Sunday, February 10, 2019

മാലാഖമാർ

  "ആശുപത്രി വരാന്തയിലൂടെ നീ ഒന്ന് നടന്ന് നോക്കണം. അപ്പോൾ അറിയാം നിന്റെ വിഷമം ഒന്നുമല്ലെന്ന്." ആരാണ് ഇത് പറഞ്ഞതെന്നറിയില്ല, എങ്കിലും സത്യമാണ്.  പതിനഞ്ചു ദിവസത്തെ ആശുപത്രി വാസത്തിനിടയിൽ കണ്ട ചില മുഖങ്ങളെ ഓർത്തെടുക്കട്ടെ.

   മുസ്തഫ : അത്യാവശ്യം സാമ്പത്തിക ശേഷിയുള്ള കുടുംബാംഗം. നാൽപത്തഞ്ചിനോടടുത്തു പ്രായം കാണും. നാട്ടിനടുത്തുള്ള ദേശീയ പാതയോരത്ത് ഒരു സിമന്റ് കട നടത്തുന്നു. പെട്ടന്നാണ് ഒരു പനിയുടെ രൂപത്തിൽ അയാളുടെ നിർഭാഗ്യം തുടങ്ങിയത്.അതോടൊപ്പം അയാളുടെ കാഴ്ച്ച ശക്തിയും പരിപൂർണ്ണമായി നഷ്ടപ്പെട്ടു. ഒരുപാടു ചികിൽസിച്ചു, പരിയാരം മെഡിക്കൽ കോളേജിൽ അടക്കം. പക്ഷെ യാതൊരു ഫലവും ഉണ്ടായില്ല. അതിനിടയിൽ  എപ്പോഴോ ഭാര്യയും അയാളെ വിട്ടേച്ചു പോയി.

    കുടുംബത്തിന് ഭാരമാകും എന്ന് കണ്ടപ്പോഴാണ് പഴയൊരു കടപ്പാടിന്റെ പേരിൽ ജേഷ്ടൻ പറശ്ശിനിക്കടവ് എം വി ആർ ആയുർവ്വേദ മെഡിക്കൽ കോളേജിൽ എത്തിക്കുന്നത്.ചികിത്സക്ക് വേണ്ടിയായിരുന്നില്ല അയാളുടെ ആ ആശുപത്രി വാസം. നാളുകൾ കഴിഞ്ഞു പോകാൻവേണ്ടി. പച്ചയായ മനുഷ്യനെ കൊന്നുതള്ളാൻ കഴിയില്ലല്ലോ എന്ന "സന്മനസ്സ്" കൊണ്ടാവുംഇവിടെയെങ്കിലും കൊണ്ടിട്ടത്. പരിചരിക്കാൻ ഒരു സ്ത്രീയേയും നിറുത്തിയിട്ടുണ്ട് പതിനായിരം രൂപ ശമ്പളവും കൊടുത്ത്. മുസ്‌തുക്കക്ക് ഇടയ്ക്കിടെ ബിരിയാണി വേണം. അത് ഞാൻ കാന്റീനിൽ പോയി വാങ്ങിക്കൊടുക്കും. ചായകുടിക്കുന്നതിനിടെ ആ സ്ത്രീ ഞങ്ങളോട് പറഞ്ഞു. ആ സ്ത്രീക്കുമുണ്ട് കുടുംബം. പ്ലസ്‌ടുവിനു മകനും ഭർത്താവുമടങ്ങുന്ന കുടുംബം. ഇപ്പോൾ അദ്ദേഹം എവിടെ, എനിക്കറിയില്ല, സുഖം പ്രാപിച്ചു വീട്ടിൽ സുഘമായി കഴിയുന്നു എന്ന് വിശ്വസിക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്.

    രോഗം ഒരുതരം ഒറ്റപ്പെടലാണ്. കുടുംബത്തിൽനിന്ന്, നാട്ടുകാരിൽ നിന്ന്, കൂട്ടുകാരിൽ നിന്ന് അങ്ങിനെ തുടങ്ങിയ എല്ലാവരിൽനിന്നും. ആശുപത്രികിടക്കയിൽ നിന്നും മേൽപ്പോട്ട് നോക്കി നക്ഷത്രങ്ങൾ എണ്ണുന്നവർ എത്രയെങ്കിലും ഉണ്ട് നമ്മുടെ ഇടയിൽ. ജീവിതത്തിന്റെയും, മരണത്തിന്റെയും നൂൽപ്പാലത്തിലൂടെ കടന്നുപോകുന്നവർ.എത്ര പണമുണ്ടായിട്ടും കാര്യമില്ല. ഒരു രോഗം വന്നാൽ മനുഷ്യന്റെ നിസ്സഹായാവസ്ഥ പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. അപ്പോൾ പണമല്ല ആവശ്യം.നിങ്ങളുടെ സഹതാപ വാക്കുകളും അവർക്കാവശ്യമില്ല. കരുണയോടെയുള്ള ഒരു തലോടലാണ്. ആർദ്രതയോടെയുള്ള ഒരു നോട്ടമാണ്.ഞാൻ നിന്റെ കൂടെ ഉണ്ട് (I AM WITH YOU) എന്ന ഒരുവാക്കാണ്.  അതിനു നമുക്ക് സാധിക്കുമോ?. ഒരു ചോദ്യചിഹ്നമാണ്.അവരുടെ നിശബ്ദമായ തേങ്ങലുകൾ കേൾക്കാൻ കഴിയുമോ..... സാന്ത്വനത്തിന്റെ കരസ്പർശം നല്കാൻ കഴിയുമോ......

മനുഷ്യാ, താണ്ടാൻ ഒരുപാടു ദൂരമുണ്ടിനിയും. താണ്ടിയ ദൂരമൊന്നും ഒന്നുമല്ലെന്ന് മനസ്സിലാക്കിത്തരുന്ന അനുഭവങ്ങൾ നിന്റെ കൺമുന്നിൽ ഉണ്ട്.സമ്പത്തിന്റെ സുഖലോലുപതയിൽ അഭിരമിക്കുമ്പോഴും,കോൺക്രീറ്റ് കെട്ടിടങ്ങളുടെ നടുവിൽ ജീവിതം തള്ളിനീക്കുമ്പോഴും മനുഷ്യന്റെ നിസ്സഹായ അവസ്ഥയെ കാണാതിരിക്കാൻ എങ്ങിനെ കഴിയുന്നു നമുക്ക്.

  15 ദിവസത്തെ ആശുപത്രി വാസത്തിനിടയിൽ പരിചയപ്പെട്ട മറക്കാൻ പറ്റാത്ത കുറച്ചു മുഖങ്ങൾ ഉണ്ട്. പുളിമ്പറമ്പ് കാരിയായ ലക്ഷ്മി, ഇരിട്ടികാരിയായ സരോജിനി അടുത്തടുത്ത റൂമുകളിൽ താമസിച്ചവരാണ്.
മുട്ട് വേദനയായിരുന്നു അവരുടെ പ്രശ്നം. ലക്ഷ്മി ഇടക്കിടെ ഭാര്യയെ വിളിച്ചു സുഖവിവരങ്ങൾ അന്വേഷിക്കാറുണ്ട്. മുബീന, ദീപക്, നിമിഷ,ഗായത്രി, മാനസി, നയന തുടങ്ങിയ മകനെ ചികിൽസിച്ച ഒരുപറ്റം മാലാഖമാരുമുണ്ട് മറക്കാൻപറ്റാത്തവരുടെ കൂട്ടത്തിൽ.








7 comments:

  1. മനുഷ്യാ, താണ്ടാൻ ഒരുപാടു ദൂരമുണ്ടിനിയും. താണ്ടിയ ദൂരമൊന്നും ഒന്നുമല്ലെന്ന് മനസ്സിലാക്കിത്തരുന്ന അനുഭവങ്ങൾ നിന്റെ കൺമുന്നിൽ ഉണ്ട്.സമ്പത്തിന്റെ സുഖലോലുപതയിൽ അഭിരമിക്കുമ്പോഴും,കോൺക്രീറ്റ് കെട്ടിടങ്ങളുടെ നടുവിൽ ജീവിതം തള്ളിനീക്കുമ്പോഴും മനുഷ്യന്റെ നിസ്സഹായ അവസ്ഥയെ കാണാതിരിക്കാൻ എങ്ങിനെ കഴിയുന്നു നമുക്ക്

    ReplyDelete
  2. ഒരു ചെറിയ പനി വന്നാൽപ്പോലും കിടപ്പിലായിപ്പോകാനുള്ളതേയുള്ളൂ ഈ ശരീരം എന്ന് മനസ്സിലാക്കാതെയാണ് മനുഷ്യൻ അഹങ്കരിക്കുന്നത് എന്നതാണ് ഏറ്റവും വലിയ തമാശ!

    നല്ലെഴുത്ത് ഉനൈസ്!!

    ReplyDelete
    Replies
    1. ശരിയാണ്. നന്ദി മഹേഷ് വായനക്ക്.

      Delete
  3. ഇതാണ് പച്ചയായ ജീവിതം. ബാക്കിയെല്ലാം കൺകെട്ടാണ്. ഏതു നിമിഷവും എടുത്തു മാറ്റപ്പെടാവുന്നത്. 👍👍

    ReplyDelete
    Replies
    1. ശരിയാണ്...നന്ദി ഈ വായനക്ക്.

      Delete
  4. വളരെ ശരിയാണ്. രോഗാവസ്ഥതയിൽ വളരെ സ്നേഹത്തോടെ ചേർത്ത് നിർത്താൻ കഴിഞ്ഞാൽ അതൊരു നല്ല കാര്യമാണ്. ചിലപ്പോൾ ആദ്യ കാലഘട്ടങ്ങളിൽ ചേർത്ത് നിർത്തിയവർ പിന്നീട് ഒന്ന് തിരിഞ്ഞ് പോലും നോക്കില്ല .
    സ്നേഹത്തോടെ പ്രവാഹിനി

    ReplyDelete