Sunday, December 13, 2015

അബ്ദുല്‍ റഹ്മാന്‍

22/03/2009 SUNDAY

    ഇന്നാണ് അബ്ദുല്‍ റഹ്മാന്റെ കല്യാണം,ഓര്‍മയില്ലേ അവനെ ചെറുപ്പത്തില്‍ തന്നെ പിതാവ് മരണപ്പെട്ടു മഞ്ഞനാടി അല്‍ മദീന യതീം ഖാനയുടെ അന്തേവസിയായി കഴിഞ്ഞവന്‍. ഓര്‍മ്മചെപ്പ് ഒരുപാടു പിന്നിലേക്ക്‌ പായുന്നു. ഒരു മഗ്രിബിന്റെ സമയത്താണ് ഞാന്‍ ഉസ്താദിന്റെ കൂടെ അല്‍ മദീനയുടെ പടികടന്നു ചെല്ലുന്നത്. ദര്‍സ് പഠിക്കാന്‍,മത വിദ്യ നുകരാന്‍.ദര്‍സില്‍ രണ്ടു ഉസ്താദുമാര്‍(അബ്ദുല്‍ കാദര്‍ സകാഫി മുതുകുട, അബ്ദുള്ള ആഹ്സനി) മുപ്പതോളം വിദ്യാര്‍ഥികള്‍. കാലാവസ്ഥ വലിയ പ്രശ്നം ഉണ്ടാക്കിയില്ല എങ്കിലും ഭക്ഷണം ഒരു പ്രശ്നം തന്നെയായിരുന്നു.തേങ്ങയരക്കാത്ത വെറും മുളക്പൊടി കലക്കിയ കറി കാണുമ്പോള്‍ തന്നെ ഓക്കാനം വരുമായിരുന്നു.ആകെ ഒരു സമാധാനം ചൊവ്വാഴ്ച രാത്രികളില്‍ ഉണ്ടാകുന്ന ചപ്പാത്തിയും,മുട്ടയും ആയിരുന്നു.എങ്കിലും രണ്ടു വര്‍ഷക്കാലം ഞാന്‍ അവിടെ താമസിച്ചു പഠിച്ചു.
 രണ്ടാം വര്‍ഷത്തിന്റെ ഒരു വെക്കേഷന്‍ സമയത്താണ് അവന്‍ എന്‍റെ മനസ്സിലേക്ക് കടന്നു വരുന്നത്.ഒരു സൌഹൃദ സംഭാഷണം , ഒരു പരിചയപ്പെടല്‍ ഇത്രമാത്രം വലിയ ഒരുഅടുപ്പത്തിലേക്ക് നീങ്ങുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല.ഈ അടുപ്പം മെല്ലെ, മെല്ലെ വളര്‍ന്നു അവന്‍റെ കുടുംബത്തിലേക്കും എത്തി.ഉപ്പയുടെ സ്നേഹവും,ലാളനയും ലഭിച്ചിട്ടില്ലാത്ത അവന്‍ എന്നില്‍ ഒരു പിതാവിനെ കണ്ടോ ? അറിയില്ല! കൂടുതല്‍ സമയവും എന്‍റെ കൂടെ തന്നെ........
 മഞ്ഞനാടിയുടെ സായാഹ്നങ്ങളെ സന്തോഷഭാരിതമാക്കിയിരുന്ന ക്രിക്കറ്റ് കളി പോലും ഉപേക്ഷിച്ചു ചിലപ്പോള്‍ എന്‍റെ കൂടെ സുന്ദരമായ പ്രകൃതി ആസ്വദിക്കാന്‍ ഉണ്ടാകും.അതില്‍ മലയാള അക്ഷരമാല അങ്ങോട്ടും കന്നഡ അക്ഷരമാല ഇങ്ങോട്ടും പഠിപ്പിക്കും.അങ്ങിനെ സുഖ,ദുഃഖങ്ങള്‍ പങ്ക് വെച്ച്,ആരെയും കാത്തുനില്‍ക്കാതെ, ആരോടും ചോദിക്കാതെ ആവര്‍ഷം കടന്നുപോയി.
    ഇന്നാണ് റമളാന്‍ പ്രമാണിച്ച് ദര്‍സിന് ലീവ് കിട്ടുന്നത്.എല്ലാവരും സന്തോഷത്തില്‍. ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി ലീവ് കിട്ടേണ്ട താമസം നാട്ടിലേക്കു വണ്ടി കയറാനുള്ള ഒരുക്കത്തില്‍ നില്‍ക്കുന്നു.
മഞ്ഞനാടി ഉസ്താദിന്റെ പ്രതിവാര "ഇഹ്യാഉലൂമുദ്ധീന്‍" ദര്‍സ്പത്തു മണിക്ക്  ആരംഭിച്ചു.ളുഹര്‍ ബാങ്ക് വരെ അത് നീണ്ടു നിന്നു. നിസ്ക്കാര ശേഷം തല്കാലത്തേക്ക് ദര്‍സ്പൂട്ടി.ഉസ്താദുമാര്‍ പ്രസംഗിച്ചു, ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കി.ശേഷം വാര്‍ഷിക പരീക്ഷയില്‍ കൂടുതല്‍ മാര്‍ക്ക് നേടിയവര്‍ക്കുള്ള സമ്മാനദാനം നടന്നു.മഞ്ഞനാടി ഉസ്താദിന്റെ തിരു കരങ്ങളില്‍ നിന്നും സെകണ്ടിനുള്ള ക്യാഷ് അവാര്‍ഡും വാങ്ങി സന്തോഷത്തോടെ പള്ളിയില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ മനസ്സ് ദുഃഖ സാന്ദ്രമായിരുന്നു. അടുത്തുള്ളവരൊക്കെ ഉച്ച ഭക്ഷണം കഴിച്ചതിനു ശേഷം അവരവരുടെ നാട്ടിലേക്കു പോയി.ദൂരെയുള്ളവര്‍ പിറ്റേന്ന് രാവിലെ പോകാനുള്ള ഒരുക്കങ്ങള്‍ നടത്തി.അന്ന് വൈകുന്നേരം പതിവുപോലെ ക്രിക്കറ്റ് കളിയില്‍ ഏര്‍പ്പെട്ടു. മഗ്രിബും,ഇഷാഉം നിസ്കരിച്ചു ഭക്ഷണവും കഴിച്ച് പതിവ് പോലെ കിടന്നുറങ്ങി.
 പിറ്റേന്ന് ബുധനാഴ്ച, പതിവിലും നേരത്തെ ഉറക്കമുണര്‍ന്നു.നാട്ടില്‍ പോകേണ്ട സന്തോഷം മനസ്സ് മുഴുവനും നിറഞ്ഞിരുന്നു എങ്കിലും വിരഹ ദുഃഖം എവിടെയോ തങ്ങി നിന്നിരുന്നു.സുബ്ഹും നിസ്കരിച്ച് ചായയും കുടിച്ചു എല്ലാവരോടും യാത്ര പറഞ്ഞു.അബ്ദുല്‍ രഹ്മാനോട് യാത്ര പറയുമ്പോള്‍ മനസ്സ് വല്ലാതെ വേദനിച്ചു.ദുഃഖം തളം കെട്ടി നിന്ന ആ സംഗമത്തില്‍ പരസ്പരം ദുആ വസിയ്യത്ത് ചെയ്തു കൊണ്ട് പിരിഞ്ഞ് വരുമ്പോള്‍ അടക്കിപ്പിടിച്ച കരച്ചില്‍ നിയന്ത്രിക്കാന്‍ കഴിയാതെ പൊട്ടിക്കരഞ്ഞു പോയ്‌.അവസാനമായി സമ്മിശ്രമായ അനുഭവങ്ങള്‍ നല്‍കിയ മഞ്ഞനാടിയോട് യാത്ര പറഞ്ഞു വരുമ്പോള്‍ ഇനി തിരിച്ചു എപ്പോള്‍ എന്ന ചിന്ത മാത്രമായിരുന്നു മനസ്സില്‍.
   ഒരു ദിവസം ഞാന്‍ അവന്‍റെ വീട്ടില്‍ പോയി.ബി സി റോഡിനടുത്ത കള്ളടുക്കയില്‍. ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ കട്ടയുടെ വീട്.അവിടെ ഉമ്മയും രണ്ടു മക്കളും താമസിക്കുന്നു.ജേഷ്ടന്‍ കല്യാണം കഴിച്ചു കാഞ്ഞങ്ങാടും.തൊട്ടപ്പുറം പെങ്ങളുടെ വീട്, അതും കട്ടയുടെ വീട് തന്നെ.പക്ഷെ ഇതിനേക്കാള്‍ മെച്ചമാണ്,പഴക്കവും കുറവാണു.അവിടെ പെങ്ങളും അവരുടെ രണ്ടു മക്കളും താമസിക്കുന്നു.പെങ്ങളുടെ' ഭര്‍ത്താവു വര്‍ഷങ്ങള്‍ക്കു മുംബ് തന്നെ അവരെ ഒഴിവാക്കിയിരുന്നു.
അങ്ങിനെയിരിക്കെ ഒരു ദിവസം വൈകുന്നേരം അതും സംഭവിച്ചു.കരകാണാ സ്നേഹത്തിന്റെ ഉറവിടമായിരുന്ന അവന്‍റെ ഉമ്മ ഈ ലോകത്തോട്‌ വിട പറഞ്ഞു.ചെറുപ്പത്തിലെ ഉപ്പയും പിന്നെ ഉമ്മയും നഷ്ടപെട്ട ഒരു കുട്ടി എന്‍റെ മുമ്പില്‍ ചോദ്യചിഹ്നമായി നിന്നു ഇനി എന്ത് ചെയ്യും???.
 SSLC വരെ അവന്‍ അവിടെതന്നെ പഠനം തുടര്‍ന്നു.അതിനു ശേഷം മതവിദ്യ നുകരാന്‍ ദര്‍സിലേക്ക് പോയി എങ്കിലും പിറകോട്ടു നോക്കുമ്പോള്‍ തനിക്കു ബലമായി ആരുമില്ലെന്ന ചിന്ത ആ ഉദ്യമത്തില്‍നിന്നും അവനെ പിന്തിരിപ്പിച്ചു.അതിനു ശേഷം പഴയത്പോലെ ബന്ധം കുറഞ്ഞു. പിന്നീടെപ്പോഴോ കേട്ട് അവന്‍ ജോലിക്ക് പോവുകയാണെന്ന്.തനിക്ക് തുണയായി ആരുമില്ലെന്ന ചിന്തയായിരിക്കും ചെറു പ്രായത്തില്‍ തന്നെ കല്യാണ ചിന്തയിലേക്ക് അവനെ നയിച്ചത്.
                                                                                                                                    (തുടരും)

No comments:

Post a Comment