Saturday, December 12, 2015

സൈനാസ്

       അസ്തമയ സൂര്യന്‍ മെല്ലെ കടലിലേക്ക് ആഴ്ന്നു പോയി.ക്രമേണ പകല്‍  രാത്രിക്ക് വഴി മാറിക്കൊടുത്തു.ആ വീട്ടില്‍ മെല്ലെ ഒരു പന്തല്‍ ഉയര്‍ന്നു.നാളെ അവളുടെ ആങ്ങളയുടെ കല്യാണമാണ്. എല്ലാവരും സന്തോഷത്തില്‍,അഥിതികളെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ തകൃതിയായി നടക്കുന്നു.നൈചോറിന്റെയും, ബിരിയാണിയുടെയും മണം നാസാരന്ദ്രങ്ങളെ കീറിമുറിച്ചു പുറത്തോട്ടു ഒഴുകുന്നു.ഒരു പുതുമണവാട്ടി കയറി വരുന്ന സന്തോഷം ചെറിയ കുട്ടികളില്‍ പോലും പ്രകടമാണ്.അവര്‍ ശലഭങ്ങളെ പോലെ പറന്നു രസിക്കുന്നു. കല്യാണ വീട് മെല്ലെ സജീവമാവുകയാണ്.
 പക്ഷെ അപ്പോഴും ആ വീടിന്റെ അകത്തളങ്ങളില്‍ എവിടെയോ ദുഖത്തിന്റെ കണിക തളം കെട്ടി നില്‍ക്കുന്നതായി ചിലരുടെ മുഖ ഭാവങ്ങളില്‍ നിന്നും വായിച്ചെടുക്കാന്‍ പറ്റും. കാരണം അവള്‍, സൈനാസ്(അങ്ങിനെ വിളിക്കുന്നതായിട്ടാണ്ഞാന്‍ കേട്ടത്)  ഉള്ളത് കുറച്ചു കിലോമീറ്റര്‍ അപ്പുറം അവളുടെ ഭര്‍ത്താവിന്റെ വീട്ടിലാണ്‌. ഏതൊരു പെണ്ണിനേയും പോലെ ഒരുപാടു പ്രതീക്ഷകളോട് കൂടിയാണ് അവളും വിവാഹ ജീവിതത്തിലേക്ക് കാലെടുത്തു വെച്ചത്.പ്രതീക്ഷിച്ചതുപോലെ സുന്ദരമായിരുന്നു അവളുടെ ജീവിതം. സ്നേഹിക്കാന്‍ മാത്രമറിയുന്ന ഭര്‍ത്താവും, ഭര്‍ത്താവിന്റെ പിതാവും, മാതാവും.ബാബി ( അങ്ങിനെയാണ് ആ ഭാഗങ്ങളില്‍ സഹോദരന്റെ ഭാര്യയെ വിളിക്കാര്‍) യെ അറിഞ്ഞു പെരുമാറുന്ന ഭര്‍ത്താവിന്റെ സഹോദരിമാര്‍. എന്ത് കൊണ്ടും ഒരു പെണ്ണിന് കിട്ടാവുന്ന  സൗഭാഗ്യം തന്നെയാണ് അവള്‍ക്കു കിട്ടിയത്.അതിനൊക്കെ പുറമെ മതഭക്തയും,ആരും കൊതിച്ചു പോകുന്ന സൗന്ദര്യത്തിന്റെ ഉടമയുമായിരുന്നു അവള്‍.പക്ഷെ ദൈവം തമ്പുരാന്‍ മറ്റൊന്നായിരുന്നു അവര്‍ക്ക് വിധിച്ചത്. അവരുടെ ജീവിതം കണ്ടു ദൈവം പോലും അസൂയപ്പെട്ടിട്ടുണ്ടാകും.അവളുടെ ഭര്‍ത്താവിന് ഒരു അപകടം. ദക്ഷിണ ആഫ്രിക്കയില്‍ വെച്ച് കാര്‍ കൊക്കയിലേക്ക് മറിഞ്ഞു. എല്ലാം തീര്‍ന്നെന്നു കരുതിയതാണ്, പക്ഷെ ജീവന്റെ തുടിപ്പ് എവിടെയോ ബാക്കിയുണ്ടായിരുന്നു.ലക്ഷങ്ങള്‍ കൊടുത്തു നാട്ടില്‍ എത്തുമ്പോള്‍ അരക്കുതാഴെ തളര്‍ന്നു പോയിരുന്നു അദ്ദേഹം.പിന്നെ ജീവിതം വീല്‍ ചെയറിലും,വാട്ടര്‍ ബെഡ്ഡിലുമായിരുന്നു.എല്ലാത്തിനും പരസഹായം വേണ്ട അവസ്ഥ.  അയാളുടെ പരിപൂര്‍ണ്ണ പരിചരണം അവള്‍ ഏറ്റെടുത്തു.ഒന്നിനും ഒരു കുറവും വരുത്തിയില്ല.ഒരു മാലാഖയെപോലെ അവള്‍ പ്രവര്‍ത്തിച്ചു.പ്രാഥമിക ആവശ്യങ്ങള്‍ പോലും ഒരു മടിയും കൂടാതെ ചെയ്തു കൊടുത്തു. മൂത്രമൊഴിക്കാന്‍ വേണ്ടി ഒരു പൈപ്പ് ഘടിപ്പിച്ചിരുന്നു അതിന്റെ അറ്റത്ത്‌ ഒരു സഞ്ചിയും. അയാള്‍ അറിയാതെ വരുന്ന മൂത്രം സഞ്ചിയില്‍ നിറയുന്നതും കാത്തു അവള്‍ നില്‍ക്കും. അത് എടുത്തു വൃത്തി ആകുന്നതും, വീല്‍ ചെയറില്‍ ഇരുന്നു ഭക്ഷണം വായിലേക്ക് ഇട്ടു കൊടുക്കുന്നതും ഒരുപാടു തവണ നോക്കി നിന്നിട്ടുണ്ട് ഞാന്‍. ഒരത്ഭുതമായിരുന്നു ഞങ്ങള്‍ക്ക് അവള്‍!!!. ഭര്‍ത്താവിനു ഒരു അസുഖം വരുമ്പോഴേക്കും അവരെ ഒഴിവാക്കി പോകുന്ന/പോയ എത്രയോ ഭാര്യമാര്‍ നമ്മുടെ കൂട്ടത്തിലുണ്ട്. ആ കാലത്താണ് ഈ ഒരു സാഹസം എന്നോര്‍ക്കണം.
കുറെ മംഗലാപുരം ഹോസ്പിറ്റലില്‍ ചികിത്സിച്ചു. (ഒരു ദിവസം ഞാന്‍ കാണാന്‍ ഹോസ്പിറ്റലില്‍ പോയിരുന്നു. ന്യൂസ്‌ പേപ്പര്‍ വായിക്കുന്നത് കണ്ട എന്നോട് ഒരു ആങ്ങളയോട് എന്ന പോലെ  പറഞ്ഞു, ഉനൈസ് എപ്പോഴും പേപ്പര്‍ വായിക്കണം ഒരുപാട് അറിവുകള്‍ കിട്ടും.)(അല്ലെങ്കില്‍ പെങ്ങള്‍ ഇല്ലാത്ത എനിക്ക് അവള്‍ ഒരു പെങ്ങളപ്പോലെ തന്നെയായിരുന്നു)  വീട്ടിലേക്കു ഡോക്ടര്‍ വന്ന് ഫിസിയോ തെറാപ്പി ചെയ്തു. ദുആ ചെയ്യാത്ത സദസ്സുകള്‍ ഇല്ല.മന്ത്രിക്കാത്ത ഉസ്താദുമാര്‍ ഇല്ല. പക്ഷെ ഫലം നിരാശയായിരുന്നു.ഒരു ചെറിയ പെരുന്നാളിന്റെ അന്ന് രാവിലെ ബദറുദ്ധീന്‍ ഈ ലോകത്തോട് വിട പറഞ്ഞു. വേദനയില്ലാത്ത ലോകത്തേക്ക് പറന്നു പോയി,,,,,,
അന്ന് ഞാന്‍ നാട്ടിലായിരുന്നു.  ഈദ് മുബാറക്ക്‌ പറയാന്‍ വേണ്ടി വിളിച്ചതായിരുന്നു,കേട്ടത് മരണ വാര്‍ത്തയും. പിറ്റേന്ന് ഞാന്‍ അവിടെ പോയി. പക്ഷെ അവള്‍ അവിടെ ഉണ്ടായിരുന്നില്ല ,അവള്‍ അവളുടെ വീട്ടിലേക്കു പോയിരുന്നു. പിന്നീടെപ്പോഴോ മര്‍കസില്‍ പഠിക്കുമ്പോള്‍ അവിടെ പോയപ്പോള്‍ യാദൃശ്ചികമായി അവളെ കണ്ടു, കൂടുതലൊന്നും സംസാരിച്ചില്ല.അല്ലെങ്കില്‍ കൂടുതല്‍ സംസാരിക്കാന്‍ എനിക്ക് ആവില്ലായിരുന്നു.
 സ്വന്തം ആങ്ങളയുടെ കല്യാണത്തിന് പോലും  രാവിലെ പോയി വൈകുന്നേരം വന്നു അവള്‍.
നബി (സ) യുടെ വാക്ക് ഓര്‍മ്മ വരികയാണ്‌  أيما امرأة ماتت و زوجها عنها راضٍ دخلت الجنة
(ഒരു പെണ്ണ് ഭര്‍ത്താവിന്റെ തൃപ്തിയോടെ മരിച്ചാല്‍ അവള്‍ സ്വര്‍ഗ്ഗത്തിലാണ്).
 സൈനാസ്,,,,,നിനക്ക് വേണ്ടി സ്വര്‍ഗത്തിന്റെ കവാടം അല്ലാഹു തുറന്നു വെച്ചിട്ടുണ്ടാകും തീര്‍ച്ച...........

സമത്വം

     സ്ത്രീ പുരുഷ സമത്വം ഇവിടെ അത്യാവശ്യമാണ്. സ്ത്രീ അവള്‍ വീട് മാത്രം ഭരിക്കേണ്ടവളല്ല, രാജ്യത്തിന്‍റെ ഭരണ സരധ്യത്തിലേക്ക് അവള്‍ അവള്‍ ഉയര്‍ന്നു വരണം.അത് കാലഘട്ടത്തിന്റെ ആവശ്യമാണ്.സ്ത്രീ പുരുഷ സമത്വം എതിര്‍ക്കുന്നവര്‍ പഴന്ജന്മാരും, മണ്ടന്മാരുമാണ്. ചാനല്‍ ചര്‍ച്ചയില്‍ അയാള്‍ കത്തിക്കയറുകയാണ്. ചര്‍ച്ച അവസാനിച്ചു അയാള്‍ നേരെ പോയത് തന്‍റെ സംഘടനയുടെ വാര്‍ഷിക കൌണ്‍സിലിലേക്ക് ആയിരുന്നു.ഒരു സ്ത്രീയും ഭാരവാഹിത്വത്തിലേക്ക് വന്നിട്ടില്ല എന്ന സമാധാനത്തോടെ ഭാര്യ ഉണ്ടാക്കി വിളമ്പിക്കൊടുത്ത ഭക്ഷണവും കഴിച്ചു, ഭാര്യ പ്രസവിച്ച അയാളുടെ മകനെ ഒരുനോക്കുനോക്കി സമാധാനത്തോടെ കിടന്നുറങ്ങി. ഉറക്കില്‍ അയാള്‍ ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു"സ്ത്രീ പുരുഷ സമത്വം പ്രസംഗിക്കാന്‍ മാത്രമുള്ളതാണ് അതൊരിക്കലും നടപ്പില്‍ വരുകയില്ല"

Thursday, December 10, 2015

സാഹിത്യോല്‍സവ്

     ഇന്നലെ (20/11/2015 വെള്ളി) ഫുൾ  തിരക്കായിരുന്നു. എന്ത് തിരക്ക്,,,,,,, ആ ചോദ്യത്തിനു പ്രസക്തിയേയില്ല, പ്രവാസ ലോകത്ത് യുവത്വവതിന്റെ പൾസ് അറിഞ്ഞു പ്രവർത്തിക്കുന്ന RSC യുടെ നാഷണൽ  സാഹിത്യോല്‍സവ് ആയിരുന്നു ഇന്നലെ.നമ്മുടെ മൂന്നാം പെരുന്നാ. സാഹിത്യോല്സവ് പ്രഖ്യാപിച്ചത് മുത അതിന്റെ വിജയത്തിന് അശ്രാന്ത പരിശ്രമം നടത്തുകയായിരുന്നു പ്രവത്തക.പ്രത്യേകിച്ചും നാഷണ കമ്മിറ്റി അംഗങ്ങ, ഷാജ സോൺ  പ്രവത്തക.സാഹിത്യോല്സവിനെ ജനകീയ പരിപാടി ആക്കി മാറ്റിയതി ഇവരൊക്കെ വലിയ പങ്ക് വഹിച്ചവരാണ്.
സത്യത്തി എല്ലാവരുടെയും പെരുന്നാ ആയിരുന്നു നമ്മുട പരിപാടി.ഉച്ചക്ക് ഒരു മണിക്കൂ പ്രവേശന കവാടത്തി വളണ്ടിയ ആയി നിന്നപ്പോ കണ്ട വണ്ടികളുടെ നീണ്ട നിര, പ്രവത്തകരുടെയും,സാധാരണക്കാരുടെയും ഒഴുക്ക്
എല്ലാം കണ്ടപ്പോ അങ്ങിനെ തോന്നി.............
വന്നവക്കും നല്ല വിഭവങ്ങ കിട്ടി, മാപ്പിളപ്പാട്ടിന്റെയും, ബുദയുടെയും, മൌലിദിന്റെയും ഈരടിക സദസ്സിനെ അങ്ങ് മദീനയിലേക്ക് ആനയിച്ചു.
കണ്ണൂരിനെ അനുസ്മരിപ്പിക്കും വിധമായിരുന്നു ഷാജയുടെ അധിത്യ മര്യാദ. വന്നവ
കൊക്കെ വേണ്ടുവോളം കിട്ടി, ഭക്ഷണവും, ചായയും,ജ്യൂസും, ഐസ്ക്രീമും.....ഹ എന്തൊക്കെ ആയിരുന്നു.
അവസാനം ആ അധിത്യ മര്യാദ കപ്പു വാങ്ങുന്നതിലും ഷാജ കാണിച്ചു. കപ്പ് മോഹിച്ച് വന്ന ദുബൈക്കും, അബൂദാബിക്കും വിട്ടുകൊടുത്തു നമ്മ സ്വയം മൂന്നാം സ്ഥാനത്തേക്ക്....
വളണ്ടിയ സേവനം പ്രത്യേകിച്ചും എടുത്തു പറയേണ്ടത് തന്നെയാണ്.ശരിക്ക് പറഞ്ഞാ പരിപാടിയുടെ വിജയത്തില്‍ നിണ്ണായക പങ്കുവഹിച്ചവ........കയ്യും, മെയ്യും മറന്നു അവരും നന്നായി അദ്വാനിച്ചു.പലപ്പോഴും ഞാൻ  ഇരുന്നു പോയിട്ടുണ്ട് കാല്‍ വേദന എടുക്കുമ്പോ, കൂടെയുള്ളവരോട്‌ ഇരിക്കാൻ  പറയുമ്പോഴും അതിനു വിസമ്മതവും മൂളി നിൽക്കുകയായിരുന്നു.ആത്മാത്ഥതയുടെ പ്രതീകങ്ങ.......എല്ലാവ
ക്കും  നാഥന്‍ അഹമായ പ്രതിഫലം നകട്ടെ ആമീൻ 




എന്‍റെ ഗ്രാമം

   
കണ്ണൂര്‍ ജില്ലയിലെ എഴോം ഗ്രാമ പഞ്ചായത്തിലെ നരിക്കോട് എന്ന പ്രദേശം. പ്രകൃതി രമണീയമായ സുന്ദരമായ പ്രദേശം.വയലുകളെ കൊണ്ട് സമൃദ്ധമായ എന്‍റെ ഗ്രാമം കാണുമ്പോള്‍ നമുക്ക് എവിടെയോ നഷ്ടപ്പെട്ടുപോയ പച്ചപ്പിനെ തിരിച്ചു പിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ദൈവം തമ്പുരാന്‍ നമുക്ക് വരദാനമായി നല്‍കിയ ഭൂപ്രദേശം എന്ന് തോന്നിപ്പോകും ചിലപ്പോള്‍. മഴ വന്നാല്‍ നമ്മുടെ പുഴ കരകവിഞ്ഞ് ഒഴുകുമായിരുന്നു. ചിലപ്പോള്‍ അത് റോഡിലേക്കും എത്തും.കുട്ടികളായ നമ്മള്‍ അതില്‍ നീന്തിക്കുളിക്കുമായിരുന്നു. വലിയ ആളുകള്‍ തോണിയെടുത്ത് റോഡില്‍ ഇറങ്ങിയ ഓര്‍മ്മ ഇന്നും മഴ വരുമ്പോള്‍ മനസ്സിലേക്ക് ഓടി വരും.തോടുകളില്‍ പോയി മീന്‍പിടിച്ചും, കടലാസ് തോണികള്‍ ഉണ്ടാക്കി വെള്ളത്തില്‍ ഒഴുക്കി കളിച്ചതും മനസ്സിന്‍റെ കണ്ണാടിയിലേക്ക് ഇന്നലെ കഴിഞ്ഞത് പോലെ തെളിഞ്ഞു വരുന്നു.
ഇന്നും എന്‍റെ ഗ്രാമം സമൃദ്ധമാണ് പച്ചപ്പുകളെ കൊണ്ട്.പ്രത്യേകിച്ചും മഴക്കാലത്ത്‌.ഏക്കര്‍കണക്കിന് നീണ്ടുകിടക്കുന്ന വയലും,വിശാലമായ പുഴയും, വയലുകളുടെ സൗന്ദര്യം ആസ്വദിക്കാന്‍ വരുന്ന ദേശാടന പക്ഷികളും ഇപ്പോഴും സജീവമാണ്.
ഇപ്പോഴും ഇങ്ങു ഷാര്‍ജയിലെ ഊഷര ഭൂമിയില്‍നിന്നും മഴ പെയ്യുമ്പോള്‍ മനസ്സ് നാട്ടിലേക്കു ഓടിപ്പോകാറുണ്ട്. എവിടെയോ എന്തൊക്കെയോ നഷ്ടപ്പെട്ടതുപോലെ...........
(എന്‍റെ വീട് തന്നെയാണ് ഫോട്ടോയില്‍)

Saturday, December 05, 2015

കത്തോര്‍മ്മകള്‍

   എനിക്ക് എത്രയും സ്നേഹം നിറഞ്ഞ ഉപ്പയും, ഉമ്മയും അറിയുവാന്‍ മകന്‍ ഉനൈസ് എഴുതുന്നത്. എന്തെന്നാല്‍ എനിക്കിവിടെ ഒരു വിധം സുഖം തന്നെ.നിങ്ങള്‍ക്കും സുഖം എന്ന് കരുതി സന്തോഷിക്കുന്നു....ഒരു കാലഘട്ടത്തിലെ കത്തെഴുത്തിന്റെ തുടക്കം ഇങ്ങിനെയായിരുന്നു. ഈ കത്തുകള്‍ വിസ്മൃതിയിലേക്ക് ആണ്ടു പോവുകയാണ്. നവ മാധ്യമങ്ങളുടെ മുന്നില്‍ പിടിച്ചു നില്ക്കാന്‍ കഴിയാതെ,,,,,,,,
   അഞ്ചാം ക്ലാസ്സില്‍നിന്നാണെന്ന് തോന്നുന്നു ആദ്യമായി ഒരു കത്തെഴുതുന്നത്.കാസര്‍ഗോഡ് ജില്ലയിലെ ആലംപാടിയിലെ ഒരു അഗതി മന്ദിരത്തില്‍ പഠിക്കുമ്പോള്‍ വീട്ടുകാരുടെ സുഖവിവരങ്ങള്‍ അറിയുവാന്‍ ഏക മാര്‍ഗ്ഗം പോസ്റ്റ്‌ ഓഫീസില്‍നിന്നും പതിനഞ്ചു പൈസക്ക് വാങ്ങുന്ന പോസ്റ്റ്കാര്‍ഡും, എഴുപത്തിഅഞ്ചു പൈസക്ക് വാങ്ങുന്ന ഇന്‍ലാന്റുമായിരുന്നു. പിന്നീടുള്ള ആറുകൊല്ലം നിരന്തരമായി കത്തിടപാടുകള്‍ ആയിരുന്നു. കൂടുതലും വീട്ടിലേക്കു തന്നെ.വല്ലപ്പോഴും കൂട്ടുകരിലേക്കും.
 ഒന്നോ, രണ്ടോ മാസത്തില്‍ എഴുതുന്ന കത്തുകളായിരുന്നു സുഖവിവരങ്ങള്‍ അറിയാനുള്ള ഏക മാര്‍ഗ്ഗം. വീട്ടിലെ കോഴി മുട്ടയിട്ടതും,ആട് പ്രസവിച്ചതും,പുഴ കരകവിഞ്ഞ് ഒഴുകിയതും എല്ലാം അറിയുന്നതും ഈ കത്തിലൂടെയായിരുന്നു.വീട്ടില്‍ കറന്റ് കിട്ടിയ വിവരം അറിയുന്നത് കളിക്കൂട്ടുകാരായ അശ്രഫിന്റെയും, നാസറിന്റെയും കത്തിലൂടെ ആയിരുന്നു. കത്തുണ്ടെന്നു അറിഞ്ഞാല്‍ അത് കിട്ടുന്നത് വരെ ഒരു സമാധാനവും ഉണ്ടാവുകയില്ല. വായിച്ചു കഴിഞ്ഞാല്‍ അത് പെട്ടിയില്‍ തന്നെ സൂക്ഷിക്കും.അവസാനം എല്ലാകത്തുകളും ഒന്നുകൂടെ വായിച്ചു നോക്കാന്‍ വല്ലാത്ത രസമാണ്.
  പസ്പരം പ്രണയിക്കുന്നവര്‍ അവരുടെ വിവരങ്ങള്‍ കൈമാറുന്നതും കത്തിലൂടെ ആയിരുന്നു. കുടയിലും, കലണ്ടറിലും കത്ത് കൈമാറിയ റഫീകിനെയും, ഫരീദയെയും ഇപ്പോഴും ഓര്‍മ്മയുണ്ട്. കത്ത് കൈമാറാനുള്ള ഒരുസാഹചര്യവും ഒത്തുവരാതെ വന്നപ്പോള്‍ അവസാനം ഇന്‍ലാന്റ് വാങ്ങി അഡ്രെസ്സ് എഴുതി കത്തയച്ച ശബാനയെ ഇന്നും ഓര്‍മ്മയില്‍ കാണുന്നു.
 ഇന്ന് ഒരാള്‍ റൂമില്‍ വന്നിരുന്നു. 25 വര്‍ഷമായി യു എ ഇ യില്‍ ജീവിക്കുന്ന കാസര്‍ഗോഡ്‌ കാരനായ കരീംക്ക. അദ്ദേഹമാണ് പഴയ കത്തോര്‍മ്മകള്‍ മനസ്സിലേക്ക് കൊണ്ട് വന്നത്. അന്നൊക്കെ കത്ത് വന്നാല്‍ ബാത്ത്റൂമില്‍ പോയിട്ടാണ് വായിച്ചിരുന്നത് എന്ന് അദ്ദേഹം അയവിറക്കി.
 ഇന്ന് കാലവും, കോലവും മാറി.പരസ്പരം വിവരങ്ങള്‍ കൈമാറാന്‍ അതിവേഗ സൗകര്യങ്ങള്‍ നമ്മെ തേടിയെത്തി.പക്ഷെ അപ്പോഴും കത്തിന് വേണ്ടിയുള്ള കാത്തിരിപ്പ് എന്ന വല്ലാത്ത സുഖം എവിടെയോ മിസ്സ്‌ ചെയ്യുന്നു.ഒരുപാടു വിപ്ലവങ്ങള്‍ക്ക് തിരികൊളുത്തിയ കത്തുകളെ പേറിയ ചുവന്ന തപാല്‍ പെട്ടി കാണുമ്പോള്‍ വികാരഭരിതനായി നോക്കി നില്‍ക്കാറുണ്ട് ചിലപ്പോള്‍. ഞാന്‍ അവസാനമായി എഴുതിയത് മസ്കറ്റിലുള്ള ആത്മ സുഹൃത്ത് മുഹമ്മദിനായിരുന്നു. അതിനു ശേഷം ആര്‍ക്കും എഴിതിയിട്ടില്ല.ഗള്‍ഫിന്റെ മനോഹാരിത വിവരിച്ചു എനിക്ക് ഒരു കത്ത് എഴുതണം. പക്ഷെ ആര്‍ക്ക്...........?



    

Wednesday, November 25, 2015

ജീവിതം


                              
രംഗം ഒന്ന് : സമയം രാത്രി മൂന്നു മണി, രാത്രിയുടെ നിശബ്ധദയില്‍ എല്ലാവരും സുഖ നിദ്രയില്‍. വണ്ടികളുടെ മരണപ്പാചിലിന്റെ ഇരമ്പല്‍ മാത്രം കേള്‍ക്കാം.പെട്ടന്ന് റെഡ് സിഗ്നല്‍ കത്തി വണ്ടികളുടെ നീണ്ട നിര അവിടെ രൂപപ്പെട്ട്. അയാള്‍ എഴുന്നേറ്റു, മെല്ലെ അന്നത്തെ ന്യൂസ് പേപ്പറുമായി വണ്ടികളുടെ അരികിലേക്ക്. കുറച്ചു കഴിഞ്ഞപ്പോള്‍ ഗ്രീന്‍ സിഗ്നല്‍ മിന്നി.അയാള്‍ പഴയ സ്ഥലത്ത് വന്നിരുന്നു. അടുത്ത റെഡ് സിഗ്നലും പ്രതീക്ഷിച്ചു കൊണ്ട്. അയാളുടെ നെറ്റിയില്‍ നിന്നും രണ്ടിറ്റു വിയര്‍പ്പ് തുള്ളി നിലത്തു ഉറ്റി വീണു.
രംഗം രണ്ട് : സമയം രാത്രി മൂന്ന് മണി, ശാന്തമായ അന്തരീക്ഷം, പക്ഷികളുടെ കളകളാരവം ഇല്ല. ട്രെയിനിന്റെ ചൂളംവിളി മെല്ലെ ചെറുതായി, ചെറുതായി പോകുന്നത് എയര്‍കണ്ടീശന്റെ മുരള്ച്ചയിലും കേള്‍ക്കാം.അവള്‍/അവര്‍ അവിടെ സുഖ നിദ്രയിലാണ്.നാളെ വരുന്ന അത്തറിന്റെ മണവും സ്വപ്നം കണ്ടുകൊണ്ട്.

Tuesday, November 24, 2015

പുതപ്പ് : ഒരുപാടു കണ്ണുനീരിന്റെ കഥകള്‍ പറയനുണ്ടല്ലോ നിനക്ക്,പറഞ്ഞു തരുമോ ?
തലയണ : കുറച്ചു നിനക്കുമറിയാമല്ലോ! എല്ലാം പറഞ്ഞാല്‍ നിന്റെ കഥ കഴിയും.
 കഥ കഴിഞ്ഞു.

Sunday, November 08, 2015

ലഗേജ് 30+7


                                               

     അയാള്‍  നാട്ടിലേക്ക് പോവുകയാണ്. നീണ്ട പത്ത് വര്‍ഷത്തെ പ്രവാസ വാസത്തിനു ശേഷം.തന്നെ പ്രണയിച്ച മരുഭൂമിയോട് യാത്ര പറയുമ്പോള്‍ അയാളുടെ മനസ്സ് വിങ്ങുന്നത് അറിയാതെ ഞാന്‍ അറിയുന്നുണ്ടായിരുന്നു.എയര്‍പോര്‍ട്ടിലെ ശീതീകരിച്ച മുറിയില്‍ ഇരിക്കുമ്പോള്‍ അയാള്‍ തന്‍റെ കഴിഞ്ഞ കാല ഏടുകള്‍ മറിച്ചു,എന്തൊക്കെ പ്രതീക്ഷകളോട് കൂടിയാണ് ഈ മരുഭൂമിയിലേക്ക് പറന്നു വന്നത്......ഒരു വീട്, സ്വന്തമായി ഒരു ബിസിനസ്സ്, മകളുടെ കല്യാണം....അങ്ങിനെ എന്തെല്ലാം.എന്‍റെ പിതാവ് ഗള്‍ഫില്‍ ആണെന്ന് മക്കള്‍ മറ്റുള്ളവരോട് അഭിമാനത്തോടു കൂടി പറയുമ്പോഴും ഞാന്‍ ഇവിടെ ഒരു ജോലിക്ക് വേണ്ടി കഷ്ടപ്പെടുന്നത് അവര്‍ അറിഞ്ഞിരുന്നില്ല.അവസാനം ജോലി കിട്ടിയപ്പോള്‍ ശമ്പളം വളരെ തുച്ചമയിരുന്നു.എല്ലാം കഴിഞ്ഞ് ഒരു മാസത്തെ ചിലവിനു പോലും ശരിക്ക് തികയാത്ത അവസ്ഥ. ഒരുപാടു പേര്‍ക്ക് അഭയം നല്‍കിയ ഈ മരുഭൂമി എന്നെയും കൈവിടില്ലെന്ന് സ്വപ്നം കണ്ടത് വെറുതെയായി.അവസാനം എല്ലാം ഉപേക്ഷിച്ചു ഞാന്‍ പോവുകയാണ് വെറും കയ്യോടെ, എന്നെ കാത്തുനില്‍കുന്ന മക്കള്‍ക്ക് ഒരു ചോക്ലേറ്റ് പോലും വാങ്ങാതെ. പെട്ടന്ന് അയാള്‍ ചിന്തയില്‍ നിന്നും ഉണര്‍ന്നു. തന്‍റെ ടിക്കറ്റിലേക്ക് ഒന്നുകൂടെ നോക്കി. ലഗേജ് 30+7 എന്ന വാചകം തന്നെ നോക്കി പരിഹസിക്കുന്നത് പോലെ അയാള്‍ക്ക് തോന്നി. 

Saturday, September 12, 2015

സത്യപാത: ലിങ്കുകള്‍

സത്യപാത: ലിങ്കുകള്‍: Sunni Markaz s Sahdiyya Muhimmath Ma'din Sirajul Huda Majlis Markaz Garden Jamia Hasaniyya Al Hashimiyya Quadisiyya...

Thursday, September 03, 2015

ഐലന്‍ കുര്‍ദി

 

                                                ഈ ചിത്രം നമ്മോട് പറയുന്നത്



       കണ്ണില്‍ ഇരുട്ട് പടരാത്തവര്‍ക്കും ഹൃദയത്തില്‍ രക്തയോട്ടമുള്ളവര്‍ക്കും ഈ ചിത്രം കണ്ടിരിക്കാനാവില്ല. സിറിയയില്‍ നിന്ന് യൂറോപ്പിലേക്ക് അഭയം തേടിയുള്ള യാത്രക്കിടെ ബോട്ട് മുങ്ങി മരിച്ച 12 പേരില്‍ ഒരാളാണ് ഈ പിഞ്ചുകുഞ്ഞ്. കടല്‍ത്തിരമാലകളില്‍ പെട്ട് തുര്‍ക്കി തീരത്താണ് ഈ കുഞ്ഞു മൃതദേഹം കരക്കടിഞ്ഞത്. ആഗോള മാധ്യമങ്ങള്‍ പുറത്തുവിട്ട ഈ ചിത്രം യൂറോപ്പിലെ അഭയാര്‍ഥി പ്രശ്‌നങ്ങളിലേക്ക് ഒരിക്കല്‍കൂടി ലോകത്തിന്റെ ശ്രദ്ധ ക്ഷണിക്കുകയാണ്. സോഷ്യല്‍ മീഡിയകളില്‍ ചിത്രം വൈറലായി പടര്‍ന്ന് കഴിഞ്ഞു. ട്വിറ്ററില്‍ ‘മനുഷ്യത്വം നക്കിത്തുടക്കപ്പെട്ടു’ എന്നര്‍ഥം വരുന്ന #KiyiyaVuranInsanlik എന്ന ഹാഷ്ടാഗിന് ഒപ്പമാണ് ചിത്രം പ്രചരിക്കുന്നത്. ട്വീറ്ററില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമായും ഈ ചിത്രം മാറിക്കഴിഞ്ഞു. മൂന്ന് വയസ്സുകാരനായ അയ്‌ലാന്‍ കുര്‍ദിയുടെ മൃതദേഹമാണ് ഇതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. തുര്‍ക്കിയിലെ പ്രശസ്തമായ ഒരു റിസോര്‍ട്ടിന് മുന്നിലാണ് മൃതദേഹം അടിഞ്ഞത്. ചുവന്ന ടീഷര്‍ട്ടും നീല ജീന്‍സ് പാന്റും ധരിച്ച് മണ്ണില്‍ മുഖം പൂഴ്ത്തിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇവിടെ നിന്നും മാറ്റുകയായിരുന്നു. അയ്‌ലാന്‍ കുര്‍ദിയുടെ അഞ്ച് വയസ്സുകാരനായ സഹോദരന്‍ അടക്കം അഞ്ച് കുട്ടികളും ഒരു സ്ത്രീയും അപകടത്തില്‍ മരിച്ചവരില്‍ ഉള്‍പ്പെടും. ഈ ചിത്രങ്ങള്‍ കണ്ടിട്ടും അഭയാര്‍ഥികളോടുള്ള യൂറോപ്പിന്റെ മനോഭാവം മാറുന്നില്ലെങ്കില്‍ പിന്നെ എന്ന് മാറുമെന്ന് ബ്രിട്ടീഷ് ദിനപത്രമായ ദി ഇന്റിപെന്റന്റ് ചിത്രം പ്രസിദ്ധീകരിച്ചുകൊണ്ട് ചോദിക്കുന്നു. മനുഷ്യന് സംഭവിച്ച മഹാവിപത്തിന്റെ ഇരയായാണ് ഡെയ്‌ലി മെയില്‍ ഈ ചിത്രത്തെ വിശേഷിപ്പിച്ചത്. ലോകത്തെ നിശ്ശബ്ധമാക്കാന്‍ ഒരു ചിത്രമെന്ന് ഇറ്റലിയുടെ ലാ റിപ്ലബ്ലിക്കയുടെ ട്വീറ്റ്. വടക്കന്‍ ആഫ്രിക്കയില്‍ നിന്ന് യൂറോപ്പിലേക്ക് ഇതിനകം മൂന്നര ലക്ഷത്തിലധികം പേര്‍ അഭയം തേടി എത്തിയിട്ടുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. ഇവരില്‍ പലരും ലിബിയയില്‍ നിന്നുള്ള കടല്‍ക്കൊള്ളക്കാരുടെ ആക്രമണത്തിന് ഇരയാക്കപ്പെടുകയും ചെയ്തു. അഭയാര്‍ഥികളെ സ്വീകരിക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ തയ്യാറാകാത്തതാണ് ലക്ഷക്കണക്കിന് പേരുടെ ജീവിതം ആഴക്കടലില്‍ ഹോമിക്കപ്പെടാന്‍ ഇടയാക്കുന്നത്. കിലോമീറ്ററുകളോളം ദൈര്‍ഘ്യമുള്ള വേലികള്‍ സ്ഥാപിച്ചും റെയില്‍വേ ടിക്കറ്റുകള്‍ നിഷേധിച്ചും യൂറോപ്യന്‍ രാജ്യങ്ങള്‍ അഭയാര്‍ഥികളെ പീഡിപ്പിക്കുകയാണ്. അഭയാര്‍ഥികളുടെ ഒഴുക്ക് കൈകാര്യം ചെയ്യാന്‍ സഹായിക്കണമെന്ന് ഗ്രീസ് യൂറോപ്യന്‍ യൂണിയനോട് അപേക്ഷിച്ചിട്ടുണ്ടെങ്കിലും അതൊന്നും അവര്‍ ചെവികൊണ്ടിട്ടില്ല.