Tuesday, January 12, 2016

നന്മയുടെ പൂക്കൾ

       നെടുംബാശേരി എയര്‍പോര്‍ട്ടില്‍ നിന്നും നാട്ടിലേക്കുള്ള യാത്ര. കെ
എസ് ആര്‍ ടി സി യുടെ ശീതീകരിച്ച ബസ്സിലാണ് യാത്ര ചെയ്യുന്നത്.കയ്യിലിരിക്കുന്ന മൊബൈലിലേക്ക് നോക്കി, സമയം 8:30. ഇനിയും മണിക്കൂറുകൾ ഉണ്ട് നാട്ടിലെത്താൻ.പതിവില്ലാതെ വിരുന്ന് വന്ന  തലവേദന കാരണം പിറകിലാക്കിപ്പോകുന്ന നഗരക്കാഴ്ച്ചകൾ ആസ്വദിക്കാനുള്ള മൂടിലയിരുന്നില്ല ഞാൻ.ഒന്ന് മയങ്ങണമെന്നുണ്ട്. ഉറക്കം എവിടെയോ പോയി ഒളിച്ചത് പോലെ.ഇടക്ക് കണ്ടക്ടർ വന്നു.എനിക്കും,ലഗേജിനും വിലയിട്ടു.
     ഏകദേശം സമയം രാത്രി പത്തിനോട് അടുത്ത് കാണും ബസ്സ്‌ തൃശൂര്‍ ബസ്സ്‌ സ്റ്റാന്‍ഡിലെത്താന്‍. അവിടെ നിന്നും ഒരു യുവാവ്  കയറി.ഒരു ഇരുപത്തഞ്ചിനോട്‌ അടുത്ത് കാണും പ്രായം. അയാള്‍ എന്‍റെ അടുത്തുവന്നു ഇരുന്നു. ഞാന്‍ അടിമുടി ഒന്ന് നോക്കി. അടുത്തിരിക്കുന്നവരോട്  പരിചയപ്പെടൽ എന്‍റെ "ദുസ്വഭാവം" ആയത് കൊണ്ട്  ചോദിച്ചു:

  എവിടേക്കാ ?
"അടുത്ത്തന്നെ" അവൻ ഒരു സ്ഥലത്തിന്‍റെ പേര് പറഞ്ഞു.ഞാൻ ഓർക്കുന്നില്ല.
" പേര്"?
"വിപിൻ"
"എന്താ ജോലി"
"കോണ്ട്രാക്ടിംഗ് വർക്ക്."
"ഉസ്താദ്‌ എവിടേക്കാ"ഉസ്താദോ, ഞാൻ ഒരു നിമിഷം സ്തബ്ധനായി. ഒരമുസ്ലിം ഉസ്താദ് എന്ന് അഭിസംബോധനം ചെയ്ത സന്തോഷത്തോടെ ഞാൻ പറഞ്ഞു,
"കണ്ണൂർ, ഷാർജയിൽ നിന്നും വരുന്നു."
പിന്നെ അയാൾ വാചാലനായി.വീട്ടിന്‍റെ അടുത്തുള്ള മദ്രസയെ കുറിച്ചും,അവന്‍റെ മുസ്ലിങ്ങളായ സുഹൃത്തുക്കളെ കുറിച്ചും,അവരുടെ ഇടയിലുള്ള സൗഹാർദത്തെ കുറിച്ചും. ഒരു കൊച്ചു കുട്ടിയെ പോലെ ഞാൻ അതെല്ലാം കേട്ടുനിന്നു.പെട്ടന്ന് എന്‍റെ ചിന്ത പോയത് നാട്ടിലേക്കായിരുന്നു.മതസൗഹാർധത്തിന്‍റെ  മാതൃകകൾ ഉള്ള, പ്രകൃതി രമണീയമായ കയ്യം എന്ന ഗ്രാമത്തിലേക്ക്.........

സംസാരം പതിയെ രാഷ്ട്രീയത്തിലേക്ക് കടന്നു.
"എല്ലാവരും അഴിമതിക്കാരാണ്,ആരും ജനങ്ങൾക്ക്‌ വേണ്ടി ഭരിക്കുന്നില്ല" അദ്ദേഹം ആത്മരോഷം കൊണ്ടു.
"ബാർകോഴയിൽ മാണി കോടികൾ മുക്കിയില്ലേ".....ഞാൻ അയാളുടെ രാഷ്ട്രീയ മനസ്സിനെ കുത്തിയിളക്കാൻ നോക്കി.
"ലാവ് ലിനിൽ പിണറായിയും കുറച്ചൊക്കെ എടുത്തിട്ടുണ്ട്."
"അതെ" ഞാൻ സമ്മതിച്ചു കൊടുത്തു.
"എന്‍റെ അച്ഛൻ ഒരു കമ്യൂണിസ്റ്റ് കാരനായിരുന്നു.ഞാനും, ഇപ്പോൾ ജോലി സംബന്ദമായി പ്രവർത്തനങ്ങളിൽ നിന്ന് വിട്ടു നിൽക്കുന്നു എന്ന് മാത്രം."
അപ്പോഴേക്കും അദ്ദേഹത്തിനു ഇറങ്ങേണ്ട സ്ഥലം എത്തിയിരുന്നു.
വീണ്ടും കാണാം എന്ന ഉപചാര വാക്കുകളോട് കൂടെ, പരസ്പരം കയ്യും കൊടുത്തു ഞങ്ങൾ പിരിഞ്ഞു.
ഞാൻ ചിന്തിക്കുകയായിരുന്നു നമ്മുടെ ഇടയിലുള്ള മത മതസൗഹാർധം  എത്രമാത്രം ഉഷ്മള മാണെന്ന്.
കേരളത്തിന്‍റെ മതസൗഹാർധ മനസ്സിനെ ഒരാൾക്കും തകർക്കാൻ കഴിയില്ലെന്ന ആത്മ വിശ്വാസത്തോടെ മെല്ലെ നിദ്രയിലേക്ക്......
========================================================================.................................................................................................................................................................

ഉപ്പാ, ഞാൻ നാളെ ജേനേച്ചിയുടെ വീട്ടിൽ സദ്യ ഉണ്ണാൻ പോകും. എല്ലാ ഓണക്കാലത്തും മകൻ എന്നോട് ചോദിക്കുന്ന ചോദ്യമാണ്.

നാരേട്ടനും,ജേനേച്ചിയും എന്‍റെ ഭാര്യ വീട്ടുകാരുടെ അയൽ വാസി ദമ്പതികൾ. അവർക്ക് രണ്ടു പെണ്‍ മക്കൾ ജിഷ്ണയും,ജിൻഷയും. 
ചെറുപ്പത്തിലെ പിതാവ് നഷ്ടപ്പെട്ട അഞ്ചു പെണ്ണും,ഒരാണും അടങ്ങുന്ന എന്‍റെ ഭാര്യാകുടുംബത്തിന്     ഒരാണുണ്ടെന്ന സുരക്ഷിതത്വ ബോധം നൽകിയത് ഇവരായിരുന്നു.
നോമ്പും,പെരുന്നാളും വന്നാൽ ഞങ്ങൾ ഉണ്ടാക്കുന്ന ഭക്ഷണം അവർക്കും,ഓണം,വിഷു പോലോത്ത ആഘോഷങ്ങൾ വന്നാൽ അവർ ഉണ്ടാക്കുന്ന ഭക്ഷണം ഇങ്ങോട്ടും തന്ന് ഒരു കൈമാറ്റ പ്രക്രിയ എല്ലാവർഷവും നടക്കുന്നു.അത് വെറും വസ്തുക്കൾ തമ്മിലുള്ള കൈമാറ്റം മാത്രമായിരുന്നില്ല,ഹൃദയങ്ങൾ തമ്മിലുള്ള കൈമാറ്റവും കൂടിയായിരുന്നു.ഓണം വന്നാൽ ഞങ്ങളുടെ ചുറ്റുഭാഗത്തുള്ള വീടുകളിലെ കുട്ടികൾ എല്ലാം അവിടെ ഒരുമിച്ചു കൂടും.അവർ ഉണ്ടാക്കി വെച്ച സദ്യ ഉണ്ണാൻ.
"രാത്രിയിൽ എന്തെങ്കിലും സംഭവിച്ചാൽ അപ്പുറം നാരേട്ടൻ ഉണ്ടല്ലോ" എന്ന സുരക്ഷിതത്വത്തിന്‍റെ വാക്ക് ഒരുപാടു തവണ കേട്ടിട്ടുണ്ട് ഞാൻ.
      മണ്ണിനോട് മല്ലിടിച്ചാണ് അവരുടെ ജീവിതം.  കൃഷി ചെയ്തു ജീവിതം മുന്നോട്ടു നയിക്കുന്നു. അത്കൊണ്ടയിരിക്കാം ഇത്ര മനുഷ്യത്വപരമായിട്ട് പെരുമാറാൻ കഴിയുന്നത്. മണ്ണിനു മനുഷ്യന്‍റെ മണമാണെന്ന് എവിടെയോ വായിച്ചതോർക്കുന്നു. ശരിയാണ് നമ്മെ സൃഷ്ടിച്ചത് മണ്ണിൽ നിന്നാണല്ലോ.
    ലൌ ജിഹാദെന്ന ബോംബ്‌ പൊട്ടിയപ്പോഴും, ഗോ മാംസം സൂക്ഷിച്ചു എന്ന് പറഞ്ഞു ഒരാളെ അടിച്ചു കൊന്നപ്പോഴും ഞങ്ങളുടെ ഗ്രാമീണ മനസ്സിന് ഒരു  കുലുക്കവുമില്ലാതെ,ഒരു ചുക്കും സംഭവിക്കാതെ നില നിന്നു എന്നത് ഞങ്ങൾക്കിടയിലുള്ള ബന്ധത്തിന്‍റെ ആഴത്തെ സൂചിപ്പിക്കുന്നു.മനുഷ്യർ തീർക്കുന്ന മതത്തിന്‍റെ മതി ൽക്കെട്ടുകൾക്കപ്പുറം മനുഷ്യത്വത്തിന്‍റെ ഉദാത്തമായ ഉദാഹരണങ്ങൾ ജീവിതത്തിലൂടെ നമുക്ക് മുമ്പിൽ തുറന്നു വെച്ചിരിക്കുന്നു അവർ.
   ഇപ്പോഴും അവർ തന്‍റെ പശുവുമായി റോഡിലൂടെ പോകുമ്പോൾ എന്‍റെ മകനും,മകളും "നാരേട്ടാ" എന്ന് വിളിച്ചു കൈകൊണ്ട് റ്റാറ്റ പറയും. അതിനു മറുപടിയായി അയാളുടെ നിഷ്കളങ്കമായ ചിരിക്ക് വല്ലാത്ത ആകർഷണീയത തോന്നും.
ഈ നന്മകൾ എന്നും കെടാ വിളക്കായി ഉള്ള കാലത്തോളം കേരളത്തിന്‍റെ മതസൗഹാർധ മനസ്സിനെ മുറിവേൽപ്പിക്കാൻ ഒരാൾക്കും കഴിയില്ല.
നാരേട്ടൻ :  നാരായണൻ
ജേനേച്ചി  :      രജനി                   

Tuesday, January 05, 2016

2015 ഒടുക്കം, 2016 തുടക്കം

ആയുസ്സ് പുസ്തകത്തില്‍നിന്നും ഒരു കടലാസ്സു കൂടി ചീന്തപ്പെട്ടിരിക്കുന്നു. മരണത്തിലേക്ക് നാം ഒന്നുകൂടെ അടുത്തു എന്നര്‍ത്ഥം. 2015  ന്‍റെ അവസാനവും, 2016 ന്‍റെ തുടക്കവും എന്നെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ചില ബന്ധങ്ങള്‍ക്കും, കൂട്ടായ്മക്കും തുടക്കം കുറിച്ച ദിവസങ്ങളാണ്.

                                                 ഒന്ന്

    ഓര്‍മ്മകള്‍ ചിതലരിക്കാന്‍ പോകുന്ന നിമിഷങ്ങളില്‍ കാലത്തിന്‍റെ കാല്‍പാടുകൾക്ക്  മായിച്ചുകളയാന്‍ കഴിയാത്ത   ചില ഓര്‍മ്മകള്‍ പൊടിതട്ടി എന്‍റെ മുമ്പിലേക്ക് വെച്ച് തന്നത് കൂടെപഠിച്ച് വിസ്മൃതിയിലേക്ക് ആണ്ടുപോകുമായിരുന്ന ഹനീഫ് കുന്തൂര്‍ എന്ന അന്നത്തെ കൊച്ചു വിദ്യാര്‍ഥിയായിരുന്നു. പഠന കാലഘട്ടത്തില്‍ കൂടെ ഉണ്ടായിരുന്ന ഒരുകൂട്ടം സഹപാടികളുടെ വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കിയപ്പോള്‍ വര്‍ഷങ്ങള്‍ക്കപ്പുറത്തെ പുഷ്ക്കലമായ ഓര്‍മ്മകളിലേക്കാണ് മനസ്സ് ഓടിപ്പോയത്.
അതില്‍ ശരീഫ് മൂടുബിദ്ര ചോദിക്കുന്നു; ക്രികറ്റ് കളി ഓര്‍മ്മയുണ്ടോ എന്ന്. ശരീഫ്.... എങ്ങിനെ മറക്കാന്‍ കഴിയും ആ വൈകുന്നേരങ്ങളില്‍ ഉള്ള കളിയും. നിന്‍റെ അപാരമായ ബൗളിങ്ങും. വളഞ്ഞു,പുളഞ്ഞു വരുന്ന നിന്‍റെ ബൗളിംഗ് എന്നും എനിക്ക് പേടിയായിരുന്നല്ലോ........

                                                              രണ്ട്

സോഷ്യല്‍ മീഡിയയുടെ കടന്നു കയറ്റം വായനയുടെ യുഗം അവസാനിച്ചു എന്ന് വിധിഎഴുതിയവര്‍ ഉണ്ടായിരുന്നു. പക്ഷെ വായനായുഗം അവിടെനിന്നു തുടങ്ങുകയായിരുന്നു യഥാര്‍ത്ഥത്തില്‍. വിജ്ഞാനത്തിന്‍റെ സ്രോതസ്സ് വായനയാണ്. വായിച്ചാല്‍ വളരുക മാത്രമല്ല വിളയുകയും ചെയ്യും. വായന പതിയെ എഴുത്തിലേക്ക്‌ വഴിമാറും. എഴുത്തുകാര്‍ക്ക് അവരുടെ ആശയങ്ങള്‍ കോറിയിടാനുള്ള നല്ല അവസരങ്ങളാണ് ബ്ലോഗ് ഒരുക്കിത്തരുന്നത്.
സുധിയാണ് ബ്ലോഗ്ഗര്‍മാരുടെ കൂട്ടായ്മയായ വാട്സാപ്പ് ഗ്രൂപ്പില്‍ എന്നെ ചേര്‍ക്കുന്നത്.പുതിയ ഒരു സൌഹൃദക്കൂട്ടായിമയില്‍ ഡിസംബറിന്‍റെ തണുപ്പില്‍ ഞാന്‍ അലിഞ്ഞു ചേരുകയായിരുന്നു. അവിടെ, ഒരു പ്രവാഹമായി വിധിയോട് പൊരുതി ജയിച്ച , തളരാത്ത മനുസ്സുമായി കാലത്തിനൊപ്പം പ്രവഹിക്കുന്ന തിരുവനന്തപുരത്തുകാരിയായ പ്രീതയുണ്ട്. ഷാഹിദും, വീകെയും, വിനീതും മറ്റു പലരും ഉണ്ട്. ഈ കൂട്ടായ്മ എന്നെന്നും നിലനില്‍ക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ........

                                                     01-01-2016 വെള്ളിയാഴ്ച്ച

     വെള്ളിയാഴ്ച്ച പ്രാര്‍ത്ഥനക്ക് പള്ളിയില്‍ എത്തുമ്പോള്‍ പള്ളി നിറഞ്ഞു കവിഞ്ഞിരുന്നു. ഉള്ള സ്ഥലത്ത് ഒതുങ്ങിക്കൂടി ഇരുന്നപ്പോള്‍ ആണ് അറിയുന്നത് പ്രവേശന കവാടത്തിനു നേരയാണ് ഇരുന്നതെന്ന്. ഓരോ പാകിസ്ഥാനിയും എന്നെയും കടന്നു വെച്ചാണ്‌ പോകുന്നത്. അവരോരുത്തരും കടന്നു പോകുമ്പോള്‍ "ഇയാള്‍ക്ക് വേറെ എവിടെയും സ്ഥലം കിട്ടിയിട്ടില്ലേ" എന്ന അവരുടെ ചോദ്യം മുഖഭാവത്തില്‍ നിന്നും ഞാന്‍ വായിച്ചെടുത്തു. ദയവായി എന്നോട് ക്ഷമിക്കണം. എനിക്ക് നിങ്ങളെപ്പോലെ മറ്റുള്ളവുടെ ചുമലും കടന്നു പോകാന്‍ എനിക്ക്  കഴിയാത്തത് കൊണ്ടാണ്.എന്ന്  അവരോട്  പറയാതെ  ഞാൻ  പറഞ്ഞു .
    ഖത്തീബ്  ഖുതുബ (വെള്ളിയാഴ്ച്ച പ്രസംഗം) തുടങ്ങി. വായനയുടെ  പ്രസക്തിയാണ്  വിഷയം . "വായന ചിന്താച്ചക്രവാളത്തെ വികസിപ്പിക്കും. ഉൾകാഴ്ചയെ പ്രകാശിപ്പിക്കും. അത്കൊണ്ട് നിങ്ങളുടെ മക്കളെ വായിക്കാൻ പ്രേരിപ്പിക്കുക.ഇസ്ലാം വായനക്ക് വളരെ പ്രാധാന്യം കൊടുത്ത മതമാണ്‌. വിശുദ്ധ ഖുർആൻ ഇറങ്ങിയത് തന്നെ 'നീ വായിക്കണം' എന്ന കൽപനയോട് കൂടിയാണ്". തുടങ്ങിയ വായനയുടെ വിവിധ വശങ്ങളിലേക്ക് പ്രസംഗം നീങ്ങി. പിറ്റേന്ന് പത്രം നോക്കിയപ്പോഴാണ് അറിയുന്നത് 2016 വയനാവർഷമായി യു, എ, ഇ ആചരിക്കാൻ തീരുമാനിച്ച വിവരം. അതെ യു എ ഇയും,ഷാർജയും വായനക്ക് വളരെ പ്രാധാന്യം കൊടുക്കുന്നു.അത്കൊണ്ടാണല്ലോ ലോകത്തിലെ തന്നെ ഏറ്റവും വലിയ നാലാമത്തെ പുസ്തകോൽസവം എല്ലാവർഷവും ഷാർജയിൽ നടക്കുന്നത്.

  വൈകുന്നേരം റോളയിൽ കൈരളി ബുക്സിന്റെ  ബ്രാഞ്ച് ഉൽഘാടനം ഉണ്ട്. യു എ ഇയിലെ പ്രമുഖ കവി ശിഹാബ് ഘാനം ആണ് ഉൽഘാടകൻ.കൂടെ ദീപാനിഷാന്തും ഉണ്ട്. ഒന്ന് പോയിവരാം എന്ന് കരുതി മെല്ലെ നടന്നു.അവിടെ എത്തി, ഷാർജാപുസ്തകോൽസവത്തിൽ വാങ്ങാൻ കഴിയാത്ത ദീപാനിശാന്തിന്റെ "കുന്നോളമുണ്ടല്ലോ ഭൂതകലക്കുളിർ" എന്ന ബുക്ക് രചയിതാവിന്റെ കയ്യോപ്പോടുകൂടെ വാങ്ങി മെല്ലെ തിരിച്ചു നടന്നു.
 വായനയുടെയും, എഴുത്തിന്റെയും പുഷ്ക്കലമായ വസന്തങ്ങൾ വിരിയിക്കാൻ ഈ വർഷം കഴിയട്ടെ എന്നെ പ്രാർത്ഥനയോടെ ..........