Tuesday, April 26, 2016

സ്നേഹ സവാരി

   


   നിങ്ങൾ കേട്ടിട്ടുണ്ടോ സ്നേഹിക്കാൻ ഒരു കാമ്പയിൻ. തീർത്തും വ്യത്യസ്തമായ  കാമ്പയിൻ അല്ലെ. "സൌഹൃദങ്ങളുടെ നൊസ്റ്റാൾജിയ" എന്ന തലക്കെട്ടിൽ GCC യിലെ മുഴുവൻ രാഷ്ട്രങ്ങളിലും RSC സ്നേഹ കാമ്പയിൻ നടക്കുന്നു. പണ്ടെപ്പോഴോ നഷ്ടപ്പെട്ടു പോയ സ്നേഹത്തെ തിരിച്ചുപിടിക്കാൻ ഒരു എളിയ ശ്രമം. സ്നേഹത്തിന്റെ ഒരു കുട്ടിക്കലമുണ്ടയിരുന്നില്ലേ നമുക്ക്,,,,ആരാന്റെ പറമ്പിൽ നിന്നും എറിഞ്ഞ് കൊണ്ടുവന്ന ഒരു  മാങ്ങ രണ്ടും, മൂന്നും പേർ കടിച്ചു തിന്നത് ഓർക്കുന്നില്ലേ.അപ്പോൾ ഒരാളുടെ തുപ്പുനീർ മറ്റൊരാൾക്ക്‌ പ്രശ്നമായിരുന്നില്ല. മഴ പെയ്യുമ്പോൾ ശരിക്കും കുളിര് അനുഭവിച്ചത് നമ്മുടെ മനസ്സകങ്ങളിലായിരുന്നില്ലേ.ചെറിയ മീനുകളെ പിടിക്കാനുള്ള വ്യഗ്രതയിൽ സ്കൂൾ ബുക്ക്‌ വലിച്ചെറിഞ്ഞ് അമ്മയെയും, ഉമ്മയെയും കാണാതെ എവിടെയോ വെച്ച തോർത്ത്‌ മുണ്ടും പരതിയെടുത്ത് ഒരു ഓട്ടമായിരുന്നില്ലേ വയലുകളിലേക്ക്. ചോറും,കറിയും വെച്ചും, കളിമണ്ണിൽ പുട്ട് ചുട്ടും,ഇല പൈസയായും കല്ലുകൾ മിടായിയായും  കളിച്ച, വളക്കളിയും, കൊത്തൻ കല്ലും കളിച്ച,അരണ്ട ചിമ്മിനി വിളക്കിലും കഥകൾ പറഞ്ഞു തന്ന അമ്മുമ്മ ഉണ്ടായിരുന്ന ഒരു കുട്ടിക്കാലത്തെ ഓർത്തെടുക്കാൻ എന്ത് രസമാണ് അല്ലെ.         ആധുനിക സംഭവവികാസങ്ങളിലേക്ക് നോക്കുമ്പോൾ ഈ കാമ്പയിന്  തീർത്തും പ്രസക്തിയുണ്ടെന്ന് മനസ്സിലാവും. സ്നേഹവും, കരുണയും,ആർദ്രതയും ന്യൂ ജനറേഷന്റെ മനസ്സിൽനിന്നും കുടിയിറക്കപ്പെട്ടു കൊണ്ടിരിക്കുന്നു. സെൽഫിക്കു മുന്നിലും,നവമാധ്യമങ്ങൾക്ക് മുമ്പിലും സ്നേഹത്തിനു പുതിയ നിർവ്വചനം തേടേണ്ടിയിരിക്കുന്നു എന്ന അവസ്ഥയിലേക്ക് കാലം പോയിക്കൊണ്ടിരിക്കുന്നു. ഇന്നലെകളിൽ ഉണ്ടായിരുന്ന സൗഹൃദക്കൂട്ടായ്മകൾ നാടുകളിൽനിന്നും മാഞ്ഞുപോയപ്പോൾ കൂടെ പരസ്പരം സ്നേഹിക്കാനുള്ള  മനസ്സുമാണ് എവിടെയോ പോയി മറഞ്ഞതെന്നോർക്കണം.

         ചായക്കടയിലും,പീടികത്തിണ്ണയിലും ഉണ്ടായിരുന്ന  സംവാദങ്ങൾ  പരസ്പരം അറിയാനും,മനസ്സിലാക്കാനുമുള്ളവേദികളായിരുന്നു. ആ നാട്ടിൻ പുറത്തെ തനിമ നഷ്ട്ടപ്പെട്ടപ്പോൾ മനുഷ്യർ പരസ്പരം തിരിച്ചറിയാത്തവനെപ്പോലെ പെരുമാറുന്നു. വൈഫയുടെയും, ഡാറ്റയുടെയും മുമ്പിൽ ആബാല വൃദ്ധം ജനങ്ങളും തലകുനിച്ചിരിക്കുമ്പോൾ പരസ്പരം സംസാരിക്കാനുള്ള മനുഷ്യന്റെ ആഗ്രഹം ഹനിക്കപ്പെടുകയാണ്. പരസ്പരം മനസ്സറിഞ്ഞ്,ഹൃദയം തുറന്ന് ആശയസംവേദനങ്ങൾ നടക്കുമ്പോൾ മാത്രമാണ് അപരന്റെ വിഷമങ്ങളും,കഷ്ട്ടപ്പാടുകളും അറിയാൻ സാധിക്കുന്നത്‌. അപ്പോൾ മാത്രമാണ് സഹായിക്കാനുള്ള മനുഷ്യന്റെ സഹജമായ സ്വഭാവം ഉണ്ടാവുകയുള്ളൂ.അത്കൊണ്ടായിരിക്കാം കുറച്ചു യാത്ര ചെയ്ത് കൂടുതൽ സംസാരിക്കാൻ നമ്മോട് നിർദേശിക്കപ്പെട്ടത്.പക്ഷെ ഇവിടെ മനുഷ്യന്റെ മനസ്സ് മരവിച്ചിരിക്കുകയാണ്. ഒന്നും കയറാത്ത വിധത്തിൽ ഹൃദയം അടഞ്ഞു പോയിരിക്കുന്നു. ആരോടും ഒന്നും പങ്കുവെക്കാതെ എല്ലാം അവനവനിലേക്ക്‌ ഒതുക്കി നിർത്തുമ്പോഴും സ്വന്തം അയൽപക്കത്തുള്ളവരുടെ,സഹ മുറിയന്റെ,കൂടെക്കിടക്കുന്നവരുടെ സങ്കടങ്ങൾക്ക് കാതോർക്കാതെ അങ്ങെവിടെയോഉള്ള ആരോടോ കാര്യമായ സല്ലാപത്തിലായിരിക്കും.അപ്പോഴും ചില തിരിനാളങ്ങൾ ഉണ്ട് എന്നത് വിസ്മരിക്കാൻ കഴിയില്ല. ന്യൂ ജനറേഷന്റെ അരുതായ്മകൾക്ക് മുന്നിലും തലകുനിക്കാതെ മറ്റുള്ളവർക്ക് വെളിച്ചം പകർന്നു നൽകുന്നവർ. സൂര്യ വെട്ടത്തിന് മുമ്പിൽ ചെറുതാണെങ്കിലും ഇരുട്ടിൽ അത് വലുതാണ്.മെഴുകുതിരിയുടെ പ്രകാശം അല്ലെങ്കിൽ ഒരു ചിമ്മിനി വിളക്കിന്റെ പ്രകശം,മിന്നാമിനുങ്ങിന്റെ വെളിച്ചം കൂരിരുട്ടത്ത് വലുതാണല്ലോ.


   

            കാമ്പയിന്റെ പ്രധാനപ്പെട്ട ഒരു പരിപാടിയായിരുന്നു സവാരി. ദുബൈ മുശ്രിഫ് പാർക്കിലേക്കായിരുന്നു ഞങ്ങളുടെ യാത്ര. ഏക്കർകണക്കിന് നീണ്ടു കിടക്കുന്ന പാർക്കിന്റെ ഒരു ഒഴിഞ്ഞ സ്ഥലത്ത് സ്ഥലം കണ്ടെത്തി.ഉച്ച സമയമായത് കൊണ്ട് ആദ്യ പരിപാടി ഭക്ഷണം കഴിക്കലായിരുന്നു. ആദ്യമേ ഉണ്ടാക്കിക്കൊണ്ടുവന്ന ബിരിയാണി പന്ത്രണ്ടു പേർ മൂന്നു വലിയ പാത്രങ്ങളിൽ നിന്നായി കഴിച്ചു.പഴമക്കാർ അങ്ങിനെയായിരുന്നു ഒരു പാത്രത്തിൽ നിന്നും രണ്ടും,മൂന്നും,അഞ്ചും പേർ  കഴിച്ച ഒരു കാലമുണ്ടായിരുന്നു. അത് ദാരിദ്ര്യം കൊണ്ടായിരുന്നില്ല. സ്നേഹ ഭക്ഷണമായിരുന്നു. പിന്നീട് നീണ്ട ഒരു കഥ പറച്ചിലായിരുന്നു. ഓരോരുത്തരും അവർ വന്ന വഴി, ഇന്നെലകളിൽ സഹിച്ച വിഷമങ്ങൾ,ത്യാഗങ്ങൾ, ചെറുപ്പത്തിലെ കുസൃതികൾ, ഇപ്പോഴത്തെ അവസ്ഥ എല്ലാം ഒരുകുടക്കീഴിൽ നിന്നും അയവിറക്കുകയായിരുന്നു. ജീവിതത്തിന്റെ ഇന്നെലകളെ അനാവരണം ചെയ്ത്, നടന്നു വന്ന വഴികളിലൂടെ ഒരു എത്തി നോട്ടം. അതിൽ സമ്പന്നതയുടെ മടിത്തട്ടിൽനിന്നും പ്രവാസത്തിന്റെ ഊഷര ഭൂവിൽ എത്തിപ്പെട്ടവർ. ഇല്ലായ്മയുടെ വറുതി യിൽനിന്നും പച്ചപ്പിലേക്ക് പറിച്ചു നട്ടവർ.ജീവിത വഴിയിൽ വേണ്ടപ്പെട്ട ആരൊക്കെയോ നഷ്ടപ്പെടുമ്പോഴും പിടിച്ചു നിൽക്കാനുള്ള പെടാപാടുകൾ.ക്ലാവ് പിടിക്കാത്ത ഓർമ്മകളെ ഓർത്തെടുക്കുകയായിരുന്നു പലരും.

       തലശ്ശേരി ബ്രണ്ണൻ കോളേജിൽ നിന്നും പുഷ്പിച്ച പ്രണയം ജീവിതത്തിൽ യാഥാർത്യമായതും, മനസ്സമാധാനത്തിനു പുതിയചികിത്സ കണ്ടു പിടിച്ച് കുട്ടികളെ തമാശയാക്കിയതും, പോലീസ് സ്റ്റേഷനിലെ ഒരു രാത്രിയും അങ്ങിനെ പലതും,പലരും പങ്കു വെച്ചപ്പോൾ ഞങ്ങൾ എല്ലാവരും പഴയ കുട്ടികളായി മാറുകയായിരുന്നു. ഇടക്ക് "ഒന്നാനാം കൊച്ചുതുമ്പി എന്നുടെ കൂടെ പോരുമോ നീ" എന്ന കവിതയും,"പലപല നാളുകൾ ഞാനൊരു പുഴുവായി പവിഴക്കൂട്ടിലുറങ്ങി" എന്ന പൂമ്പാറ്റക്കവിതയും ഉച്ചത്തിൽ ഒരുമിച്ചുപാടി പഴയ രണ്ടാം ക്ലസ്സുകാരായി മാറി നാം.ജീവിക്കാനുള്ള പരക്കം പാച്ചിലിനിടയിൽ നഷ്ടപ്പെട്ടു പോയ സൌഹൃദത്തെ പുതിയ തലത്തിലേക്ക് കൊണ്ടുവന്നു സ്നേഹത്തിന്റെ ഒരു തുരുത്ത് തീർക്കുകയായിരുന്നു ഞങ്ങൾ.
വൈകുന്നേരം ഒരു മണിക്കൂർ രണ്ട് ടീമുകളായി വോളിബോൾ കളിച്ചു. പഴമയെ ഓർമ്മിപ്പിക്കുന്നതായിരുന്നു ടീമുകളുടെ പേരും. "കഞ്ഞിയും, ചമന്തിയും". എതിരില്ലാത്ത മൂന്നു സെറ്റുകൾക്ക് ഞങ്ങളുടെ ചമന്തി ടീം "കഞ്ഞി" ടീമിനെ തോൽപ്പിച്ചു. ശേഷം ചായ കുടി. കടിയിലുമുണ്ടായിരുന്നു ഒരു നൊസ്റ്റാൾജിയ. "മൈസൂർ പാക്ക്". വീണ്ടും സൊറ പറച്ചിൽ. എല്ലാം കഴിഞ്ഞു റൂമിൽ തിരിച്ചെത്തുമ്പോൾ ഏകദേശം രാത്രി ഒമ്പത് മണിയായിരുന്നു.

     വരൂ, നമുക്ക് സ്നേഹിക്കാം, സ്നേഹം കൊണ്ടൊരു വിപ്ലവം തീർക്കാം,,,,,,,,,

                   "സ്‌നേഹമാണഖിലസാര മൂഴിയില്‍" എന്നാണല്ലോ.  

19 comments:

 1. ഓ.ഉനൈസ്‌.ഞാൻ ഈ പോസ്റ്റ്‌ മിസാക്കിയല്ലോ!!

  മനസ്സിലൂടെ കുറേ ഓർമ്മകൾ കടന്ന് പോയി.ഇത്‌ വായിച്ച സമയം കുട്ടിക്കാലം ഓർത്ത്‌ പോയി.യാതൊരു ടെൻഷനുമില്ലാതെ പാടത്തും,പറമ്പിലും,മരം കയറിയും നടന്ന ആ കുട്ടിക്കാലം ഇനിയൊരിയ്ക്കലും തിരിച്ച്‌ കിട്ടാനിടയില്ലാത്ത രീതിയിൽ നഷ്ടമായല്ലോന്ന് ഓർക്കുമ്പോൾ ………………

  ഈ വോളിബോൾ കളിയെക്കുറിച്ചാണല്ലോ അല്ലേ എന്റെ ബ്ലോഗിലിട്ട കമന്റിൽ പറഞ്ഞത്‌!!!!?!?!!

  ReplyDelete
  Replies
  1. അതെ സുധീ ഈ വോളിബോൾ കളിയെകുറിച്ച് തന്നെയാണ് പറഞ്ഞത്..വായിച്ചതിനും, അഭിപ്രായം പറഞ്ഞതിനും കടപ്പാട് അറിയിക്കുന്നു.

   Delete
 2. പഴയ സൗഹൃദങ്ങൾ കുടുംബ സമേതം ഇത്തരത്തിൽ വല്ലപ്പോഴും യാത്ര പോകുന്നത് വളരെ നല്ലതാണ്. കുറച്ചു നേരത്തേക്കെങ്കിലും ഒരു റിലാക്സ് കിട്ടും.

  ReplyDelete
  Replies
  1. ശരിയാണ്. കുടുംബ സമേതം ഇത്തരം യാത്ര പോകൽ നല്ലതാണ്. നന്ദി വീകെ.

   Delete
 3. This comment has been removed by the author.

  ReplyDelete
 4. ഇങ്ങിനിയെത്താതെ പൊയ്പ്പോയ ആ നാളുകൾ... :(

  ReplyDelete
  Replies
  1. വിനുവേട്ടാ....കടപ്പാട് വായിച്ചതിനും,അഭിപ്രായം രേഖപ്പെടുത്തിയതിനും.

   Delete
 5. അതെ, സ്നേഹത്തിന് പുതിയ നിർവചനം തേടേണ്ടിയിരിക്കുന്നു.

  ReplyDelete
  Replies
  1. ഡോക്ടർ, നന്ദി തിരക്കിനിടലും വായനക്ക് സമയം കണ്ടെത്തിയതിന്.

   Delete
 6. അതെ, സ്നേഹത്തിന് പുതിയ നിർവചനം തേടേണ്ടിയിരിക്കുന്നു.

  ReplyDelete
 7. ദയം തുറന്ന് ആശയസംവേദനങ്ങൾ നടക്കുമ്പോൾ മാത്രമാണ് അപരന്റെ വിഷമങ്ങളും,കഷ്ട്ടപ്പാടുകളും അറിയാൻ സാധിക്കുന്നത്‌. അപ്പോൾ മാത്രമാണ് സഹായിക്കാനുള്ള മനുഷ്യന്റെ സഹജമായ സ്വഭാവം ഉണ്ടാവുകയുള്ളൂ. സത്യം ..

  പിന്നെ ലേഖനങ്ങള്‍ എഴുതുമ്പോള്‍ പാരഗ്രാഫ് തിരിച്ചു സ്പേസ് ഇട്ടു എഴുതാന്‍ ശ്രമിക്കൂ .അത് പോലെ ചിത്രങ്ങള്‍ കൂടി ചേര്‍ത്താല്‍ കൂടുതല്‍ വായനസുഖം കൂട്ടാം ...

  ReplyDelete
  Replies
  1. ഫൈസൽക്ക, നിങ്ങൾ പറഞ്ഞ അഭിപ്രായം തീർത്തും ഞാൻ അംഗീകരിക്കുന്നു. ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ശ്രദ്ധിക്കുമല്ലോ..... തുടർന്നും നിർദേശങ്ങൾ പ്രതീക്ഷിക്കുന്നു.

   Delete
 8. എല്ലാ നന്മകളും നേരുന്നു

  ReplyDelete
 9. നല്ലൊരു തിരിഞ്ഞുനടത്തം . എല്ലാവരുടെയും ഉള്ളില്‍ വളരാന്‍ മടിയ്ക്കുന്ന ഒരു ശിശു ഉണ്ട്. നടന്നുതീര്‍ത്ത വഴിയ്ലൂടെ ഒന്ന് തിരിച്ചു നടക്കാന്‍ വെമ്പുന്ന ഒരു ആര്‍ദ്ര മനസ്സും.

  ReplyDelete