Tuesday, July 09, 2024

ജീവിതം

   ഇന്നലെ(19/06/2024)  ഒരു ബംഗ്ലാദേശ് കാരി പെണ്ണ് ഷോപ്പിലേക്ക് വന്നിരുന്നു.കൂടെ ഒരു മകളും രണ്ടു യുവാക്കളും ഉണ്ടായിരുന്നു. ചില പേപ്പറുകൾ തന്നിട്ട് അറബിയിൽ ഒരു ലെറ്റർ ഉണ്ടാക്കി തരുവാൻ പറഞ്ഞു.പേപ്പറുകൾ ചെക്ക് ചെയ്തപ്പോൾ ഈ മാസം  പന്ത്രണ്ടാം തിയ്യതി മുപ്പത്തി അഞ്ചു വയസ്സ് കാരനായ അവളുടെ ഭർത്താവ് ദുബായിലെ എമിരേറ്റ്സ് ഹോസ്പിറ്റലിൽ വെച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ടിരിക്കുന്നു എന്ന ഡെത്ത് സർട്ടിഫിക്കറ്റ് ആണ് മുമ്പിൽ തെളിഞ്ഞു വന്നത്. മരണപ്പെട്ട ആളുടെ വിസ ക്യാൻസൽ ചെയ്യണമെങ്കിൽ ആദ്യം അവന്റെ ഭാര്യയുടെയും കുട്ടികളുടെയും വിസ ക്യാൻസിൽ ചെയ്യണം,അതാണ്‌ നിയമം. പക്ഷെ ചില പ്രോപ്പർട്ടികൾ ഇവിടെ ഉള്ളത് കാരണം അവരുടെയും മക്കളുടെയും വിസ ഹോൾഡ് ചെയ്യാനുള്ള ഒരു അറബി ലെറ്റർ ടൈപ്പ് ചെയ്തു എമിഗ്രേഷനിലേക്ക് പോകാൻ വേണ്ടിയാണ് അവർ ഇവിടെ വന്നിരിക്കുന്നത്. 

 കൂടെ വന്ന കുട്ടിയുടെ പാസ്സ്പോർട്ടിലേക്ക് ഞാനൊന്നു കണ്ണോടിച്ചു നോക്കി, പേര് റുഫൈദ ജനിച്ചത് 2021ൽ അഥവാ മൂന്നു വയസ്സ് പ്രായം.അവൾ കളിക്കുന്നുണ്ട്, ചിരിക്കുന്നുണ്ട് പക്ഷെ അവൾ അറിയുന്നില്ലല്ലോ അവളുടെ പ്രിയപ്പെട്ട ഉപ്പ എന്നന്നേക്കുമായി അവളെ വിട്ടു പോയ വിവരം. എന്തായിരിക്കും ആ മകളോട് പറഞ്ഞിട്ടുണ്ടാവുക ഉപ്പയെ ചോദിക്കുമ്പോൾ ......നാളെ വരും, മറ്റന്നാൾ വരും, അടുത്ത ദിവസം വരും യെന്നായിരിക്കില്ലേ ...അങ്ങിനെ അങ്ങിനെ നീണ്ടു പോകും ഒരു ദിവസം അവളും ആ യാഥാർഥ്യം തിരിച്ചറിയും. മറ്റൊരു കുട്ടിയും കൂടി ഉണ്ട് പേര് മഈശ ജനിച്ചത് 2018 ൽ ആറു വയസ്സ് പ്രായം.

    ചെറിയ മക്കളെ തനിച്ചാക്കി മാതാപിതാക്കൾ പോകുന്നത് വല്ലാത്തൊരു അവസ്ഥ തന്നെ അല്ലെ..... നമ്മുടെ മക്കളിലേക്ക് ചേർത്തി നോക്കുമ്പോൾ അതിന്റെ ആഴം മനസ്സിലാകും...അല്ലാഹ് നീ രക്ഷ......

    ലെറ്റർ ടൈപ് ചെയ്തു അവരുടെ ഒപ്പ് വാങ്ങുമ്പോൾ അവരുടെ കരങ്ങൾ വിറക്കുന്നുണ്ടായിരുന്നു.അവരുടെ പാസ്സ്‌പോർട്ട് ഞാൻ ചെക്ക് ചെയ്തു പേര് റിപ സുൽത്താന ജനിച്ചത് 1990 ൽ  മുപ്പത്തി നാല് വയസ്സ് പ്രായം ആകുന്നെ ഉള്ളൂ...എന്തൊരു വിധി ആണ് അല്ലെ , ചെറു പ്രായത്തിൽ തന്നെ വൈധവ്യം പേറേണ്ടി വരുന്നവർ. ഭർത്താവിന്റെ മയ്യിത്ത് മോർച്ചറിയിൽ വെച്ചിട്ടാണ് നിയമക്കുരുക്ക് അഴിക്കാൻ അവർ ഓടിച്ചാടി നടക്കുന്നത്.

    പക്ഷെ അപേക്ഷ എമിഗ്രേഷൻ സ്വീകരിച്ചില്ല. ക്യാൻസൽ ചെയ്യാതെ നിർവ്വാഹമില്ല എന്നവർ പറഞ്ഞു. ഇന്ന് രാവിലെ നാല് പേരുടെയും വിസ ക്യാൻസൽ ചെയ്തു. ജീവിതത്തിൽ നിന്ന് തന്നെ ക്യാൻസൽ ചെയ്തു പോയവർക്ക് ഇവിടെ എന്ത് ക്യാൻസലേഷൻ അല്ലെ ......

6 comments:

  1. ഇത് നടന്നതോ ഉനൈസ് . വായിച്ചു ഏറെ സങ്കടകരം

    ReplyDelete
  2. ജീവിതം നമ്മളെ പരീക്ഷിക്കുന്നുവെന്നു പറയുന്നത് ഇങ്ങനെ ഒക്കെ ആണ് . ദൈവം ഈ കുടുംബത്തെ കാത്തു രക്ഷിക്കട്ടെ . നമുക്ക് പ്രാർത്ഥിക്കാം ...

    ReplyDelete
  3. എന്ത് പറയാനാണ്.
    അവർക്ക് ഇത് താങ്ങാനുള്ള കരുത്തുണ്ടാകട്ടെ.
    സങ്കടം വായിച്ചപ്പോൾ

    ReplyDelete
  4. ചില അവസ്ഥകളെ മറികടക്കാൻ അല്പം പ്രയാസമുണ്ടാവും...

    ReplyDelete