Tuesday, December 15, 2015

നബിദിനം

  വിശ്വാസികളുടെ മനതാരില്‍ കുളിര്‍മഴ പെയ്യിച്ച് വീണ്ടുമൊരു റബീഉല്‍അവ്വല്‍ കൂടി കടന്നുവന്നു.മണ്ണിലും, വിണ്ണിലും പ്രവാചകന്റെ മദ്ഹ് ഗീതങ്ങള്‍ അലയൊലിക്കുന്നു. കൊച്ചു കുട്ടികള്‍ മുതല്‍ വൃദ്ധന്‍മാര്‍ വരെയുള്ള ആബാലവൃദ്ധം  ജനങളുടെ ചുണ്ടില്‍ നിന്നും മൌലിദിന്റെയും, സ്നേഹത്തിന്റെയും ശീലുകള്‍ തത്തിക്കളിക്കുന്ന വസന്ത കാലം.വിശേഷിപ്പിക്കുവാന്‍ വാക്കുകള്‍ ഇല്ല.ഓരോ റബീഉല്‍ അവ്വല്‍ വരുമ്പോഴും പഴയകാല ഓര്‍മ്മപ്പുസ്തകം വായിക്കാന്‍ വല്ലാത്ത രസമാണ്. റബീഉല്‍അവ്വല്‍ ഒന്ന് മുതല്‍ പള്ളികളില്‍നിന്നും,വീടുകളില്‍നിന്നും മൌലിദിന്റെ ആരവങ്ങള്‍ ഉയരും.നാലാംക്ലാസ് മുതലാണ് എന്‍റെ മൌലിദ് ഓര്‍മ്മ തുടങ്ങുന്നത്. മദ്റസയില്‍ നിന്നും ഉബൈദ് ഉസ്താദും, മറ്റു ഉസ്താദുമാരും ഈണത്തില്‍ ചൊല്ലിത്തരുന്ന ബൈത്തുകള്‍ ഞങ്ങള്‍ കുട്ടികള്‍ ഉച്ചത്തില്‍ ചൊല്ലുമായിരുന്നു.അന്ന് മുതലാണ് മൌലിദിന്റെ ജവാബ് പഠിച്ചു തുടങ്ങുന്നത്.മുത്ത്‌ റസൂല്‍ ജനിച്ച പന്ത്രണ്ട് ആവുമ്പോഴേക്കും ഞങ്ങളുടെ സന്തോഷം ഇരട്ടിയാകും.മദ്റസയും, വഴിയോരങ്ങളും വര്‍ണ്ണക്കടലാസുകള്‍ കൊണ്ട് അലങ്കരിക്കാന്‍ മത്സരമാണ്‌. ഓരോ ക്ലാസ്സുകാരും അവരവരുടെ ക്ലാസ്സുകള്‍ മത്സര ബുദ്ധിയോടെ അലങ്കരിക്കും.വര്‍ണ്ണക്കടലാസ് ഒട്ടിക്കാന്‍ ഉപയോഗിക്കുന്ന മൈദപ്പശ കയ്യില്‍ ഒട്ടിയാല്‍ കഴുകിക്കളയാന്‍ നല്ല വിഷമമാണ്. രാവിലെ നടക്കുന്ന ഘോഷയാത്രയില്‍ അമ്പതു പൈസയുടെ ഒരു സഞ്ചിയുമായിട്ടായിരിക്കും പങ്കെടുക്കല്‍. കാരണം വഴിയോരങ്ങളില്‍ നിന്നും കിട്ടുന്ന മധുരപ്പലഹാരങ്ങള്‍ അതില്‍ നിക്ഷേപിക്കും. പിന്നീട് കഴിക്കാന്‍, വീട്ടില്‍ കൊണ്ടുപോകാനല്ല, കാരണം അന്നും ഞാന്‍ ഒരു പ്രവസിയായിരുന്നു ഇന്നത്തെ പ്പോലെ.പ്രപഞ്ചം മുഴുവനും മുത്തുനബിയുടെ ജനനത്തില്‍ സന്തോഷിക്കും പോലെ.
 അന്നുരാത്രി നടക്കുന്ന കുട്ടികളുടെ പരിപാടിയില്‍ രണ്ടു ഗ്രൂപ്പുകളിലായിട്ടാണ് മത്സരങ്ങള്‍ നടക്കുക, സ്വലാഹ്,ഫലാഹ്.ഉസ്മാന്‍ തലക്കിയും(ഇപ്പോള്‍ സകാഫിയാണ്) ഹനീഫ് പടുപ്പും(SSF കാസര്‍ഗോഡ്‌ ജില്ലാ കമ്മിറ്റി അംഗമായിരുന്നു) അവതരിപ്പിക്കുന്ന കഥാപ്രസംഗമായിരുന്നു പ്രധാന പരിപാടി. സഅദ് (റ) വും, ഖൈബര്‍ യുദ്ദ വുമായിരുന്നു കഥാവിഷയങ്ങള്‍. ഒന്ന് മുതല്‍ എട്ടു വരെയുള്ള മദ്റസാകാലയളവില്‍ ഒരു പ്രാവശ്യം മാത്രമേ സ്റ്റേജില്‍ കയറി പരിപാടി അവതരിപ്പിച്ചിട്ടുള്ളൂ.
         ഇപ്പോള്‍ കാലം മറി. ആഘോഷ പരിപാടികള്‍ മുമ്പത്തേക്കാള്‍ ഉഷാറായി നടക്കുന്നു.നബിസ്നേഹ പ്രഭാഷണങ്ങളും,മൌലിദ് ജാഥകളും,മൊബൈല്‍ മൌലിദുകളും.
      ചില മുരടന്മാര്‍ ഉണ്ട് നമ്മുടെ നാടുകളില്‍, നബിദിനം എന്ന് കേള്‍ക്കുമ്പോഴേക്കും ഓടി ഒളിക്കുന്നവര്‍. അവര്‍ക്ക് സ്നേഹമോ ,പ്രേമമോ,ഇഷ്കോ ഒന്നും അറിയില്ല.സ്നേഹമുള്ള മനസ്സില്‍നിന്ന് മാത്രമേ കഥയും,കവിതയും വിരിയുകയുള്ളൂ.അതില്ലാത്ത ഇവരെ കുറിച്ച് എന്ത് പറയാന്‍...........




No comments:

Post a Comment