഷം കടന്നുപോയി.
    ഇന്നാണ് റമളാന്‍ പ്രമാണിച്ച് ദര്‍സിന് ലീവ് കിട്ടുന്നത്.എല്ലാവരും സന്തോഷത്തില്‍. ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി ലീവ് കിട്ടേണ്ട താമസം നാട്ടിലേക്കു വണ്ടി കയറാനുള്ള ഒരുക്കത്തില്‍ നില്‍ക്കുന്നു.
മഞ്ഞനാടി ഉസ്താദിന്റെ പ്രതിവാര "ഇഹ്യാഉലൂമുദ്ധീന്‍" ദര്‍സ്പത്തു മണിക്ക്  ആരംഭിച്ചു.ളുഹര്‍ ബാങ്ക് വരെ അത് നീണ്ടു നിന്നു. നിസ്ക്കാര ശേഷം തല്കാലത്തേക്ക് ദര്‍സ്പൂട്ടി.ഉസ്താദുമാര്‍ പ്രസംഗിച്ചു, ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കി.ശേഷം വാര്‍ഷിക പരീക്ഷയില്‍ കൂടുതല്‍ മാര്‍ക്ക് നേടിയവര്‍ക്കുള്ള സമ്മാനദാനം നടന്നു.മഞ്ഞനാടി ഉസ്താദിന്റെ തിരു കരങ്ങളില്‍ നിന്നും സെകണ്ടിനുള്ള ക്യാഷ് അവാര്‍ഡും വാങ്ങി സന്തോഷത്തോടെ പള്ളിയില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ മനസ്സ് ദുഃഖ സാന്ദ്രമായിരുന്നു. അടുത്തുള്ളവരൊക്കെ ഉച്ച ഭക്ഷണം കഴിച്ചതിനു ശേഷം അവരവരുടെ നാട്ടിലേക്കു പോയി.ദൂരെയുള്ളവര്‍ പിറ്റേന്ന് രാവിലെ പോകാനുള്ള ഒരുക്കങ്ങള്‍ നടത്തി.അന്ന് വൈകുന്നേരം പതിവുപോലെ ക്രിക്കറ്റ് കളിയില്‍ ഏര്‍പ്പെട്ടു. മഗ്രിബും,ഇഷാഉം നിസ്കരിച്ചു ഭക്ഷണവും കഴിച്ച് പതിവ് പോലെ കിടന്നുറങ്ങി.
 പിറ്റേന്ന് ബുധനാഴ്ച, പതിവിലും നേരത്തെ ഉറക്കമുണര്‍ന്നു.നാട്ടില്‍ പോകേണ്ട സന്തോഷം മനസ്സ് മുഴുവനും നിറഞ്ഞിരുന്നു എങ്കിലും വിരഹ ദുഃഖം എവിടെയോ തങ്ങി നിന്നിരുന്നു.സുബ്ഹും നിസ്കരിച്ച് ചായയും കുടിച്ചു എല്ലാവരോടും യാത്ര പറഞ്ഞു.അബ്ദുല്‍ രഹ്മാനോട് യാത്ര പറയുമ്പോള്‍ മനസ്സ് വല്ലാതെ വേദനിച്ചു.ദുഃഖം തളം കെട്ടി നിന്ന ആ സംഗമത്തില്‍ പരസ്പരം ദുആ വസിയ്യത്ത് ചെയ്തു കൊണ്ട് പിരിഞ്ഞ് വരുമ്പോള്‍ അടക്കിപ്പിടിച്ച കരച്ചില്‍ നിയന്ത്രിക്കാന്‍ കഴിയാതെ പൊട്ടിക്കരഞ്ഞു പോയ്‌.അവസാനമായി സമ്മിശ്രമായ അനുഭവങ്ങള്‍ നല്‍കിയ മഞ്ഞനാടിയോട് യാത്ര പറഞ്ഞു വരുമ്പോള്‍ ഇനി തിരിച്ചു എപ്പോള്‍ എന്ന ചിന്ത മാത്രമായിരുന്നു മനസ്സില്‍.
   ഒരു ദിവസം ഞാന്‍ അവന്‍റെ വീട്ടില്‍ പോയി.ബി സി റോഡിനടുത്ത കള്ളടുക്കയില്‍. ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ കട്ടയുടെ വീട്.അവിടെ ഉമ്മയും രണ്ടു മക്കളും താമസിക്കുന്നു.ജേഷ്ടന്‍ കല്യാണം കഴിച്ചു കാഞ്ഞങ്ങാടും.തൊട്ടപ്പുറം പെങ്ങളുടെ വീട്, അതും കട്ടയുടെ വീട് തന്നെ.പക്ഷെ ഇതിനേക്കാള്‍ മെച്ചമാണ്,പഴക്കവും കുറവാണു.അവിടെ പെങ്ങളും അവരുടെ രണ്ടു മക്കളും താമസിക്കുന്നു.പെങ്ങളുടെ' ഭര്‍ത്താവു വര്‍ഷങ്ങള്‍ക്കു മുംബ് തന്നെ അവരെ ഒഴിവാക്കിയിരുന്നു.
അങ്ങിനെയിരിക്കെ ഒരു ദിവസം വൈകുന്നേരം അതും സംഭവിച്ചു.കരകാണാ സ്നേഹത്തിന്റെ ഉറവിടമായിരുന്ന അവന്‍റെ ഉമ്മ ഈ ലോകത്തോട്‌ വിട പറഞ്ഞു.ചെറുപ്പത്തിലെ ഉപ്പയും പിന്നെ ഉമ്മയും നഷ്ടപെട്ട ഒരു കുട്ടി എന്‍റെ മുമ്പില്‍ ചോദ്യചിഹ്നമായി നിന്നു ഇനി എന്ത് ചെയ്യും???.
 SSLC വരെ അവന്‍ അവിടെതന്നെ പഠനം തുടര്‍ന്നു.അതിനു ശേഷം മതവിദ്യ നുകരാന്‍ ദര്‍സിലേക്ക് പോയി എങ്കിലും പിറകോട്ടു നോക്കുമ്പോള്‍ തനിക്കു ബലമായി ആരുമില്ലെന്ന ചിന്ത ആ ഉദ്യമത്തില്‍നിന്നും അവനെ പിന്തിരിപ്പിച്ചു.അതിനു ശേഷം പഴയത്പോലെ ബന്ധം കുറഞ്ഞു. പിന്നീടെപ്പോഴോ കേട്ട് അവന്‍ ജോലിക്ക് പോവുകയാണെന്ന്.തനിക്ക് തുണയായി ആരുമില്ലെന്ന ചിന്തയായിരിക്കും ചെറു പ്രായത്തില്‍ തന്നെ കല്യാണ ചിന്തയിലേക്ക് അവനെ നയിച്ചത്.
                                                                                                                                    (തുടരും)

Saturday, December 12, 2015

സൈനാസ്

       അസ്തമയ സൂര്യന്‍ മെല്ലെ കടലിലേക്ക് ആഴ്ന്നു പോയി.ക്രമേണ പകല്‍  രാത്രിക്ക് വഴി മാറിക്കൊടുത്തു.ആ വീട്ടില്‍ മെല്ലെ ഒരു പന്തല്‍ ഉയര്‍ന്നു.നാളെ അവളുടെ ആങ്ങളയുടെ കല്യാണമാണ്. എല്ലാവരും സന്തോഷത്തില്‍,അഥിതികളെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ തകൃതിയായി നടക്കുന്നു.നൈചോറിന്റെയും, ബിരിയാണിയുടെയും മണം നാസാരന്ദ്രങ്ങളെ കീറിമുറിച്ചു പുറത്തോട്ടു ഒഴുകുന്നു.ഒരു പുതുമണവാട്ടി കയറി വരുന്ന സന്തോഷം ചെറിയ കുട്ടികളില്‍ പോലും പ്രകടമാണ്.അവര്‍ ശലഭങ്ങളെ പോലെ പറന്നു രസിക്കുന്നു. കല്യാണ വീട് മെല്ലെ സജീവമാവുകയാണ്.
 പക്ഷെ അപ്പോഴും ആ വീടിന്റെ അകത്തളങ്ങളില്‍ എവിടെയോ ദുഖത്തിന്റെ കണിക തളം കെട്ടി നില്‍ക്കുന്നതായി ചിലരുടെ മുഖ ഭാവങ്ങളില്‍ നിന്നും വായിച്ചെടുക്കാന്‍ പറ്റും. കാരണം അവള്‍, സൈനാസ്(അങ്ങിനെ വിളിക്കുന്നതായിട്ടാണ്ഞാന്‍ കേട്ടത്)  ഉള്ളത് കുറച്ചു കിലോമീറ്റര്‍ അപ്പുറം അവളുടെ ഭര്‍ത്താവിന്റെ വീട്ടിലാണ്‌. ഏതൊരു പെണ്ണിനേയും പോലെ ഒരുപാടു പ്രതീക്ഷകളോട് കൂടിയാണ് അവളും വിവാഹ ജീവിതത്തിലേക്ക് കാലെടുത്തു വെച്ചത്.പ്രതീക്ഷിച്ചതുപോലെ സുന്ദരമായിരുന്നു അവളുടെ ജീവിതം. സ്നേഹിക്കാന്‍ മാത്രമറിയുന്ന ഭര്‍ത്താവും, ഭര്‍ത്താവിന്റെ പിതാവും, മാതാവും.ബാബി ( അങ്ങിനെയാണ് ആ ഭാഗങ്ങളില്‍ സഹോദരന്റെ ഭാര്യയെ വിളിക്കാര്‍) യെ അറിഞ്ഞു പെരുമാറുന്ന ഭര്‍ത്താവിന്റെ സഹോദരിമാര്‍. എന്ത് കൊണ്ടും ഒരു പെണ്ണിന് കിട്ടാവുന്ന  സൗഭാഗ്യം തന്നെയാണ് അവള്‍ക്കു കിട്ടിയത്.അതിനൊക്കെ പുറമെ മതഭക്തയും,ആരും കൊതിച്ചു പോകുന്ന സൗന്ദര്യത്തിന്റെ ഉടമയുമായിരുന്നു അവള്‍.പക്ഷെ ദൈവം തമ്പുരാന്‍ മറ്റൊന്നായിരുന്നു അവര്‍ക്ക് വിധിച്ചത്. അവരുടെ ജീവിതം കണ്ടു ദൈവം പോലും അസൂയപ്പെട്ടിട്ടുണ്ടാകും.അവളുടെ ഭര്‍ത്താവിന് ഒരു അപകടം. ദക്ഷിണ ആഫ്രിക്കയില്‍ വെച്ച് കാര്‍ കൊക്കയിലേക്ക് മറിഞ്ഞു. എല്ലാം തീര്‍ന്നെന്നു കരുതിയതാണ്, പക്ഷെ ജീവന്റെ തുടിപ്പ് എവിടെയോ ബാക്കിയുണ്ടായിരുന്നു.ലക്ഷങ്ങള്‍ കൊടുത്തു നാട്ടില്‍ എത്തുമ്പോള്‍ അരക്കുതാഴെ തളര്‍ന്നു പോയിരുന്നു അദ്ദേഹം.പിന്നെ ജീവിതം വീല്‍ ചെയറിലും,വാട്ടര്‍ ബെഡ്ഡിലുമായിരുന്നു.എല്ലാത്തിനും പരസഹായം വേണ്ട അവസ്ഥ.  അയാളുടെ പരിപൂര്‍ണ്ണ പരിചരണം അവള്‍ ഏറ്റെടുത്തു.ഒന്നിനും ഒരു കുറവും വരുത്തിയില്ല.ഒരു മാലാഖയെപോലെ അവള്‍ പ്രവര്‍ത്തിച്ചു.പ്രാഥമിക ആവശ്യങ്ങള്‍ പോലും ഒരു മടിയും കൂടാതെ ചെയ്തു കൊടുത്തു. മൂത്രമൊഴിക്കാന്‍ വേണ്ടി ഒരു പൈപ്പ് ഘടിപ്പിച്ചിരുന്നു അതിന്റെ അറ്റത്ത്‌ ഒരു സഞ്ചിയും. അയാള്‍ അറിയാതെ വരുന്ന മൂത്രം സഞ്ചിയില്‍ നിറയുന്നതും കാത്തു അവള്‍ നില്‍ക്കും. അത് എടുത്തു വൃത്തി ആകുന്നതും, വീല്‍ ചെയറില്‍ ഇരുന്നു ഭക്ഷണം വായിലേക്ക് ഇട്ടു കൊടുക്കുന്നതും ഒരുപാടു തവണ നോക്കി നിന്നിട്ടുണ്ട് ഞാന്‍. ഒരത്ഭുതമായിരുന്നു ഞങ്ങള്‍ക്ക് അവള്‍!!!. ഭര്‍ത്താവിനു ഒരു അസുഖം വരുമ്പോഴേക്കും അവരെ ഒഴിവാക്കി പോകുന്ന/പോയ എത്രയോ ഭാര്യമാര്‍ നമ്മുടെ കൂട്ടത്തിലുണ്ട്. ആ കാലത്താണ് ഈ ഒരു സാഹസം എന്നോര്‍ക്കണം.
കുറെ മംഗലാപുരം ഹോസ്പിറ്റലില്‍ ചികിത്സിച്ചു. (ഒരു ദിവസം ഞാന്‍ കാണാന്‍ ഹോസ്പിറ്റലില്‍ പോയിരുന്നു. ന്യൂസ്‌ പേപ്പര്‍ വായിക്കുന്നത് കണ്ട എന്നോട് ഒരു ആങ്ങളയോട് എന്ന പോലെ  പറഞ്ഞു, ഉനൈസ് എപ്പോഴും പേപ്പര്‍ വായിക്കണം ഒരുപാട് അറിവുകള്‍ കിട്ടും.)(അല്ലെങ്കില്‍ പെങ്ങള്‍ ഇല്ലാത്ത എനിക്ക് അവള്‍ ഒരു പെങ്ങളപ്പോലെ തന്നെയായിരുന്നു)  വീട്ടിലേക്കു ഡോക്ടര്‍ വന്ന് ഫിസിയോ തെറാപ്പി ചെയ്തു. ദുആ ചെയ്യാത്ത സദസ്സുകള്‍ ഇല്ല.മന്ത്രിക്കാത്ത ഉസ്താദുമാര്‍ ഇല്ല. പക്ഷെ ഫലം നിരാശയായിരുന്നു.ഒരു ചെറിയ പെരുന്നാളിന്റെ അന്ന് രാവിലെ ബദറുദ്ധീന്‍ ഈ ലോകത്തോട് വിട പറഞ്ഞു. വേദനയില്ലാത്ത ലോകത്തേക്ക് പറന്നു പോയി,,,,,,
അന്ന് ഞാന്‍ നാട്ടിലായിരുന്നു.  ഈദ് മുബാറക്ക്‌ പറയാന്‍ വേണ്ടി വിളിച്ചതായിരുന്നു,കേട്ടത് മരണ വാര്‍ത്തയും. പിറ്റേന്ന് ഞാന്‍ അവിടെ പോയി. പക്ഷെ അവള്‍ അവിടെ ഉണ്ടായിരുന്നില്ല ,അവള്‍ അവളുടെ വീട്ടിലേക്കു പോയിരുന്നു. പിന്നീടെപ്പോഴോ മര്‍കസില്‍ പഠിക്കുമ്പോള്‍ അവിടെ പോയപ്പോള്‍ യാദൃശ്ചികമായി അവളെ കണ്ടു, കൂടുതലൊന്നും സംസാരിച്ചില്ല.അല്ലെങ്കില്‍ കൂടുതല്‍ സംസാരിക്കാന്‍ എനിക്ക് ആവില്ലായിരുന്നു.
 സ്വന്തം ആങ്ങളയുടെ കല്യാണത്തിന് പോലും  രാവിലെ പോയി വൈകുന്നേരം വന്നു അവള്‍.
നബി (സ) യുടെ വാക്ക് ഓര്‍മ്മ വരികയാണ്‌  أيما امرأة ماتت و زوجها عنها راضٍ دخلت الجنة
(ഒരു പെണ്ണ് ഭര്‍ത്താവിന്റെ തൃപ്തിയോടെ മരിച്ചാല്‍ അവള്‍ സ്വര്‍ഗ്ഗത്തിലാണ്).
 സൈനാസ്,,,,,നിനക്ക് വേണ്ടി സ്വര്‍ഗത്തിന്റെ കവാടം അല്ലാഹു തുറന്നു വെച്ചിട്ടുണ്ടാകും തീര്‍ച്ച...........

Thursday, December 10, 2015

എന്‍റെ ഗ്രാമം

   
കണ്ണൂര്‍ ജില്ലയിലെ എഴോം ഗ്രാമ പഞ്ചായത്തിലെ നരിക്കോട് എന്ന പ്രദേശം. പ്രകൃതി രമണീയമായ സുന്ദരമായ പ്രദേശം.വയലുകളെ കൊണ്ട് സമൃദ്ധമായ എന്‍റെ ഗ്രാമം കാണുമ്പോള്‍ നമുക്ക് എവിടെയോ നഷ്ടപ്പെട്ടുപോയ പച്ചപ്പിനെ തിരിച്ചു പിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ദൈവം തമ്പുരാന്‍ നമുക്ക് വരദാനമായി നല്‍കിയ ഭൂപ്രദേശം എന്ന് തോന്നിപ്പോകും ചിലപ്പോള്‍. മഴ വന്നാല്‍ നമ്മുടെ പുഴ കരകവിഞ്ഞ് ഒഴുകുമായിരുന്നു. ചിലപ്പോള്‍ അത് റോഡിലേക്കും എത്തും.കുട്ടികളായ നമ്മള്‍ അതില്‍ നീന്തിക്കുളിക്കുമായിരുന്നു. വലിയ ആളുകള്‍ തോണിയെടുത്ത് റോഡില്‍ ഇറങ്ങിയ ഓര്‍മ്മ ഇന്നും മഴ വരുമ്പോള്‍ മനസ്സിലേക്ക് ഓടി വരും.തോടുകളില്‍ പോയി മീന്‍പിടിച്ചും, കടലാസ് തോണികള്‍ ഉണ്ടാക്കി വെള്ളത്തില്‍ ഒഴുക്കി കളിച്ചതും മനസ്സിന്‍റെ കണ്ണാടിയിലേക്ക് ഇന്നലെ കഴിഞ്ഞത് പോലെ തെളിഞ്ഞു വരുന്നു.
ഇന്നും എന്‍റെ ഗ്രാമം സമൃദ്ധമാണ് പച്ചപ്പുകളെ കൊണ്ട്.പ്രത്യേകിച്ചും മഴക്കാലത്ത്‌.ഏക്കര്‍കണക്കിന് നീണ്ടുകിടക്കുന്ന വയലും,വിശാലമായ പുഴയും, വയലുകളുടെ സൗന്ദര്യം ആസ്വദിക്കാന്‍ വരുന്ന ദേശാടന പക്ഷികളും ഇപ്പോഴും സജീവമാണ്.
ഇപ്പോഴും ഇങ്ങു ഷാര്‍ജയിലെ ഊഷര ഭൂമിയില്‍നിന്നും മഴ പെയ്യുമ്പോള്‍ മനസ്സ് നാട്ടിലേക്കു ഓടിപ്പോകാറുണ്ട്. എവിടെയോ എന്തൊക്കെയോ നഷ്ടപ്പെട്ടതുപോലെ...........
(എന്‍റെ വീട് തന്നെയാണ് ഫോട്ടോയില്‍)

Saturday, December 05, 2015

കത്തോര്‍മ്മകള്‍

   എനിക്ക് എത്രയും സ്നേഹം നിറഞ്ഞ ഉപ്പയും, ഉമ്മയും അറിയുവാന്‍ മകന്‍ ഉനൈസ് എഴുതുന്നത്. എന്തെന്നാല്‍ എനിക്കിവിടെ ഒരു വിധം സുഖം തന്നെ.നിങ്ങള്‍ക്കും സുഖം എന്ന് കരുതി സന്തോഷിക്കുന്നു....ഒരു കാലഘട്ടത്തിലെ കത്തെഴുത്തിന്റെ തുടക്കം ഇങ്ങിനെയായിരുന്നു. ഈ കത്തുകള്‍ വിസ്മൃതിയിലേക്ക് ആണ്ടു പോവുകയാണ്. നവ മാധ്യമങ്ങളുടെ മുന്നില്‍ പിടിച്ചു നില്ക്കാന്‍ കഴിയാതെ,,,,,,,,
   അഞ്ചാം ക്ലാസ്സില്‍നിന്നാണെന്ന് തോന്നുന്നു ആദ്യമായി ഒരു കത്തെഴുതുന്നത്.കാസര്‍ഗോഡ് ജില്ലയിലെ ആലംപാടിയിലെ ഒരു അഗതി മന്ദിരത്തില്‍ പഠിക്കുമ്പോള്‍ വീട്ടുകാരുടെ സുഖവിവരങ്ങള്‍ അറിയുവാന്‍ ഏക മാര്‍ഗ്ഗം പോസ്റ്റ്‌ ഓഫീസില്‍നിന്നും പതിനഞ്ചു പൈസക്ക് വാങ്ങുന്ന പോസ്റ്റ്കാര്‍ഡും, എഴുപത്തിഅഞ്ചു പൈസക്ക് വാങ്ങുന്ന ഇന്‍ലാന്റുമായിരുന്നു. പിന്നീടുള്ള ആറുകൊല്ലം നിരന്തരമായി കത്തിടപാടുകള്‍ ആയിരുന്നു. കൂടുതലും വീട്ടിലേക്കു തന്നെ.വല്ലപ്പോഴും കൂട്ടുകരിലേക്കും.
 ഒന്നോ, രണ്ടോ മാസത്തില്‍ എഴുതുന്ന കത്തുകളായിരുന്നു സുഖവിവരങ്ങള്‍ അറിയാനുള്ള ഏക മാര്‍ഗ്ഗം. വീട്ടിലെ കോഴി മുട്ടയിട്ടതും,ആട് പ്രസവിച്ചതും,പുഴ കരകവിഞ്ഞ് ഒഴുകിയതും എല്ലാം അറിയുന്നതും ഈ കത്തിലൂടെയായിരുന്നു.വീട്ടില്‍ കറന്റ് കിട്ടിയ വിവരം അറിയുന്നത് കളിക്കൂട്ടുകാരായ അശ്രഫിന്റെയും, നാസറിന്റെയും കത്തിലൂടെ ആയിരുന്നു. കത്തുണ്ടെന്നു അറിഞ്ഞാല്‍ അത് കിട്ടുന്നത് വരെ ഒരു സമാധാനവും ഉണ്ടാവുകയില്ല. വായിച്ചു കഴിഞ്ഞാല്‍ അത് പെട്ടിയില്‍ തന്നെ സൂക്ഷിക്കും.അവസാനം എല്ലാകത്തുകളും ഒന്നുകൂടെ വായിച്ചു നോക്കാന്‍ വല്ലാത്ത രസമാണ്.
  പസ്പരം പ്രണയിക്കുന്നവര്‍ അവരുടെ വിവരങ്ങള്‍ കൈമാറുന്നതും കത്തിലൂടെ ആയിരുന്നു. കുടയിലും, കലണ്ടറിലും കത്ത് കൈമാറിയ റഫീകിനെയും, ഫരീദയെയും ഇപ്പോഴും ഓര്‍മ്മയുണ്ട്. കത്ത് കൈമാറാനുള്ള ഒരുസാഹചര്യവും ഒത്തുവരാതെ വന്നപ്പോള്‍ അവസാനം ഇന്‍ലാന്റ് വാങ്ങി അഡ്രെസ്സ് എഴുതി കത്തയച്ച ശബാനയെ ഇന്നും ഓര്‍മ്മയില്‍ കാണുന്നു.
 ഇന്ന് ഒരാള്‍ റൂമില്‍ വന്നിരുന്നു. 25 വര്‍ഷമായി യു എ ഇ യില്‍ ജീവിക്കുന്ന കാസര്‍ഗോഡ്‌ കാരനായ കരീംക്ക. അദ്ദേഹമാണ് പഴയ കത്തോര്‍മ്മകള്‍ മനസ്സിലേക്ക് കൊണ്ട് വന്നത്. അന്നൊക്കെ കത്ത് വന്നാല്‍ ബാത്ത്റൂമില്‍ പോയിട്ടാണ് വായിച്ചിരുന്നത് എന്ന് അദ്ദേഹം അയവിറക്കി.
 ഇന്ന് കാലവും, കോലവും മാറി.പരസ്പരം വിവരങ്ങള്‍ കൈമാറാന്‍ അതിവേഗ സൗകര്യങ്ങള്‍ നമ്മെ തേടിയെത്തി.പക്ഷെ അപ്പോഴും കത്തിന് വേണ്ടിയുള്ള കാത്തിരിപ്പ് എന്ന വല്ലാത്ത സുഖം എവിടെയോ മിസ്സ്‌ ചെയ്യുന്നു.ഒരുപാടു വിപ്ലവങ്ങള്‍ക്ക് തിരികൊളുത്തിയ കത്തുകളെ പേറിയ ചുവന്ന തപാല്‍ പെട്ടി കാണുമ്പോള്‍ വികാരഭരിതനായി നോക്കി നില്‍ക്കാറുണ്ട് ചിലപ്പോള്‍. ഞാന്‍ അവസാനമായി എഴുതിയത് മസ്കറ്റിലുള്ള ആത്മ സുഹൃത്ത് മുഹമ്മദിനായിരുന്നു. അതിനു ശേഷം ആര്‍ക്കും എഴിതിയിട്ടില്ല.ഗള്‍ഫിന്റെ മനോഹാരിത വിവരിച്ചു എനിക്ക് ഒരു കത്ത് എഴുതണം. പക്ഷെ ആര്‍ക്ക്...........?



    

Wednesday, September 24, 2014

സലീത്

     2000 ലെ ഒരു സായാഹ്നം ,അന്നാണ്   ആദ്യമായി ഞാൻ മഞ്ഞനടി അൽ മദീന ഇസ്ലാമിക്‌ കോംപ്ലക്സിന്റെ കാമ്പസിൽ എത്തുന്നത്. മത വിജ്ഞാനത്തിന്റെ മധുനുകരാൻ. രണ്ട് ഏക്കറോളം നീണ്ടുകിടക്കുന്ന വിശാലമായ സ്ഥലത്ത് ഒരു യത്തീംഖനയും,ബോർഡിങ്ങും,ദർസും സ്ഥിതിചെയ്യുന്നു.സുന്ദരമായ പ്രകൃതി.വിശാലമായ കാമ്പസ്.ചെറുപ്പത്തിലെ പിതാവ് മരണപ്പെട്ട് പോയ നൂറോളം  യതീം വിദ്യാർഥികൾ, മുപ്പതോളം ദർസ് വിദ്യാർഥികൾ,മഞ്ഞനാടി ഉസ്താദിന്റെ മകളുടെ ഭർത്താവ്  അബ്ബാസ്‌ ഉസ്താദിന്റെ ആത്മീയ നേതൃത്വം. ഇവരുടെ ഇടയിലേക്കാണ് ഞാൻ കയറിച്ചെല്ലുന്നത്.എന്റെ പ്രിയപ്പെട്ട ഉസ്താദിന്റെ കൂടെ.സ്ഥലം എനിക്ക് ഇഷ്ടപ്പെട്ടുവെങ്കിലും സ്റ്റേറ്റ് മാറിയത് കൊണ്ടാവാം ഭക്ഷണം തീരെ ഇഷ്ടപ്പെട്ടില്ല.ആകെ ഒരു സമാധാനം ചൊവ്വാഴ്ച രാത്രികളിൽ ഉണ്ടാവുന്ന ചപ്പാത്തി മാത്രമായിരുന്നു.കിച്ചണിലെ വൃത്തി കേടും,ഭക്ഷണത്തിലെ പിടിക്കായ്മയും നാട്ടിലേക് തിരിച്ച്പോകാൻ പ്രേരിപ്പിച്ചുവെങ്കിലും ഏതോ ഒരു ഘടകം എന്നെ അതില്നിന്നും പിന്തിരിപ്പിച്ചു.എല്ലാം സഹിക്കൽ  ഒരു വിദ്യാർഥിയുടെ കടമയായത് കൊണ്ട്‌ സഹിക്കാൻ തന്നെ തീരുമാനിച്ചു.സഹിച്ചു, ഞാൻ ചിലമാസങ്ങളല്ല രണ്ട് വർഷം.ഒരു വർഷം കൂടുതൽ ഓർത്ത് വെക്കനൊന്നുമില്ലാതെ കടന്ന് പോയി. പക്ഷെ രണ്ടാം വർഷം ജീവിതത്തിന്റെ ഏതോ ഒരു കോണിൽ  എന്നെയും കാത്ത് ഒരുപാട് പേർ നില്പുണ്ടായിരുന്നു.അതിൽ പ്രധാനപെട്ടവൻ ആയിരുന്നു സലീത് എന്ന മൂന്നാം ക്ലാസ്സുകരാൻ.എന്താണെന്നറിയില്ല എനിക്ക് അവനെ ഒരുപാട് ഇഷ്ടപ്പെട്ടു.അവനിക്ക് എന്നെയും.തൊട്ടടുത്ത് തന്നെയാണ് അവന്റെ നാട്,"സാരത്ത ബയൽ". ചെറുപ്പത്തിലെ സ്വന്തം പിതാവിന്റെ വാത്സല്യം അനുഭവിക്കാത്ത അവൻ എന്നിൽ ഒരു പിതാവിനെ കണ്ടത്തിയോ എനിക്കറിയില്ല.പിന്നീട് എന്റെ കാത്തിരിപ്പ് അവനിക്ക് വേണ്ടിയായി അല്ല അവന്റെ കാത്തിരിപ്പ് എനിക്ക് വേണ്ടിയായി.കൂടുതൽ സമയവും അവൻ എന്റെ കൂടെതന്നെയുണ്ടാവും,പ്രത്യേകിച്ച് വൈകുന്നേരങ്ങളിൽ കളിക്കുന്ന സമയം എന്റെ കയ്യും പിടിച്ച്. ഭക്ഷണം കഴിക്കുമ്പോൾ ഞാൻ പറയാതെ  അവൻ കൊണ്ട്ത്തരുന്ന വെള്ളത്തിന് പ്രത്യേക രസം തോന്നി.ചൊവ്വാഴ്ചകളിൽ രാത്രി ഉണ്ടാകുന്ന ചപ്പാത്തിയുടെ ഒരു ഓഹരി എനിക്കും കൊണ്ട്ത്തന്ന് അവൻ സ്നേഹം അറിയിച്ചു.പക്ഷെ എത്രപെട്ടന്നാണ് ഒരു വർഷം കടന്ന് പോയതെന്നറിയില്ല.കാലം അങ്ങിനെയാണ്,സന്തോഷമുണ്ടാകുമ്പോൾ  പെട്ടന്നും,ദുഃഖമുണ്ടാകുമ്പോൾ വേഗത കുറഞ്ഞും അനുഭവപ്പെടുന്നു.കുറ്റവും, കുറവും കലത്തിന് തന്നെ മനുഷ്യന്മാരായ നമ്മൾ മാന്യന്മാർ.
   രണ്ട് വർഷം പൂർത്തിയായപ്പോൾ ഉസ്താദിന് അവിടെ നിന്നും സ്ഥലം മാറ്റം കിട്ടി ഉള്ളാളത്തേക്ക്‌.ഞാൻ അവിടെനിന്നും ഒഴിയാൻ നിർബന്ധിധനയി.പരസ്പരം സ്നേഹിച്ച രണ്ട്‌ മനസ്സുകൾ തമ്മിൽ അകലുന്ന വിഷമം ഉള്ളിലൊതുക്കി പതിയെ മഞ്ഞനാടിയോടും,സലീതിനോടും യാത്ര പറഞ്ഞിറങ്ങുമ്പോൾ എന്റെ കണ്ണിൽനിന്നും  തടഞ്ഞ് നിർത്താനാവാത്ത വിധം കണ്ണുനീർ വീഴുന്നുണ്ടായിരുന്നു.

കാലം ആരേയും കാത്തുനില്കില്ലല്ലോ..........ശര വേഗത്തിൽ അത്കടന്ന്പോയി.ഞാൻ ഒരു വഴിക്കും,അവൻ മറ്റൊരു വഴിക്കും തിരിഞ്ഞു.വല്ലപ്പോഴും വീണുകിട്ടുന്ന ചില സമയങ്ങളിൽ മഞ്ഞനാടിയിൽ പോയി അവനെ കണ്ടു. SSLC വരെ അവൻ അവിടെ പഠിച്ചു.പിന്നെ ഞാൻ അവനെ കണ്ടില്ല.ഇപ്പോഴും എനിക്കറിയില്ല എവിടെയെന്ന്.ഒരുപാട് അന്വേഷിച്ചു,സോഷ്യൽ മീഡിയ കളിലെ സേർച്ച്‌ ബോക്സുകളിൽ അവനിക്ക് വേണ്ടി ഒരുപാട് അന്വേഷിച്ചു പക്ഷെ നിരാശയായിരുന്നു ഫലം.
                       മനസ്സിന്റെ കണ്ണാടിയിലേക്ക് ഓടിവരുന്നു ....എല്ലാം ഇന്നലെ കഴിഞ്ഞത്                                                         പോലെ.....................................
മസ്ജിദ്   (ഫയൽ ഫോട്ടോ) 

പഴയ  കാന്റീൻ : ഇപ്പോൾ ഇവിടെ ബോർഡിംഗ് സ്ഥിതി ചെയ്യുന്നു

ദർസ് അടങ്ങുന്ന യതീം ഖാന കെട്ടിടം:  രണ്ടാം നിലയിലെ ഇടത് ഭാഗത്തെ രണ്ട് റൂമുകളിലയിരുന്നു  ഉസ്താദുമാരുടെയും വിദ്യാർത്ഥികളുടെയും താമസം 
യതീംഖാന വിദ്യാര്‍ഥികള്‍