Tuesday, November 10, 2026

ടിപ്പുവിന്റെ ചാരത്തേക്ക്

ഒരുപാട് കാലത്തെ ആഗ്രഹമായിരുന്നു കുടുംബത്തെയും കൂട്ടി മൈസൂരിലേക്ക് ഒരു യാത്ര പോകണം എന്നത്. ഞാനും ഇതുവരെ അവിടേക്ക് പോയിട്ടില്ല. അങ്ങിനെയാണ് മകൻ ലീവിന് വന്ന ഒരു ദിവസം പോകാൻ തീരുമാനിച്ചത്. ചൊവ്വാഴ്ച്ച പോകാനാണ് തീരുമാനിച്ചതെങ്കിലും ജെമിനയോട് ചോദിച്ചപ്പോൾ മൈസൂർ മൃഗ ശാല ചൊവ്വ ഹോളി ഡേ ആയിരിക്കുമെന്ന വിവരം കിട്ടി. അങ്ങിനെയാണ് തിങ്കളാഴ്ച ഒരു മുന്നൊരുക്കങ്ങളും ഇല്ലാതെ മക്കളുടെ മദ്രസ വിട്ട ഉടനെ പോകാൻ തീരുമാനിച്ചത്. അത് കൊണ്ട് തന്നെ ഭാര്യയുടെ ഉമ്മയെ കൂട്ടാൻ പറ്റിയില്ല. അല്ലെങ്കിൽ ഇത്തരം യാത്രകളിലൊക്കെ ഉമ്മയും കൂടെ ഉണ്ടാകാറുണ്ട്. ഒരു ദിവസം കൊണ്ട് പോയിവരാൻ കഴിയില്ലെന്ന് കണ്ടത് കൊണ്ട് വീട്ടിൽ നിന്ന് തന്നെ ഓൺലൈൻ വഴി രാത്രി താമസിക്കാനുള്ള റൂമും ബുക്ക് ചെയ്തു. പെട്ടെന്ന് നാസ്ത കഴിച്ചത് പോലെ ആക്കി ബാക്കി ഉള്ള നാസ്തയും മറ്റു പഴങ്ങളും,ഡ്രെസ്സുകളും പെട്ടെന്ന് തന്നെ കാറിൽ എടുത്ത വെച്ച് രാവിലെ ഒമ്പത് മണിക് ഞങ്ങൾ പുറപ്പെട്ടു. ശ്രീകണ്ഠപുരം വഴി നേരെ മലയോര ഹൈവേയിൽ പ്രവേശിച്ചു ഒന്നര മണിക്കൂർ കൊണ്ട് വള്ളിത്തോട് എത്തി. കൂട്ടുപുഴ കഴിഞ്ഞു മാക്കൂട്ടം ചുരം വഴിയാണ് യാത്ര. അപ്പോഴാണ് റൂം ബുക്ക് ചെയ്തവരുടെ ഭാഗത്ത് നിന്നും കാൾ വരുന്നത്. 200 രൂപ ഗൂഗിൾ പേ ചെയ്യാൻ.അങ്ങിനെ അതും ചെയ്ത് കൊടുത്തു.(റൂം ബുക്ക് ചെയ്യുന്ന സമയം പയ്മെന്റ്റ് ചെയ്തിരുന്നില്ല).

കർണ്ണാടക സംസ്ഥാനത്തിൽ പെട്ട വീരാജ് പേട്ടയിൽ എത്താൻ ഏകദേശം ഒരു മണിക്കൂർ യാത്ര ചെയ്യണം. ഈ വഴി എനിക്ക് സുപരിചിതമാണ്. കാരണം 2011 ൽ ഇത് വഴി ബസ്സിൽ ഇരുപതിൽ കൂടുതൽ പ്രാവശ്യം എരുമാട് സൂഫി ശഹീദിന്റെ സവിധത്തിലേക്ക് യാത്ര ചെയ്തിട്ടുണ്ട്. https://unaisnrkd.blogspot.com/2019/02/blog-post.html അതിനു ശേഷം വർഷത്തിൽ ഒരു പ്രാവശ്യമെങ്കിലും ഇത് വഴി യാത്ര ചെയ്യാറുണ്ട്. സ്വന്തമായി വണ്ടി എടുത്തു ഒരു വട്ടവും പോയിട്ടുണ്ട്. ഭാര്യയും വണ്ടി എടുക്കും. എന്നേക്കാളും മുമ്പ് തന്നെ അവൾ വണ്ടി പഠിക്കുകയും, ലൈസൻസ് എടുക്കുകയൂം ചെയ്തിട്ടുണ്ട്. എങ്കിലും ദീർഘ ദൂര യാത്രകളിലൊക്കെ ഞാൻ തന്നെയാണ് കൂടുതലും ഡ്രൈവ് ചെയ്യാറ്. ഇപ്പോഴും അവളോട് ഡ്രൈവ് ചെയ്യുന്നോ എന്ന് ചോദിച്ചപ്പോൾ ഇല്ലെന്നായിരുന്നു അവളുടെ മറുപടി. എനിക്ക് കൊടുക്കാനും ആഗ്രഹമുണ്ടായിരുന്നില്ല കാരണം മൃഗ ശാല ക്ലോസിങ് ടൈം അഞ്ചു മാണി ആണ്. അതിനു രണ്ടു മണിക്കൂർ മുമ്പെങ്കിലും അവിടെ എത്തണമല്ലോ.

വിചാരിച്ചത് പോലെ ഒരു മണിക്കൂർ കൊണ്ട് വീരാജ്പേട്ട മൈസൂർ റോഡിൽ എത്തി. അവിടെ നിന്നും 102 കിലോമീറ്റർ ഓടണം മൈസൂരിലേക്ക്. ഇത് വരെ ഇത് വഴി യാത്ര ചെയ്തിട്ടില്ല.

ആദ്യമൊക്കെ മോശമായ റോഡ് ആയിരുന്നു വെങ്കിലും പിന്നീട് നല്ല റോഡിലൂടെ ആയി യാത്ര. ഇടക്ക് വണ്ടി റോഡരികിൽ നിർത്തി ഓറഞ്ചു വിൽക്കുകയായിരുന്ന ഒരാളിൽ നിന്നും ഓറഞ്ചു വാങ്ങി. പേരും, ഊരും ചോദിച്ചപ്പോൾ അയാൾ മലയാളിയാണെന്ന് മനസ്സിലായി.വീണ്ടും യാത്ര കുട്ടികളൊക്കെ ഉറങ്ങി. അല്ലെങ്കിൽ അങ്ങനെയാണല്ലോ പോകാൻ ഒരുങ്ങുമ്പോൾ ഉണ്ടാകാറുള്ള ആവേശമൊന്നും വണ്ടിയിൽ കയറിയാൽ ഉണ്ടാകാറില്ല. ചെറിയ മകൻ സ്കൂളിൽ നിന്നും പഠിച്ച അക്ഷരങ്ങളൊക്കെ കൂട്ടി വായിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അതൊന്നും പൂർണ്ണതയിൽ എത്തുന്നില്ല. മകൾ കുറച്ചു സമയം mobile നോക്കി പിന്നെ ഉറക്കിലേക്ക് നീങ്ങി. മൂത്ത മകൻ ഇടയ്ക്കിടെ പ്രകൃതി ആസ്വദിക്കുകയൂം ഇടയ്ക്കിടെ റീല് ആസ്വദിക്കുകയും ചെയ്യുന്നുണ്ട്. അവളാണെങ്കിൽ എനിക്ക് ഉറക്കം വരാതിരിക്കാനുള്ള പരിശ്രമത്തിലും. അല്ലെങ്കിലും കാറിന്റെ സ്റ്റിയറിങ് എന്റെ കയ്യിൽ ആണെങ്കിലും ജീവിതത്തിന്റെ സ്റ്റിയറിങ് അവളുടെ കയ്യിൽ ആണല്ലോ....

പാതയുടെ ഇരു ഭാഗവും നല്ല വനം ആണ്. മൃഗങ്ങൾ ക്രോസ്സ് ചെയ്യുന്ന ഏരിയ ആണെന്നും വണ്ടി മെല്ലെ പോകണമെന്നും ഇടയ്ക്കിടെ എഴുതി വെച്ചിട്ടുണ്ട്. ഈ വാർണിങ് കൊണ്ടൊന്നും കാര്യമില്ലെന്നു ശരിക്കും അറിയാവുന്ന സർക്കാർ ഇടയ്ക്കിടെ റോഡിൽ വലിയ ഹമ്പുകളും ഉണ്ടാക്കിയിട്ടുണ്ട്. ചെറിയ മകൻ ഇടയ്ക്കിടെ റോഢിന്റെ ഇരു വശത്തേക്കും മാറി മാറി നോക്കുന്നുണ്ട്. അവനിക്ക് പുലിയെ കാണണം. മാനിന്നെ ഇടയ്ക്കു കാണുന്നുണ്ടെങ്കിലും പുലിയുടെ പൊടിപോലും നമ്മൾ കണ്ടില്ല. അവിടെ എത്തിയാൽ വലിയ പുലിയെ കാണിച്ചു തരാമെന്നു പറഞ്ഞു അവനെ സമാധാനിപ്പിച്ചു.അപ്പോഴാണ് എനിക്ക് ഓർമ്മ വന്നത് ..... ഊട്ടിയിലേക്കുള്ള യാത്രയിലാണ്... മുത്തങ്ങ വഴിയായിരുന്നു അന്ന് പോയത്. ആനിമൽസിനെ കാണാൻ വേണ്ടി തന്നെയാണ് കുറച്ചു കിലോമീറ്റർ കൂടുതൽ ആണെങ്കിലും മുത്തങ്ങ വഴി ഞങ്ങൾ തെരെഞ്ഞെടുത്തത്. അവിടെ മാനുകളുടെ പടയായിരുന്നു..നിറയെ മാനുകൾ അപ്പോഴാണ് പെട്ടെന്ന് മകൻ ചോദിച്ചത് ഇതെന്താ മാൻകാട് (മാനുകളുടെ കാട്) ആണോ എന്ന്....ആ ചോദ്യം വണ്ടിയിൽ ചിരി പടർത്തി.

ഏതായാലും ഹാസനും കഴിഞ്ഞു, ഗോണി കൊപ്പയും കഴിഞ്ഞു വണ്ടി പാഞ്ഞു. ഇടയിൽ പാതയോരത്തു കച്ചവടം ചെയ്തിരുന്ന ഒരു നാടൻ സ്ത്രീയിൽ നിന്നും നല്ല കക്കിരി ഉപ്പും മുളകും കൂട്ടി വാങ്ങി കഴിച്ചു. തുടർന്നുള്ള യാത്രക്ക് കുറച്ചു കക്കിരി വാങ്ങി കയ്യിലും വെച്ചു. ഏകദേശം മൈസൂർ ടൗൺ എത്തി. നഗരം മുഴുവനും ദീപാലൻകൃതമാക്കിയിരിക്കുന്നു. ചോദിച്ചപ്പോഴാണ് അറിഞ്ഞത് ദസറയുടെ മുന്നൊരുക്കം ആണെന്ന്. രാവിലെ എടുത്ത നാസ്തയും, മറ്റു പഴങ്ങളും ഉണ്ടായത് കൊണ്ട് ഉച്ച ഭക്ഷണത്തിനു എവിടെയും നിർത്തേണ്ടി വന്നില്ല.രണ്ടര മണിക്ക് ZOO പാർക്കിലേക്ക് വണ്ടി കയറ്റി.. പാർക്കിങ് ഫ്രീ അല്ല കേട്ടോ...75 രൂപ കൊടുക്കണം. സൂ പ്രവേശന കവാടത്തിലൂടെ എല്ലാം പരിശോധിക്കുന്നുണ്ട്. വെള്ളമല്ലാതെ മറ്റൊന്നും ഉള്ളിലേക്ക് അനുമതിയില്ല. വെള്ളത്തിന്റെ ബോട്ടിൽ കൊണ്ടുപോകാൻ പത്തുരൂപ കൊടുക്കണം. അത് തിരിച്ചു വരുമ്പോൾ റിട്ടേൺ കിട്ടുകയും ചെയ്യും. അതിൽ ഒരു സ്റ്റിക്കർ പതിക്കും അത് തിരിച്ചു വരുമ്പോൾ കാണിച്ചാൽ മതി. അങ്ങിനെ ഞങ്ങൾ ഒരാൾക്ക് നൂറു രൂപ ടിക്കട്റ്റ് കൊടുത്തു ഉള്ളതിൽ കയറി. വിശാലമായ മൃഗ ശാല. അഞ്ചു കിലോമീറ്റർ നടന്നു കാണാൻ ഉണ്ട്.ഓരോ പത്തു മീറ്റർ കഴിയുമ്പോഴും EXIT ആവാൻ എത്ര കിലോമീറ്റർ അവശേഷിക്കുന്നുണ്ട് എന്ന ബോർഡ് കാണാൻ പറ്റും. അങ്ങിനെ എല്ലാം നോക്കി കണ്ടു പുറത്തിറങ്ങി നേരെത്തെ കൊടുത്ത പത്തുരൂപയും വാങ്ങി ഹോട്ടലിൽ പോയി ചായയും കുടിച്ചു നേരെ റൂമിലേക്ക് പോയി. റൂം ബോയ് ലൊക്കേഷൻ അയച്ചു തന്നിരുന്നു. അവിടെ നിന്നും പത്തു മിനുട്ട് ദൂരത്തിൽ ആയിരുന്നു റൂം. റൂമിലേക്ക് പോകാൻ കാറിൽ കയറിയപ്പോഴാണ് അടുത്തേക്ക് വന്നു ഒരു തമിഴ് നാട്ടു കാരൻ റൂം വേണോ എന്ന് ചോദിക്കുന്നത്. AC റൂമിന് ആയിരം രൂപ തന്നാൽ മതി എന്നും, ഇവിടെ അടുത്താണ് റൂം പറഞ്ഞപ്പോൾ പോയി നോക്കാം എന്ന് കരുതിയെങ്കിലും ബുക്ക് ചെയ്തവരെ വഞ്ചിക്കേണ്ട എന്ന് കരുതി അത് ഒഴിവാക്കി. അപ്പോഴാണ് മനസ്സിലായത് സീസൺ ഒന്നും അല്ലെങ്കിൽ നേരെത്തെ റൂം ബുക്ക് ചെയ്യേണ്ട ആവശ്യമില്ലെന്ന്. റൂമിൽ വന്നു ഫ്രഷ് ആയി രാത്രി ഫുഡും കഴിച്ചു, നാളെ എങ്ങിനെയാണ് യാത്ര എന്നത് ചർച്ച ചെയ്തു..അവസാനം ഒരു തീരുമാനത്തിൽ എത്തി. മൈസൂർ പാലസും, മ്യുസിയവും കാണാൻ പോകാതെ 18 കിലോമീറ്റർ ദൂരെയുള്ള ടിപ്പുവിന്റെ കോട്ട സ്ഥിതി ചെയ്യുന്ന ശ്രീ രംഗ പട്ടണത്തേക്ക് പോകാം..അവിടെ നിന്നും സമയം ഉണ്ടെങ്കിൽ എരുമാട് വഴി നാട്ടിലേക്ക് തിരിക്കാം. സുഖ നിദ്രയിലേക്ക് വീണു ...ബാക്കി നാളെ....