Tuesday, April 26, 2016

സ്നേഹ സവാരി

   


   നിങ്ങൾ കേട്ടിട്ടുണ്ടോ സ്നേഹിക്കാൻ ഒരു കാമ്പയിൻ. തീർത്തും വ്യത്യസ്തമായ  കാമ്പയിൻ അല്ലെ. "സൌഹൃദങ്ങളുടെ നൊസ്റ്റാൾജിയ" എന്ന തലക്കെട്ടിൽ GCC യിലെ മുഴുവൻ രാഷ്ട്രങ്ങളിലും RSC സ്നേഹ കാമ്പയിൻ നടക്കുന്നു. പണ്ടെപ്പോഴോ നഷ്ടപ്പെട്ടു പോയ സ്നേഹത്തെ തിരിച്ചുപിടിക്കാൻ ഒരു എളിയ ശ്രമം. സ്നേഹത്തിന്റെ ഒരു കുട്ടിക്കലമുണ്ടയിരുന്നില്ലേ നമുക്ക്,,,,ആരാന്റെ പറമ്പിൽ നിന്നും എറിഞ്ഞ് കൊണ്ടുവന്ന ഒരു  മാങ്ങ രണ്ടും, മൂന്നും പേർ കടിച്ചു തിന്നത് ഓർക്കുന്നില്ലേ.അപ്പോൾ ഒരാളുടെ തുപ്പുനീർ മറ്റൊരാൾക്ക്‌ പ്രശ്നമായിരുന്നില്ല. മഴ പെയ്യുമ്പോൾ ശരിക്കും കുളിര് അനുഭവിച്ചത് നമ്മുടെ മനസ്സകങ്ങളിലായിരുന്നില്ലേ.ചെറിയ മീനുകളെ പിടിക്കാനുള്ള വ്യഗ്രതയിൽ സ്കൂൾ ബുക്ക്‌ വലിച്ചെറിഞ്ഞ് അമ്മയെയും, ഉമ്മയെയും കാണാതെ എവിടെയോ വെച്ച തോർത്ത്‌ മുണ്ടും പരതിയെടുത്ത് ഒരു ഓട്ടമായിരുന്നില്ലേ വയലുകളിലേക്ക്. ചോറും,കറിയും വെച്ചും, കളിമണ്ണിൽ പുട്ട് ചുട്ടും,ഇല പൈസയായും കല്ലുകൾ മിടായിയായും  കളിച്ച, വളക്കളിയും, കൊത്തൻ കല്ലും കളിച്ച,അരണ്ട ചിമ്മിനി വിളക്കിലും കഥകൾ പറഞ്ഞു തന്ന അമ്മുമ്മ ഉണ്ടായിരുന്ന ഒരു കുട്ടിക്കാലത്തെ ഓർത്തെടുക്കാൻ എന്ത് രസമാണ് അല്ലെ.         ആധുനിക സംഭവവികാസങ്ങളിലേക്ക് നോക്കുമ്പോൾ ഈ കാമ്പയിന്  തീർത്തും പ്രസക്തിയുണ്ടെന്ന് മനസ്സിലാവും. സ്നേഹവും, കരുണയും,ആർദ്രതയും ന്യൂ ജനറേഷന്റെ മനസ്സിൽനിന്നും കുടിയിറക്കപ്പെട്ടു കൊണ്ടിരിക്കുന്നു. സെൽഫിക്കു മുന്നിലും,നവമാധ്യമങ്ങൾക്ക് മുമ്പിലും സ്നേഹത്തിനു പുതിയ നിർവ്വചനം തേടേണ്ടിയിരിക്കുന്നു എന്ന അവസ്ഥയിലേക്ക് കാലം പോയിക്കൊണ്ടിരിക്കുന്നു. ഇന്നലെകളിൽ ഉണ്ടായിരുന്ന സൗഹൃദക്കൂട്ടായ്മകൾ നാടുകളിൽനിന്നും മാഞ്ഞുപോയപ്പോൾ കൂടെ പരസ്പരം സ്നേഹിക്കാനുള്ള  മനസ്സുമാണ് എവിടെയോ പോയി മറഞ്ഞതെന്നോർക്കണം.

         ചായക്കടയിലും,പീടികത്തിണ്ണയിലും ഉണ്ടായിരുന്ന  സംവാദങ്ങൾ  പരസ്പരം അറിയാനും,മനസ്സിലാക്കാനുമുള്ളവേദികളായിരുന്നു. ആ നാട്ടിൻ പുറത്തെ തനിമ നഷ്ട്ടപ്പെട്ടപ്പോൾ മനുഷ്യർ പരസ്പരം തിരിച്ചറിയാത്തവനെപ്പോലെ പെരുമാറുന്നു. വൈഫയുടെയും, ഡാറ്റയുടെയും മുമ്പിൽ ആബാല വൃദ്ധം ജനങ്ങളും തലകുനിച്ചിരിക്കുമ്പോൾ പരസ്പരം സംസാരിക്കാനുള്ള മനുഷ്യന്റെ ആഗ്രഹം ഹനിക്കപ്പെടുകയാണ്. പരസ്പരം മനസ്സറിഞ്ഞ്,ഹൃദയം തുറന്ന് ആശയസംവേദനങ്ങൾ നടക്കുമ്പോൾ മാത്രമാണ് അപരന്റെ വിഷമങ്ങളും,കഷ്ട്ടപ്പാടുകളും അറിയാൻ സാധിക്കുന്നത്‌. അപ്പോൾ മാത്രമാണ് സഹായിക്കാനുള്ള മനുഷ്യന്റെ സഹജമായ സ്വഭാവം ഉണ്ടാവുകയുള്ളൂ.അത്കൊണ്ടായിരിക്കാം കുറച്ചു യാത്ര ചെയ്ത് കൂടുതൽ സംസാരിക്കാൻ നമ്മോട് നിർദേശിക്കപ്പെട്ടത്.പക്ഷെ ഇവിടെ മനുഷ്യന്റെ മനസ്സ് മരവിച്ചിരിക്കുകയാണ്. ഒന്നും കയറാത്ത വിധത്തിൽ ഹൃദയം അടഞ്ഞു പോയിരിക്കുന്നു. ആരോടും ഒന്നും പങ്കുവെക്കാതെ എല്ലാം അവനവനിലേക്ക്‌ ഒതുക്കി നിർത്തുമ്പോഴും സ്വന്തം അയൽപക്കത്തുള്ളവരുടെ,സഹ മുറിയന്റെ,കൂടെക്കിടക്കുന്നവരുടെ സങ്കടങ്ങൾക്ക് കാതോർക്കാതെ അങ്ങെവിടെയോഉള്ള ആരോടോ കാര്യമായ സല്ലാപത്തിലായിരിക്കും.അപ്പോഴും ചില തിരിനാളങ്ങൾ ഉണ്ട് എന്നത് വിസ്മരിക്കാൻ കഴിയില്ല. ന്യൂ ജനറേഷന്റെ അരുതായ്മകൾക്ക് മുന്നിലും തലകുനിക്കാതെ മറ്റുള്ളവർക്ക് വെളിച്ചം പകർന്നു നൽകുന്നവർ. സൂര്യ വെട്ടത്തിന് മുമ്പിൽ ചെറുതാണെങ്കിലും ഇരുട്ടിൽ അത് വലുതാണ്.മെഴുകുതിരിയുടെ പ്രകാശം അല്ലെങ്കിൽ ഒരു ചിമ്മിനി വിളക്കിന്റെ പ്രകശം,മിന്നാമിനുങ്ങിന്റെ വെളിച്ചം കൂരിരുട്ടത്ത് വലുതാണല്ലോ.


   

            കാമ്പയിന്റെ പ്രധാനപ്പെട്ട ഒരു പരിപാടിയായിരുന്നു സവാരി. ദുബൈ മുശ്രിഫ് പാർക്കിലേക്കായിരുന്നു ഞങ്ങളുടെ യാത്ര. ഏക്കർകണക്കിന് നീണ്ടു കിടക്കുന്ന പാർക്കിന്റെ ഒരു ഒഴിഞ്ഞ സ്ഥലത്ത് സ്ഥലം കണ്ടെത്തി.ഉച്ച സമയമായത് കൊണ്ട് ആദ്യ പരിപാടി ഭക്ഷണം കഴിക്കലായിരുന്നു. ആദ്യമേ ഉണ്ടാക്കിക്കൊണ്ടുവന്ന ബിരിയാണി പന്ത്രണ്ടു പേർ മൂന്നു വലിയ പാത്രങ്ങളിൽ നിന്നായി കഴിച്ചു.പഴമക്കാർ അങ്ങിനെയായിരുന്നു ഒരു പാത്രത്തിൽ നിന്നും രണ്ടും,മൂന്നും,അഞ്ചും പേർ  കഴിച്ച ഒരു കാലമുണ്ടായിരുന്നു. അത് ദാരിദ്ര്യം കൊണ്ടായിരുന്നില്ല. സ്നേഹ ഭക്ഷണമായിരുന്നു. പിന്നീട് നീണ്ട ഒരു കഥ പറച്ചിലായിരുന്നു. ഓരോരുത്തരും അവർ വന്ന വഴി, ഇന്നെലകളിൽ സഹിച്ച വിഷമങ്ങൾ,ത്യാഗങ്ങൾ, ചെറുപ്പത്തിലെ കുസൃതികൾ, ഇപ്പോഴത്തെ അവസ്ഥ എല്ലാം ഒരുകുടക്കീഴിൽ നിന്നും അയവിറക്കുകയായിരുന്നു. ജീവിതത്തിന്റെ ഇന്നെലകളെ അനാവരണം ചെയ്ത്, നടന്നു വന്ന വഴികളിലൂടെ ഒരു എത്തി നോട്ടം. അതിൽ സമ്പന്നതയുടെ മടിത്തട്ടിൽനിന്നും പ്രവാസത്തിന്റെ ഊഷര ഭൂവിൽ എത്തിപ്പെട്ടവർ. ഇല്ലായ്മയുടെ വറുതി യിൽനിന്നും പച്ചപ്പിലേക്ക് പറിച്ചു നട്ടവർ.ജീവിത വഴിയിൽ വേണ്ടപ്പെട്ട ആരൊക്കെയോ നഷ്ടപ്പെടുമ്പോഴും പിടിച്ചു നിൽക്കാനുള്ള പെടാപാടുകൾ.ക്ലാവ് പിടിക്കാത്ത ഓർമ്മകളെ ഓർത്തെടുക്കുകയായിരുന്നു പലരും.

       തലശ്ശേരി ബ്രണ്ണൻ കോളേജിൽ നിന്നും പുഷ്പിച്ച പ്രണയം ജീവിതത്തിൽ യാഥാർത്യമായതും, മനസ്സമാധാനത്തിനു പുതിയചികിത്സ കണ്ടു പിടിച്ച് കുട്ടികളെ തമാശയാക്കിയതും, പോലീസ് സ്റ്റേഷനിലെ ഒരു രാത്രിയും അങ്ങിനെ പലതും,പലരും പങ്കു വെച്ചപ്പോൾ ഞങ്ങൾ എല്ലാവരും പഴയ കുട്ടികളായി മാറുകയായിരുന്നു. ഇടക്ക് "ഒന്നാനാം കൊച്ചുതുമ്പി എന്നുടെ കൂടെ പോരുമോ നീ" എന്ന കവിതയും,"പലപല നാളുകൾ ഞാനൊരു പുഴുവായി പവിഴക്കൂട്ടിലുറങ്ങി" എന്ന പൂമ്പാറ്റക്കവിതയും ഉച്ചത്തിൽ ഒരുമിച്ചുപാടി പഴയ രണ്ടാം ക്ലസ്സുകാരായി മാറി നാം.ജീവിക്കാനുള്ള പരക്കം പാച്ചിലിനിടയിൽ നഷ്ടപ്പെട്ടു പോയ സൌഹൃദത്തെ പുതിയ തലത്തിലേക്ക് കൊണ്ടുവന്നു സ്നേഹത്തിന്റെ ഒരു തുരുത്ത് തീർക്കുകയായിരുന്നു ഞങ്ങൾ.
വൈകുന്നേരം ഒരു മണിക്കൂർ രണ്ട് ടീമുകളായി വോളിബോൾ കളിച്ചു. പഴമയെ ഓർമ്മിപ്പിക്കുന്നതായിരുന്നു ടീമുകളുടെ പേരും. "കഞ്ഞിയും, ചമന്തിയും". എതിരില്ലാത്ത മൂന്നു സെറ്റുകൾക്ക് ഞങ്ങളുടെ ചമന്തി ടീം "കഞ്ഞി" ടീമിനെ തോൽപ്പിച്ചു. ശേഷം ചായ കുടി. കടിയിലുമുണ്ടായിരുന്നു ഒരു നൊസ്റ്റാൾജിയ. "മൈസൂർ പാക്ക്". വീണ്ടും സൊറ പറച്ചിൽ. എല്ലാം കഴിഞ്ഞു റൂമിൽ തിരിച്ചെത്തുമ്പോൾ ഏകദേശം രാത്രി ഒമ്പത് മണിയായിരുന്നു.

     വരൂ, നമുക്ക് സ്നേഹിക്കാം, സ്നേഹം കൊണ്ടൊരു വിപ്ലവം തീർക്കാം,,,,,,,,,

                   "സ്‌നേഹമാണഖിലസാര മൂഴിയില്‍" എന്നാണല്ലോ.  

Saturday, April 23, 2016

ഷാർജ മാർകറ്റ്‌

     ഇന്നലെ ലീവായിരുന്നു. ആഴ്ച്ചയിൽ ഒരിക്കൽ കിട്ടുന്ന വെള്ളിയാഴ്ച്ച ലീവ്.പ്രത്യേകിച്ച് പരിപാടിയൊന്നും ഉണ്ടായിട്ടില്ല. സുപ്രധാനമായ ഒരു മീറ്റിംഗ് ഉച്ചക്ക് ശേഷം ഉണ്ടായിരുന്നു എങ്കിലും പോകാൻ മനസ്സ് അനുവദിച്ചില്ല.സാധാരണ പോലെ ഭക്ഷണമുണ്ടാക്കൽ പ്രക്രിയ ഒമ്പത് മണിക്ക് തുടങ്ങി ഏകദേശം പന്ത്രണ്ട് മണിവരെ നീണ്ടു.വെള്ളിയാഴ്ച്ച  അല്ലെ, ബിരിയാണി തന്നെ വെക്കണം. അതിന്റെ ഉത്തരവാദിത്തവും കുറച്ചു മാസങ്ങളായി  എന്റെ തലയിലാണ് താനും.പ്രഭാത നിസ്കാരത്തിനു ശേഷം ഉറങ്ങിയ ഉറക്ക് അൽപം നീണ്ടുപോയപ്പോൾ  ആ താമസം പള്ളിയിൽ പോകുന്നതിലും അനുഭവപ്പെട്ടു. ഇടക്കെപ്പോഴോ അലക്കിയിട്ട ഡ്രസ്സ്‌ ആസ്ഹർ മുകളിൽനിന്നും കൊണ്ട് വന്നപ്പോൾ അത് മടക്കി വെക്കാൻ സമയം കണ്ടെത്തി.(പൊതുവെ അലക്കിയ ഡ്രസ്സ്‌ ആറിയിടനും, ഇട്ടത് മുകളിൽനിന്നു കൊണ്ടുവരാനും മടിയുള്ള ആളാണ്‌ ഞാൻ എന്നത് കൊണ്ട് ആറിയിട്ട ഡ്രസ്സ്‌ പലരുമാണ്‌ കൊണ്ടവരൽ ).
     ഉച്ചക്ക് ശേഷം ഭക്ഷണവും കഴിച്ച് ചില ഇലക്ഷൻ വാർത്തകളും കണ്ട് പതിവുപോലെ ഉചയുറക്കത്തിലേക്കു പോയി. ഇന്ന് നമുക്ക് റോള മാർക്കറ്റിൽ പോകണം.ഒരാഴ്ച്ചത്തേക്കുള്ള മീൻ വാങ്ങണം. അങ്ങിനെയാണ് സന്ധ്യക്ക് ശേഷം ഞങ്ങൾ ഷംസുവിന്റെ കാറിൽ പുറപ്പെട്ടത്‌. ആദ്യമുണ്ടായ സ്ഥലത്തുനിന്നും മാർകറ്റ്‌ ആധുനുക സൗകര്യങ്ങളോട് കൂടി മറ്റൊരു സ്ഥലത്തേക്ക് മാറ്റിയതിനു ശേഷം ആദ്യമായിട്ടാണ് അങ്ങോട്ട്‌ പോകുന്നത്. ശീതീകരിച്ച വിശാലമായ കെട്ടിടത്തിൽ മത്സ്യത്തിനും,ഇറച്ചിക്കും വെവ്വേറെ സെക്ഷനുകൾ ഒരുക്കിയിരിക്കുന്നു.പഴയ മാർകറ്റിൽ നിന്നും വിലപേശൽ നടന്നിരുന്നു എങ്കിലും ഇവിടെ എല്ലാസ്റ്റാള് കാരും വില ഏകോപിപ്പിച്ചിരിക്കുന്നു. അത്കൊണ്ട് തന്നെ ബില്ല് എവിടെയും അടക്കുകയും ചെയ്യാം. മാത്രമല്ല ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പർച്ചേഴ്സ് ചെയ്യാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. മത്സ്യം മുറിച്ചു തരാൻ പ്രത്യേക കൌണ്ടർ തന്നെ പ്രവർത്തിക്കുന്നു. അവിടെ മുറിക്കേണ്ട മത്സ്യം കൊടുത്തു ടോക്കൺ വാങ്ങി സീറ്റിലിരുന്നൽ മതി.നമ്മുടെ ഊഴമെത്തുമ്പോൾ പോയി വാങ്ങാവുന്നതാണ്.നമ്മൾ കട്ട് ചെയ്യാൻ കൊടുത്ത വസ്തുവിന്റെ സ്റ്റാറ്റസ് അറിയാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. അത് വലിയ രണ്ടു സ്ക്രീനിൽ നമ്മുടെ ടോക്കൺ നമ്പറിനു നേരെ തെളിഞ്ഞു കാണാം. കുറച്ച് മീനും വാങ്ങി പുറത്തിറങ്ങിയപ്പോൾ വീണ്ടും തിരിഞ്ഞു നോക്കി, നമ്മുടെ നിയമസഭ മന്ദിരത്തെക്കാൾ പ്രൌഡിയോടെയും,വിശാലതയോടെയും നിൽക്കുന്ന ഷാർജ മീൻ മാർക്കറ്റിനെ...........


Friday, April 01, 2016

തന്തു


     ചില "പെടലുകൾ"ജീവിതയാത്രയിൽ   നല്ലതാണു.അത് നിന്നിലെ സർഗാത്മക കഴിവുകളെ പുറത്തെടുക്കാനുള്ള അവസരങ്ങളായി മാറും. അത് നിന്നിലെ നേതൃ പാടവത്തെ അറിയിച്ചു കൊടുക്കാനുള്ള വേദിയായി മാറിയേക്കാം. അത് പെടാപെടലുകൾ ആവാതിരുന്നാൽ മതി.
കഴിഞ്ഞ വെള്ളിയാഴ്ച്ച അങ്ങിനെ ഒരു പെടൽ ഞാനും പെട്ടു.വലിയ പെടലൊന്നും അല്ല കേട്ടോ ,,ഒരു ചെറിയ.....എന്ന് പറഞ്ഞാൽ പത്തിരുപത് പേരുടെ മുമ്പിൽ വന്നു രണ്ടു വർത്തമാനം പറയാനുള്ള ചാൻസ് കിട്ടി എന്ന് ചുരുക്കം.
രിസാല സ്റ്റ്ഡി സർക്കിൾ( RSC ) ഷാർജ സോൺ സംഘടിപ്പിച്ച "തന്തു" ആയിരുന്നു വേദി. എഴുതുന്നവർക്കും,എഴുതാൻ താൽപര്യം ഉള്ളവർക്കും എഴുത്തിന്റെ ഒരു "ഇത്" കാണിച്ചു കൊടുക്കുക എന്ന മഹത്തായ ലക്ഷ്യം വെച്ചാണ്‌
പരിപാടി സംഘടിപ്പിക്കപ്പെട്ടത്.ഷാർജയിലെ അറിയപ്പെടുന്ന ചെറു കഥാകൃത്ത് സലിം അയ്യനത്താണ് മുഖ്യാതിഥി. ബ്ലോഗൊക്കെ തുടങ്ങിയതല്ലേ , എഴുത്തിന്റെ മുന്നോട്ടുള്ള ഗമനത്തിന് ഉപകാരപ്പെടുന്ന വല്ലതും കിട്ടിയാൽ പെറുക്കിയെടുക്കാമല്ലോ ഒന്ന് മെല്ലെ പോയി നോക്കാം.
അവിടെ എത്തുമ്പോൾ അഞ്ചു മണിയായിക്കാണും. സംഘാടകർക്ക് ആകെയൊരു അങ്കലാപ്പ് ചോദിച്ചപ്പോഴാണ് അറിയുന്നത് നമ്മുടെ കഥാകൃത്ത് മറ്റൊരു പരിപടിയിലാണെന്ന്.കുന്നോളം പ്രതീക്ഷിച്ചു വന്നവരെ നിരാശരാക്കി വിടാൻ പറ്റില്ലല്ലൊ,ഒരു കടുകെങ്കിലും കൊടുക്കണ്ടേ.
"നിങ്ങൾ കുറച്ചു പുസ്തകങ്ങളൊക്കെ വായിക്കുന്ന ആളല്ലേ കുറച്ച് പറയണം"
എങ്ങിനെ മണത്തറിഞ്ഞുവോ എന്റെ പുസ്തക വായന.
"അതൊക്കെ ശരി തന്നെ എന്നാലും....." താണ്കൊടുക്കാൻ എനിക്ക് തോന്നിയില്ല.
വമ്പൻ സ്രാവുകളാണ് മുമ്പിൽ ഇരിക്കുന്നത് എന്നത് കൊണ്ട്തന്നെ അഭിമുഖീകരിക്കാനും ഒരു പേടി.
രണ്ടും കൽപ്പിച്ചു പരിപാടി തുടങ്ങി.വായനയെ കുറിച്ചും മറ്റും പറഞ്ഞു തുടങ്ങി ഇ വായനയിലൂടെ ബ്ലോഗ്ഗിലേക്കും കടന്നു സ്വന്തം ബ്ലോഗ്ഗ് അഡ്രസ്സും പറഞ്ഞു നിർത്തുംബോഴേക്കും നാഷണൽ നേതാക്കൾ വേദിയിലേക്ക് എത്തിയിരുന്നു.
--------------------------------------------------------------------------------------------------------------------------
--------------------------------------------------------------------------------------------------------------------------


       രിസാല സ്റ്റഡി സർക്കിൾ ( RSC ) ഇരുപതോളം വർഷമായി പ്രവാസത്തിന്റെപൾസുകൾ മനസ്സിലാക്കിക്കൊണ്ട് മുന്നോട്ട് കുതിക്കുന്നു. പ്രവാസത്തിന്റെ നാലു ചുമരുകൾക്കുള്ളിൽ തളച്ചിടപ്പെടേണ്ടതല്ല സർഗ്ഗാത്മകത.അത് തെളിയിക്കപ്പെടേണ്ടതാണ്.അവനെ രൂപപ്പെടുത്താനും,സമൂഹത്തെ രൂപപ്പെടുത്താനും അത് സഹായകമാകും.അത് കഥയായും,കവിതയായും,പ്രസംഗമായും,വരയായും പുറത്തേക്ക് വരുമ്പോൾ മാത്രമാണ് സമൂഹത്തിന് ഉപകരിക്കുന്നത്‌.അങ്ങിനെ പരിശീലനത്തിന്റെ നൈരന്തര്യം സാഹിത്യോല്സവായും,(അവിടെ അപ്പീലുകളുടെ പെരുമഴ ഇല്ല, പ്രതിഷേതത്തിന്റെ ജ്വാലകൾ ഇല്ല.സ്നേഹത്തിന്റെയും,സഹവർത്തിത്വത്തിന്റെയും ഉദാത്തമായ മാതൃകകൾ മാത്രം.) കലലയമായും പരിണമിക്കുമ്പോൾ ന്യൂജനറേശനുമായി സംവദിക്കാൻ കഴിയുന്ന,ആനുകാലിക വിഷയങ്ങളിൽ ഇടപെടാൻ കഴിയുന്ന,തന്റേതായ അഭിപ്രായം രൂപപ്പെടുത്താൻ കഴിയുന്ന ഒരു യുവ സമൂഹത്തെയാണ് RSC മുന്നിൽ കാണുന്നത്.
 കാലത്തിന്റെ കുത്തൊഴുക്കിൽ അധർമ്മത്തിനെതിരെയും,അസഹിഷ്ണുതക്കെതിരെയും ക്രിയാത്മകമായി പ്രതിഷേതത്തിന്റെ വേലിക്കെട്ടുകൾ നിർമ്മിച്ച്‌ ധർമ്മത്തിന്റെ തുരുത്ത് കാണിച്ചു കൊടുത്ത് രണ്ടു പതിറ്റാണ്ടോളമായി നെഞ്ഞൂക്കോടെ മുന്നോട്ട് ഗമിക്കുന്നു.
വായിക്കാനും,എഴുതാനും പഠിപ്പിച്ചും,പ്രോത്സാഹനം നൽകിയും വായന സംസ്ക്കാരത്തെ കുഴിച്ചുമൂടാൻ ശ്രമിക്കുന്നവർക്കെതിരെ ഒരു പടാവാളായി ഈ ധർമ്മ സംഘം എന്നും,ഇപ്പോഴും മുംബിലുണ്ടാകും.
അതിന്റെ ഭാഗമായി ബുക്ക് ടെസ്റ്റുകളും,എഴുത്ത് പുരകളും നടന്നു വരുന്നു. 
അതിനൊക്കെ പുറമെ "പ്രവാസി രിസാല" മാസികയും ഉണ്ട്. ഏഴ് വർഷം പൂർത്തി യായിക്കഴിഞ്ഞു പ്രവാസികളുടെ ഈ തീപ്പന്തം. പ്രവസികളിലെ ഏതു വിഭാഗങ്ങൾക്കും  ഉൾകൊള്ളാവുന്ന ഭാഷയും അവതരണവും .അതിലോക്കെയുപരി ഏതൊരു സാധാരണ പ്രവാസിയുടെയും ആവലാതികൾ അധികാരികളുടെ ശ്രദ്ധയിൽ പെടുത്താനും സാമൂഹിക വിഷയമായി ഉയർത്തി കൊണ്ട് വരാനുള്ള പ്രവാസി രിസാലയുടെ മിടുക്കും എടുത്തു പറയേണ്ടതാണ്‌.