Thursday, December 31, 2015

ആ രാത്രി നമ്മള്‍ ചിക്കന്‍ അടിക്കുകയായിരുന്നു

  വ്യഴായ്ച്ച രാത്രി റൂമില്‍ എത്തിയപ്പോള്‍ ആണ് അറിയുന്നത്, നാല്പത്തിഎട്ട് മണിക്കൂറിനുള്ളില്‍ റൂം വിട്ടു പോകണമെന്ന മുന്‍സിപ്പാലിറ്റിയുടെ അറിയിപ്പ് വന്ന കാര്യം. കലീല്‍ ആണ് പറഞ്ഞത്. കൂടെ ഇസ്ഹാക്കും,റഫീക്കും ഉണ്ട്. ഇസ്ഹാക്കും,റഫീക്കും നമ്മുടെ റൂമില്‍ അല്ലെങ്കിലും അവര്‍ നടത്തുന്ന ഒരു കമ്പനിയുടെ ഓഫിസായിട്ടാണ് റൂം പ്രവര്‍ത്തിക്കുന്നത്. ഓഫീസ് റൂമുകളില്‍ ആളുകള്‍ താമസിക്കാന്‍ പാടില്ലെന്നത്  യു എ യി ലെ നിയമമാണ്. അങ്ങിനെ പിടിക്കപ്പെട്ടാല്‍ പിഴ കൊടുക്കേണ്ടി വരും. പ്രത്യേകിച്ചും ചെക്കിംഗ് കര്‍ഷനമാക്കിയ ഈസമയത്ത്. ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭീകരാക്രമണം ലോകത്തിന്റെ വിവധ ഭാഗങ്ങളില്‍ വ്യാപിച്ച ഘട്ടത്തിലാണ് പരിശോധന കര്‍ശനമാക്കിയത്.
 ഇതുമായി മുന്‍സിപ്പാലിറ്റി ഓഫീസില്‍ പോയാല്‍ അവര്‍ നിര്‍ബന്ധമായും പരിശോധനക്ക് വരും. അത് കൊണ്ട് ആരുടെയെങ്കിലും സ്വാധീനം ഉപയോഗിച്ചു ചെക്കിങ്ങിനു വരാത്ത നിലയില്‍ ആക്കാം, ഖലീലാണ് അഭിപ്രായം മുന്നോട്ടു വെച്ചത്. നല്ല അഭിപ്രായം, അങ്ങിനെഎങ്കില്‍ അങ്ങിനെ എല്ലാവരും സമ്മതിച്ചു. പിറ്റേന്ന് വെള്ളിയാഴ്ച്ച, കൂലങ്കഷമായി ചിന്തിച്ചു. ഒരു എത്തും,പിടിയും കിട്ടുന്നില്ല. ഒരു ഐഡിയയും തലയില്‍ കയറിയില്ല. അല്ലെങ്കില്‍ ഇത്പോലോത്ത സമയങ്ങളിലൊന്നും പണ്ടേ എന്‍റെ തലയില്‍ ഒന്നും കയറാറുമില്ല.
   ശനിയാഴ്ച്ച ആയിരുന്നു പ്രതീക്ഷ, പക്ഷെ അതും നഷ്ടപെട്ടു. കുറച്ചുപേരുമായി ബന്ടപ്പെട്ടു യെങ്കിലും നിരാശയായിരുന്നു ഫലം. എല്ലാവരും കൈ മലര്‍ത്തി. "നോ രക്ഷ." ചെക്കിംഗ് ലാസിം ( നിര്‍ബന്ധം). ഇനി എന്ത് ചെയ്യും? എന്ത് ചെയ്യാന്‍, സാധനങ്ങളൊക്കെ നീക്കം ചെയ്ത് റൂം ഒരു ഓഫീസ് പോലെ ആക്കി വെക്കണം. ചെക്കിങ്ങിനു വരുന്നവര്‍ക്ക് മനസ്സിലാകരുത് ഇവിടെ താമസമുണ്ടായിരുന്നു എന്ന്.
 "വരുന്നവര്‍ തലയില്‍ ആള്‍താമസം ഇല്ലാത്തവരല്ലല്ലോ, വന്നാല്‍ അവര്‍ക്ക് എങ്ങിനെയും മനസ്സിലാവും ഇത് താമസിക്കുന്ന റൂം ആണെന്ന്. അത്കൊണ്ട് സാധനങ്ങള്‍ മാറ്റണ്ട" മലപ്പുറത്ത്‌ കാരനായ മൂസക്കുട്ടിയുടെ അഭിപ്രായം.എനിക്കും തോന്നി ഇത് നല്ല അഭിപ്രായമായിട്ട്.പക്ഷെ പുറത്ത് പറഞ്ഞില്ല.
കര്‍ണ്ണാടകക്കാരനായ മാലികിന് നിര്‍ബന്ധം, സാധനങ്ങള്‍ എടുത്തുമാറ്റണമെന്ന്. അവസാനം സാധനങ്ങള്‍ മാറ്റി റൂം ക്ലീന്‍ ചെയ്യാന്‍ തന്നെ തീരുമാനിച്ചു. അതിനിടയില്‍ ബെഡ് സ്പൈസിനുവേണ്ടി പരക്കം പായുന്നും ഉണ്ടായിരുന്നു. ഈ വിഷയത്തില്‍ ടെന്‍ഷന്‍ ഇല്ലാത്ത രണ്ടുപേര്‍ ഉണ്ടായിരുന്നു " സുഹൈല്‍ സഖാഫിയും, ഷഫീഖും.സഖാഫി ജനുവരി മൂന്നിന് നാട്ടില്‍ പോവുകയാണ്. അയാള്‍ക്കുണ്ടായിരുന്ന ആകെ പേടി പെട്ടികെട്ടാന്‍ റൂം ഉണ്ടാകുമോ എന്നതായിരുന്നു.
"നമുക്ക് പള്ളിയില്‍ നിന്ന് പെട്ടികെട്ടാം" നര്‍മ്മം കലര്‍ത്തിയ ഭാഷയില്‍ മാലിക് ഇടക്കിടെ പറയുന്നുണ്ടായിരുന്നു.
 ഷഫീഖ് ആണെങ്കില്‍ എനിക്ക് സാബിറിന്റെ റൂം ഉണ്ടെന്നു ഇടയ്ക്കിടെ പറയുന്നുണ്ടായിരുന്നു. ആരെയോ ബോധിപ്പിക്കാന്‍ എന്നപോലെ. ഖലീലും എവിടെയോ റൂം ഒപ്പിച്ചു വെച്ചിട്ടുണ്ടായിരുന്നു. ബാക്കിവരുന്നവര്‍ വരുന്നിടത്ത് വെച്ച് കാണാം എന്ന ചിന്തയിലും.
 മലപ്പുറത്തുകാരനായ ബാവുട്ടി (നൗഫല്‍, നാട്ടില്‍ അങ്ങിനെയാണ് വിളിക്കല്‍. മലപ്പുറത്തു ജനിക്കാത്തതും ഭാഗ്യംതന്നെ. അല്ലെങ്കില്‍ നമ്മുടെ പേരും ചെക്കുട്ടിയും, കുഞ്ഞാപ്പുവും, കുഞ്ഞൂട്ടിയും ഒക്കെ ആയി മാറുമായിരുന്നു. വെറുതെ ഒരു തമാശ പറഞ്ഞതാണെ.....മലപ്പുറത്തുകാര്‍ എനിക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുത്തേക്കരുത്.) ക്ക് ഉണ്ടായിരുന്ന പേടി ബുധനാഴ്ച്ച നാട്ടില്‍ നിന്ന് വരുന്ന താടിക്കാരന്‍ ഫിര്‍ദൌസ് ബായി കൊണ്ടുവരുന്ന"പത്തല്‍" ആരുടെ റൂമില്‍ കൊണ്ടുവരും എന്നതായിരുന്നു.
  ശനിയാഴ്ച്ച രാത്രി ക്ലീനിംഗ് തുടങ്ങി. ഇന്ന് ശഫീഖിന്റെ വക ചിക്കന്‍ ആക്കിയാലോ? ഖലീല്‍ ആണെന്ന് തോന്നുന്നു പറഞ്ഞത്.അല്ല മെസ്സ് വക തന്നെ ആയിക്കോട്ടെ. അങ്ങിനെ ചെക്കിങ്ങിനു വരുന്ന ദിവസത്തിന്റെ തലേ രാത്രിയും നമ്മള്‍ ചിക്കന്‍ കഴിച്ചു കിടന്നുറങ്ങി.
 ഞായറാഴ്ച്ച രാവിലെ ക്ലീനിംഗ് അവസാനിച്ചു. കട്ടില്‍ അഴിച്ച് ബാര്‍പ്പിന്റെ മുകളില്‍ ഇട്ടു. ഓരോരുത്തരും അവരവരുടെ സാധനങ്ങള്‍ കടകളിലും , സുഹൃത്തുക്കളുടെ റൂമുകളിലും വെച്ചു. കിച്ചണ്‍ സാധനങ്ങള്‍ മൊത്തം റഫീഖിന്റെ വണ്ടിയില്‍ അടുക്കിവെച്ചു.അത്കൊണ്ട് തന്നെ അനിശ്ചിത കാലത്തേക്ക് കിച്ചണ്‍ അടച്ചു. ഭക്ഷണം ഓരോരുത്തരും അവരവരുടെ പൈസ കൊണ്ട് ഹോട്ടലില്‍ നിന്നും കഴിക്കണം എന്ന ഓര്‍ഡിര്‍ വന്നു. റബ്ബേ ഇനി എത്ര ദിവസമാണാവോ പുറത്തുപോയി കഴിക്കേണ്ടി വരിക??...
 റൂം ഏകദേശം ഒരു ഓഫീസ് പോലെ ആയി എന്ന് പറയാം. ഇനി കാത്തിരിപ്പ്, ചെക്കിങ്ങിനു വേണ്ടി, പ്രതീക്ഷയോടെ. ഉച്ച ഭക്ഷണത്തിന് ശേഷം വിശ്രമത്തിന് ആരും റൂമില്‍ പോകരുത്. രാത്രി ഉറങ്ങാന്‍ മാത്രമേ പോകാവൂ എന്ന് വാട്സ്ആപ് ഗ്രൂപ്പില്‍ നിരന്തരം അറിയിപ്പ് വന്നു. പലരും ഓഫീസ് തന്നെ വിശ്രമ കേന്ദ്രമാക്കി. പക്ഷെ അന്നാരും വന്നില്ല. ഒരാള്‍ എത്തിനോക്കുകപോലും ചെയ്തില്ല.
 തിങ്കളാഴ്ച്ച, ഏകദേശം രാത്രി എഴു മണിആയിക്കാണും. ഖലീലിന്റെ ഫോണ്‍ വന്നു. സഖഫീ, റൂം ചെക്ക് ചെയ്തു കൊണ്ടിരിക്കുകയാണ്. കൂടെ റഫീഖും. ഇസ്ഹാഖും ഉണ്ട്. പരിശോധനാ ഫലം അറിയാനുള്ള ആകാംഷ. വട്സാപ്പിലൂടെ നിരന്തര ചോദ്യം. അവസാനം ഫലം പുറത്തു വന്നു. താമസിക്കാം, പ്രശ്നം ഇല്ല. മൂന്ന് ദിവസത്തെ ആകാംഷക്കൊടുവില്‍ വീണ്ടും പഴയത് പോലെ നമ്മള്‍ ആ റൂമിലേക്ക്‌ തന്നെ തിരിച്ചെത്തി.
 ആടറിയുന്നോ അങ്ങാടി വാണിഭം എന്നപോലെ  നാട്ടുകാരും, വീട്ടുകാരും അറിയുന്നുണ്ടോ പാവം പ്രവാസികളുടെ ഈ പെടാപാടുകള്‍.
Monday, December 21, 2015

യാത്ര

യാത്ര എനിക്കെന്നും ആവേശമാണ്.പക്ഷികളുടെ ചില്‍,ചില്‍ ശബ്ദങ്ങളും,പ്രകൃതിയുടെ                    സുന്ദരമായ നിമിഷങ്ങളും ആസ്വദിച്ചുകൊണ്ട്. ബസ്സിന്റെ സൈഡ് സീറ്റിനോടായിരുന്നു എപ്പോഴും എനിക്ക് താല്പര്യം.ട്രെയിനിലും തഥൈവ.പലരും ചോദിച്ചിട്ടുണ്ട് സൈഡ് സീറ്റിനോട് എന്താണ് ഇത്ര താല്പര്യമെന്ന്.അവരറിയുന്നില്ലല്ലോ എന്‍റെ ഏകാന്തതയുടെ കൂട്ടുകാരന്‍ ഓടിപ്പോകുന്ന മരങ്ങളും,പുഴകളും, ആകാശം മുട്ടെ ഉയര്‍ന്നു നില്‍ക്കുന്ന മലകളും,കുന്നുകളുമാണെന്ന്. നിളയോടും,കുന്തിപ്പുഴയോടും കിന്നാരം പറഞ്ഞു പോയിട്ടുണ്ട് ഞാന്‍.  ചിലയാത്രകള്‍ നമ്മുടെ മനസ്സുകളില്‍ മായാതെ നില്‍ക്കും. ചിലത് മറക്കാന്‍ ശ്രമിക്കും.ഓരോയാത്രയും  ഒരുപാടു അനുഭവങ്ങളുടെ കൂമ്പാരങ്ങള്‍ നമുക്ക്തരുന്നു 
എന്‍റെ ഏറ്റവും ആസ്വാദകരമായ യാത്ര കുടക് ജില്ലയിലെ എരുമാട് എന്ന പ്രദേശത്തേക്കുള്ള            യാത്രയായിരുന്നു. ഇരിട്ടിയില്‍നിന്നും ഇരുപതോളം കിലോമീറ്റര്‍ ചുരം കയറി പ്രകൃതിയുടെ എല്ലാ സൗന്ദര്യവും ആസ്വദിച്ചു കൊണ്ടായിരിക്കും യാത്ര. ഇടതൂര്‍ന്ന് നില്‍ക്കുന്ന മരങ്ങളും,വിശാലമായ വനങ്ങളും,ഇടയ്ക്കിടെ കാണുന്ന കുരങ്ങന്‍മാരും, വളഞ്ഞു , പുളഞ്ഞു പോകുന്ന റോഡുകളും,അതിനെല്ലാം ഉപരിയായി ഏതു വേനല്‍കാലത്തും കിട്ടുന്ന തണുത്ത കാലാവസ്ഥയും യാത്രയെ ആസ്വാദകരമാക്കും എന്നതില്‍ സംശയമില്ല. ഒരു വര്‍ഷത്തില്‍ ഒരുപാട് തവണ ഇതിലൂടെ യാത്ര ചെയ്തിട്ടുണ്ട്. പോകുന്ന വഴിയില്‍ വിജനമായ ചില സ്ഥലങ്ങളില്‍കാണുന്ന ചെറിയ,ചെറിയ കുടിലുകള്‍ ചിന്തയെ ചെറുപ്പ കാലത്തിലേക്ക് കൂട്ടിക്കൊണ്ടു പോകും.മഴക്കാലമായാല്‍ യാത്രദുഷ്ക്കരമാകും. റോഡിലേക്ക് ചാഞ്ഞുനില്‍ക്കുന്ന മരങ്ങള്‍  ചിലപ്പോള്‍ വീണാല്‍ ഗതാഗത തടസ്സം ഉണ്ടാവും.
സുന്ദരമായ പ്രകൃതിയിലൂടെ അതിനേക്കാള്‍ സുന്ദരമായ നാട്ടിലേക്കുള്ള പ്രയാണം അതായിരുന്നു എനിക്ക് ഈ വഴിയിലൂടെയുള്ള ഓരോ യാത്രയും. ഓരോ യാത്രയും നമുക്ക് ഓരോ പാഠങ്ങളാണു  നല്‍കുന്നത്. എരുമാട്ടേക്കുള്ള ആദ്യ യാത്ര ഞാനിന്നും ഓര്‍ക്കുന്നു.ഒരു സന്ധ്യാസമയത്താണ് അവിടെ എത്തുന്നത്‌, മദ്രസാ  അധ്യാപകനായി.വലിയ പള്ളി, ആയിരത്തോളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന മൂന്നുനിലയുള്ള മദ്രസ,ഒരു യതീംഖാന എന്നിവ സ്തിഥി ചെയ്യുന്നു. ഇവരുടെ പ്രധാന വരുമാന മാര്‍ഗ്ഗം കാപ്പിത്തോട്ടമാണ്.എല്ലാവര്‍ക്കും കുറച്ചെങ്കിലും കാപ്പിത്തോട്ടമുണ്ടാകും.ചെറുപ്പത്തില്‍ എപ്പോഴോ കണ്ട കാപ്പിമരം ശരിക്ക് കാണുന്നത് ഇവിടെ നിന്നാണ്. ഓരോ ചെറിയ വീടും അതിനു ചുറ്റും തോട്ടവും ഇല്ലാത്ത വീട് വളരെ കുറവാണ്. ഓരോ വിളവെടുപ്പ് കാലം കഴിഞ്ഞാലും മരത്തിന്‍റെ ചില്ലകള്‍ മുറിച്ചു കളയുന്ന പരിപാടിയുണ്ട്. മരം കൂടുതല്‍ വലുതാവതിരിക്കാന്‍ വേണ്ടിയാണു ഇങ്ങിനെ ചെയ്യുന്നത്. വലുതായാല്‍ അടുത്ത വിളവെടുപ്പ് കാലമാകുമ്പോഴേക്കും കായകള്‍ കൈ എത്തിപ്പറിക്കാന്‍ കഴിയില്ല.മരത്തില്‍ കയറി പറിക്കാനാണെങ്കില്‍ അതിനുള്ള ശക്തിയും മരത്തിനുണ്ടാവില്ല.
  ഓരോ യാത്രക്കും നല്ലവണ്ണം ഒരുങ്ങണം.നമ്മള്‍ ഇപ്പോഴും യാത്രയിലാണ്.ഇനി ഒരു വലിയ യാത്ര പോകേണ്ടവരാണ് നമ്മള്‍.അതിനു കാലവും,നേരവുമില്ല.രാത്രിയെന്നോ,പകലെന്നോ ഇല്ല എപ്പോഴും പോകാം. എന്നെന്നേക്കുമുള്ള യാത്ര.അതിനുള്ള ഒരുക്കങ്ങള്‍ നടത്തണ്ടേ?.മ

Thursday, December 17, 2015

അറിയാതെ പോകുന്ന യുവത്വങ്ങള്‍

        അന്നം തേടിയുള്ള മലയാളിയുടെ അറേബ്യന്‍ നാടുകളിലേക്കുള്ള പ്രവാസം ആരംഭിക്കുന്നത് എഴുപതുകളുടെ ആദ്യത്തോടെയാണ്. ഈ സുദീര്‍ഘ പ്രവാസത്തിനിടയില്‍ ദുഖങ്ങളും, പ്രയാസങ്ങളും, വിരഹങ്ങളും,സന്തോഷങ്ങളും, നഷ്ടങ്ങളും, നേട്ടങ്ങളും എല്ലാം ഉണ്ടായിട്ടുണ്ട്.
   മലയോളം പ്രതീക്ഷകളുമായി വന്നവര്‍ വെറും കയ്യോടെ നിരാശരായി പോകേണ്ടിവന്നിട്ടുണ്ട്. അവസാനം പോകുമ്പോള്‍ കുറച്ചു രോഗവും, വാര്‍ധക്യത്തിന്റെ അവശതയും മാത്രം ബാക്കിയാക്കി പ്രതീക്ഷകളുടെ ഭാണ്ഡങ്ങള്‍ എല്ലാം ഈ മണലാരണ്യത്തില്‍ ഇറക്കി വെച്ച് 'മനസ്സമാധാനത്തോടെ' തന്‍റെ പ്രിയപ്പെട്ടവരുടെ അടുത്തേക്ക് പോകുന്നവര്‍.
   എന്‍റെ രണ്ട് വര്‍ഷത്തെ പ്രവാസ ജീവിതത്തിനിടയില്‍ ഒരുപാട് പേരെ കണ്ട് മുട്ടി. ജീവിതത്തിന്‍റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ ജീവിതത്തോണിയില്‍ പ്രതീക്ഷയുടെ ഭാണ്ഡങ്ങള്‍ കെട്ടിവെച്ചു ആഞ്ഞു തുഴയുന്നവര്‍.അതില്‍ ഇടക്ക് പതറിപ്പോകുന്നവര്‍ ഉണ്ട് ,അവസാനം  കരപറ്റി രക്ഷപ്പെടുന്നവരും ഉണ്ട്. ജീവിതത്തെ ജോളിയായി സമീപിച്ചു കിട്ടുന്ന പൈസക്ക് അടിച്ച് പൊളിച്ചു ജീവിക്കുന്നവരും അതില്‍ പെടും.
  1978 ല്‍ ഇവിടെ വന്ന് 37വര്‍ഷമായി പത്ര വിതരണ രംഗത്ത് തുടരുന്ന 64  വയസ്സായ തിരുവനന്തപുരത്തുകാരനായ ഒരു നജീബ് ബായിയെഎനിക്കറിയാം. എല്ലാ ടൈപിംഗ് സെന്റെറില്‍നിന്നും ബാങ്കിലിടാനുള്ള പൈസയും വാങ്ങി തന്‍റെ ബൈക്കില്‍ ചൂടിനെ വക വെക്കാതെ പോകുന്നത് കാണുമ്പോള്‍ ചിലപ്പോള്‍ മനസ്സില്‍ വല്ലാത്ത വിഷമം തോന്നാറുണ്ട്. നമുക്ക് അദ്ദേഹം വെറും തമാശക്കാരന്‍ മാത്രം. ജീവിതത്തിന്‍റെ ബാലന്‍സ് നിലനിര്‍ത്താന്‍ വേണ്ടി അദ്ധേഹത്തിന്റെ പെടാപാട് തമാശയിലൂടെ ഒരു മറ ഉണ്ടാക്കുന്നു എന്ന് മാത്രം. ഒരു മാസം മുംബ് ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ കാരണം അദ്ദേഹം കാന്‍സില്‍ ചെയ്തു നാട്ടിലേക്ക് പോയി.വീണ്ടും വരുമെന്ന വാഗ്ദാനവുമായി, ഒരു കാന്തിക ശക്തി  പോലെ പ്രവാസിയെ ഈ മണലാരണ്യത്തിലേക്ക് തന്നെ പിടിച്ചു വലിക്കുന്ന ഏതോ ഒരു ഘടകം ഉള്ളത് പോലെ."വന്ന നാള്‍ മുതല്‍ അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നതും, വര്‍ഷങ്ങളോളം തുടരുന്നതുമായ ഒന്നുണ്ട് അതാണ് പ്രവാസം" എന്ന വാക്ക് എത്ര പ്രസക്തമാണ്.
      ഏതോ കമ്പനിയില്‍ നിന്നും ചാടി വന്ന് നമ്മുടെ ചുറ്റുപാടുമുള്ളവരുടെ വണ്ടി കഴുകിയും കടകള്‍ തൂത്തുവാരിയും കിട്ടുന്ന പൈസ കൊണ്ട് കുടുംബം പുലര്‍ത്തി ജീവിക്കുന്ന അനീസ്‌ എന്ന ബംഗാളി ചെറുപ്പക്കാരന്‍, അവനിക്ക് വിസയോ, പാസ്പോര്‍ട്ടോ തുടങ്ങിയ യു  എ യി ല്‍ ജീവിക്കാനുള്ള ഔദ്യോഗിക രേഖകള്‍ ഒന്നും തന്നെ ഇല്ല. ഒരു ഔട്ട്‌ പാസ്സ് കഴിഞ്ഞെങ്കിലും അവന്‍ നാട്ടില്‍ പോയില്ല.ഇനി എപ്പോള്‍ നാട്ടില്‍ പോകും എന്ന എന്‍റെ ചോദ്യത്തിന് അവന്‍ തന്ന മറുപടി മൂന്നു വര്‍ഷം കഴിഞ്ഞതിനു ശേഷം എന്നാണ്. ഇപ്പോള്‍ വന്നിട്ട് മൂന്നു വര്‍ഷവും. ആറുവര്‍ഷം തന്‍റെ പ്രിയതമയുടെ വരവും കാത്തു കഴിയുന്ന ഒരു പെണ്ണിന്റെ നിസ്സഹായാവസ്ഥ ചിന്തിച്ചപ്പോള്‍ അറിയാതെ ഒരിറ്റു കണ്ണുനീര്‍.............................................................................................................
അങ്ങകലെ അവന്‍റെ നാട്ടില്‍ അവനെയും കാത്തു ഭാര്യയും പന്ത്രണ്ടു വയസ്സായ മകനും അടങ്ങുന്ന കുടുംബം പ്രതീക്ഷയോടെ കാത്തിരിക്കുന്നു. പക്ഷെ എല്ലാം പെട്ടന്നാണു സംഭവിച്ചത്, ചെക്കിങ്ങിനു വന്ന പോലീസ് അവനെ പിടികൂടി.ഔദ്യോഗിക രേഖകള്‍ ഒന്നും തന്നെഇല്ലാത്തതിന്റെ പേരില്‍ ജയിലില്‍ ആയി. ഇപ്പോള്‍ എന്ത് സംഭവിച്ചു ഒന്നും അറിയില്ല, ഇങ്ങിനെ പിടികൂടുന്നവരെ ആജീവനാന്ത വിലക്ക് ഏര്‍പെടുത്തി നാട്ടിലേക്ക് തന്നെ അയക്കുമെന്നാണ് അറിയാന്‍ കഴിഞ്ഞത്.
അങ്ങിനെയെങ്കിലും അവന്‍റെ കുടുംബത്തിനു സമാധാനം ലഭിക്കട്ടെ എന്ന് മനസ്സ് അറിയാതെ പറഞ്ഞു പോയി. ഇപ്പോള്‍ അവനു പകരം വന്നതും ഒരു ബംഗാളി തന്നെ, അവന്റെതും ഇതേ അവസ്ഥ, അജ്മാനിലെ ഏതോ ഒരു കമ്പനിയില്‍ നിന്നും ശംബളം കിട്ടാത്തതിന്റെ പേരില്‍ ചാടി വന്ന ജഹാങ്കീര്‍ ആലം. ഇവിടെ കാറുകള്‍ തുടച്ചും കടകള്‍ അടിച്ചു വാരിയും ജീവിക്കുന്നു.അവന്‍റെ ആയുസ്സ് പുസ്തകവും എപ്പോള്‍ അവസാനിക്കും????. യുവത്വങ്ങള്‍ ആര്‍ക്കോ വേണ്ടി അറിയാതെ പണയം വെച്ച് പോകുന്നവര്‍.അവസാനം ചണ്ടിയായി അവിടെയും,ഇവടെയും എടുക്കാത്ത നാണയമായി മറുന്നവര്‍.അള്ളാഹ് നീ തന്നെ കാവല്‍,,,,,,,,,,,,,,,,,,,,
       സിഗ്നല്‍ ലൈറ്റുകളില്‍ നിര്‍ത്തുന്ന വണ്ടികളില്‍ പോയി രാത്രി മൂന്നു മണി സമയത്ത് പത്രം വില്‍ക്കുന്ന ഒരുപാടു പേരെ ഞാന്‍ കണ്ടിട്ടുണ്ട്. പത്രമെടുത്ത്‌ പോകുമ്പോള്‍ ഉണ്ടാകുന്ന പുഞ്ചിരി ആയിരിക്കില്ല ചിലപ്പോള്‍ തിരിച്ചു വരുമ്പോള്‍ അവരുടെ മുഖത്ത് കാണുന്നത്. തന്‍റെ കുടുംബക്കാര്‍ സുഖനിദ്രയില്‍ കഴിയുമ്പോഴും അവരുടെ ഒരു ചാണ്‍ വയറിനു വേണ്ടി ഉറങ്ങാതെ പണിയെടുക്കാന്‍ വിധിക്കപ്പെട്ട പാവം പ്രവാസി.ഇങ്ങിനെ എത്ര എത്ര പേര്‍. എത്ര പേരുടെ സങ്കടത്തിന്റെ കണ്ണീരു വീണ മണ്ണ് ആണു ഇത്!.ഓരോ തലയണകള്‍ക്കും പറയാനുണ്ടാവും ഒരുപാടു കണ്ണുനീരിന്റെ കഥകള്‍. രാത്രി കിടന്നുറങ്ങുമ്പോള്‍ ആരും അറിയാതെ വീണ കണ്ണുനീരിന്റെ കഥ.കഴിഞ്ഞ കാലത്തിന്റെ മറ്റൊരു പേരാണ് കഥ, പക്ഷെ പ്രവാസിയിലേക്ക് നോകുമ്പോള്‍ ഭാവിയു, ഭൂതവും, വര്‍ത്തമാനവും എല്ലാം കഥകളായി മാറുന്നു.
  വെറും സങ്കടത്തിന്റെ കഥകള്‍ മാത്രമല്ല കേള്‍ക്കുന്നതും, കാണുന്നതും. നല്ല പൊസിഷനില്‍ ജോലി ചെയ്തു നല്ല ശമ്പളവും വാങ്ങി ഭാര്യയോടും, മക്കളോടും കൂടെ ജീവിക്കുന്ന എത്രയോ പേര്‍ എവിടെ ഉണ്ട്. അവരെയൊന്നും കാണാതെ പോകുന്നതല്ല എങ്കിലും എപ്പോഴും എല്ലാവര്‍ക്കും കണ്ണു നീരിനോടാണല്ലോ ഇഷ്ടം, 'സാഹിത്യത്തിനു' പോലും. അങ്ങിനെ പറഞ്ഞു എന്ന് മാത്രം.
  ഇനി എന്നിലേക്ക് തിരിച്ചുവരാം, ഞങ്ങളുടെ റൂമില്‍ എട്ടു പേര്‍, ചിലപ്പോള്‍ അത് പത്താകും. വ്യത്യസ്ത ജില്ലക്കാര്‍. അയല്‍ സംസ്ഥാനക്കാര്‍, വ്യത്യസ്ത സംസ്കാരം ഉള്ളവര്‍, വ്യത്യസ്ത സ്വഭാവക്കാര്‍. കൂടുതല്‍ പേരും ടൈപ്പിംഗ്‌ സെന്ററില്‍ ജോലി ചെയ്യുന്നവര്‍.ജോലി സമയം രാവിലെ എട്ടു മണി മുതല്‍ രാത്രി പത്തുമണി വരെ. ഉച്ചക്ക് കിട്ടുന്ന മൂന്ന് മണിക്കൂര്‍ വിശ്രമം ഒഴിച്ചാല്‍ മുഴു സമയ ഡ്യൂട്ടി തന്നെ.എങ്കിലും വെള്ളിയാഴ്ച്ച എല്ലാവര്‍ക്കും ഒഴിവാണ്. അന്ന് ബിരിയാണി വെച്ച് ഞങ്ങള്‍ ആഘോഷിക്കും. കട്ടിലില്‍ കിടക്കാനുള്ള ഭാഗ്യം നാലുപേര്‍ക്ക് മാത്രം. ബാക്കിയുള്ളവര്‍ നിലത്ത് കിടക്കണം.  അനാധാലയത്തിലെ അന്തേവാസികളെ പോലെ. ഭക്ഷണം ഓരോദിവസവും ഓരോരുത്തര്‍ ഉണ്ടാക്കണം. നാട്ടില്‍നിന്നു ഒരിക്കല്‍ പോലും അടുക്കള കാണാത്തവര്‍, അടുക്കളയിലെ തീ കത്തിക്കാന്‍ പോലും മടികാണിച്ചവര്‍ ഇവിടെ യാന്ത്രികമായി കറിയും, ചോറും ഉണ്ടാക്കുന്നു. ഉപ്പ് കുറഞ്ഞതിനു ഉമ്മയെ കുറ്റപ്പെടുത്തിയവര്‍ ഒന്നും പറയാതെ,  ഒരു പരാതിയുമില്ലാതെ എല്ലാം കഴിക്കുന്നു.
 ഒഴിവു കിട്ടുന്ന സമയങ്ങളിലുള്ള നമ്മുടെ ചര്‍ച്ചയില്‍ നാടും, വീടും, രാഷ്ട്രീയവും, കളിയും എല്ലാം കടന്നു വരും.ചിലപ്പോള്‍ പഴയകല സ്മരണകളിലേക്ക് എല്ലാവരും ഊളയിടും.അതില്‍ സ്കൂളും, മദ്രസയും,ദര്‍സും,കോളേജും എല്ലാം കടന്നു വരും.

         നമുക്കൊരു അയല്‍വാസി ഉണ്ട് അതും പാകിസ്ഥാന്‍ കാരന്‍. അയാള്‍ കുടുംബസമേതം ജീവിക്കുന്നു. അതിര്‍ത്തി തര്‍ക്കങ്ങളോ, പ്രശ്നങ്ങളോ ഒന്നുമില്ല. നല്ല സൗഹാര്‍ധത്തില്‍ നമ്മള്‍ പരസ്പരം കൊണ്ടും കൊടുത്തും കഴിയുന്നു. അവര്‍ ഉണ്ടാക്കുന്ന നല്ല ഭക്ഷണങ്ങള്‍ ചിലപ്പോള്‍ നമുക്ക് കൊണ്ട് തരും.നമ്മള്‍ അങ്ങോട്ടും.

                                                                                               
                                                                                         
നമ്മുടെ റൂം. ചില കാഴ്ച്ചകള്‍.


Wednesday, December 16, 2015

യുവജനോത്സവം

                    1994, അന്ന് ഞാന്‍ സ്കൂളില്‍ എട്ടാം ക്ലാസ്സില്‍ പഠിക്കുന്നു.
      വേദി ഉണരാന്‍ ദിവസങ്ങള്‍ മാത്രമേ ബാക്കി ഉള്ളൂ. എല്ലാവരും തീവ്രമായ പരിശീലനത്തില്‍ ഏര്‍പെട്ടിരിക്കുന്നു.നാലു ഗ്രൂപ്പുകളിലായിട്ടാണ് മത്സരങ്ങള്‍ നടക്കുന്നത്.റെഡ്, ഗ്രീന്‍, ബ്ലു,  എല്ലോ. സ്കൂള്‍ യുവജനോത്സവത്തിന്റെ കാര്യമാണ് പറഞ്ഞു വരുന്നത്.മാപ്പിളപ്പാട്ടും, ഒപ്പനയും, കോല്‍ക്കളിയും മറ്റും സദസ്സിനെ വിരുന്നൂട്ടും എന്നതില്‍ സംശയമില്ല. അങ്ങിനെ ആദിവസമെത്തി.മാപ്പിളപ്പാട്ടിന്റെ ആരവത്തോടെ വേദി ഉണര്‍ന്നു.ഉസ്മാന്‍ തലക്കി അവതരിപ്പിച്ച ബദര്‍ കിസ്സപ്പാട്ട് ഇന്നും മനസ്സില്‍ നിറഞ്ഞു നില്കുന്നു."അടുത്തതായി വേദിയില്‍ നടക്കാന്‍ പോകുന്നത് ആണ്‍കുട്ടികളുടെ ഒപ്പന മത്സരമാണ്‌" വേദിയില്‍നിന്നും അനൌണ്സ് മുഴങ്ങി.മത്സരാര്‍ഥികള്‍ എല്ലാവരും ഗ്രീന്‍ റൂമില്‍ എത്തി.അപ്പോഴാണ് ശ്രദ്ധയില്‍ പെട്ടത്,നമ്മുടെ ക്ലാസ്സിലെ മത്സരാര്‍ഥികള്‍ എല്ലാവരും എത്തി പക്ഷെ പുതിയാപ്പിള ആകേണ്ട ആള്‍ ഇല്ല.കുറേ തിരഞ്ഞു പക്ഷെ കണ്ടില്ല. ഫോണ്‍ വിളിക്കാനാണെങ്കില്‍  ആ കാലത്ത്‌ മൊബൈലും ഇല്ലല്ലോ. അപ്പോഴാണ് നമ്മുടെ ലീഡര്‍ അസ്സു (അഷ്‌റഫ്‌) എന്നെ കാണുന്നത്.അഞ്ചു രൂപ കീശയില്‍ തിരുകിക്കയറ്റിയിട്ട് എന്നോട് പറഞ്ഞു. ചതിക്കരുത്, ദയവു ചെയ്തു ആ കസേരയില്‍ ഒന്ന് ഇരുന്നു തരണം.( അന്ന് അത്യാവശ്യം സാമ്പത്തിക ശേഷിയുള്ള വിഭാഗത്തിലായിരുന്നു അസ്സു)
പിടക്കുന്ന മനസ്സോട് കൂടെയും, വിറയ്ക്കുന്ന കാലുകളോടു കൂടെയും വേദിയില്‍ കയറി. പരിപാടി ഭംഗിയായി അവസാനിക്കുകയും ചെയ്തു. പിറ്റേന്നു സ്കൂളില്‍ പോയപ്പോള്‍ ചില പെണ്‍കുട്ടികള്‍ തമാശയാക്കി എങ്കിലും  എന്‍റെ സ്വതസിദ്ധമായ, നിഷ്കളങ്കമായ ചിരിയില്‍  മറുപടി ഒതുക്കി.    

അബ്ദുല്‍ റഹ്മാന്‍ 2

    അങ്ങിനെ 22/03/2009 ഞായറാഴ്ച്ച നടക്കുന്ന അവന്‍റെ കല്യാണത്തിന് ഞാന്‍ ക്ഷണിക്കപ്പെട്ടു.
രാവിലെ 6-30 ന് തളിപ്പറമ്പില്‍ നിന്നും മംഗലാപുരം ബസ്സില്‍ കയറി.അവിടെ നിന്നും ഉപ്പിനങ്ങാടി ബസ്സില്‍ കയറി ബി സി റോഡ്‌ ഇറങ്ങി. അവിടെ നിന്നും കള്ളടുക്കയിലുള്ള അവന്‍റെ വീട്ടില്‍ എത്തുമ്പോള്‍ ഏകദേശം ഉച്ചയായിരുന്നു. ഭക്ഷണവും കഴിച്ച് അവന്‍റെ ഭാര്യ വീടായ ഉള്ളാള്‍ മുക്കച്ചേരിയിലും പോയി 5 മണിക്കുള്ള ട്രെയിനില്‍ കയറി നാട്ടില്‍ എത്തുമ്പോള്‍ ഏകദേശം രാത്രി പത്തുമണിയായിരുന്നു.
 ഇങ്ങിനെ എത്ര,എത്ര സുഹൃത്തുക്കള്‍.ഒരിക്കലും പിരിയരുതെന്നു സ്വപ്നം കണ്ടവര്‍,മറക്കാന്‍ കഴിയാത്തവര്‍, ഓര്‍ക്കുംതോറും ഓര്‍മ്മയിലേക്ക് തികട്ടി വരുന്നവര്‍.മഞ്ഞനാടിയുടെ സുന്ദരമായ സായാഹ്നങ്ങളെ സജീവമാക്കിയവര്‍,ഭക്ഷണ ശേഷം പറയാതെയും,ചോദിക്കാതെയും വെള്ളം കൊണ്ടുത്തരുന്ന കുദ്ധൂസ് എന്ന അഞ്ചാം ക്ലാസ്സുകാരന്‍,കളിക്കളത്തില്‍ പോലും എന്‍റെ കയ്യും പിടിച്ച് നില്‍ക്കുന്ന സലീത് എന്ന മൂന്നാം ക്ലാസ്സുകാരന്‍.അവരൊക്കെ എവിടെപ്പോയി അറിയില്ല. പക്ഷെ പത്തുവര്‍ഷത്തിനിപ്പുറവും ഞാനോര്‍ക്കുന്നു അവരെയൊക്കെ.എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ.
 രഹമാനിന്റെ കല്യാണത്തിനാണെന്ന് തോന്നുന്നു യാദൃശ്ചികമായി കുദ്ധൂസിനെ കണ്ടു. ഒരുപാടു സംസാരിച്ചു.ഫോണ്‍ നമ്പര്‍ പരസ്പരം കൈമാറി,അറ്റുപോയ ബന്ധം വീണ്ടും കൂട്ടിചേര്‍ക്കാന്‍.പിന്നെടെപ്പോഴോ ആ ഫോണ്‍ നമ്പര്‍ കൈമോശം വന്നപ്പോള്‍ ബന്ധവും അവിടെ അവസാനിച്ചു.ഒരു മൊബൈല്‍ ഫോണില്‍ തുടങ്ങുകയും, അവസാനിക്കുകയും ചെയ്യുന്ന  നമ്മുടെ ബന്ധങ്ങള്‍ ബന്ധനങ്ങള്‍ ആയിക്കൊണ്ടിരിക്കുകയാണ്.
 വൈകുന്നേരങ്ങളില്‍ ഉള്ള ക്രിക്കറ്റ് കളി ഒരു രസമായിരുന്നു. രാവിലെ മുതല്‍ വൈകുന്നേരം വരെ പഠനത്തില്‍ മുഴുകിയ നമുക്ക് ഒരു ഉല്ലാസമായിരുന്നു കളി. ഒന്നോ രണ്ടോ പേര്‍ ഒഴിച്ച് ബാക്കി എല്ലാവരും കളിക്കാന്‍ വരും.പക്ഷെ ഉസ്താദിനു തീരെ ഇഷ്ടമില്ലാത്ത കളിയായിരുന്നു ക്രിക്കറ്റ്. ഒന്നുകൊണ്ടും അല്ല, കളികൊണ്ട് പ്രധാനമായും ലക്‌ഷ്യം വെക്കുന്നത് വ്യായാമമാണ്.ഈ കളിയില്‍ എല്ലാവര്‍ക്കും അത് കിട്ടിക്കൊള്ളണമെന്നില്ല.നേരെ മറിച്ച് ഫുട്ട്ബോളോ,വോളിബോളോ ആയിരുന്നെങ്കില്‍ എല്ലാവര്‍ക്കും  ഓടാനും ചാടാനുമുള്ള അവസരം ലഭിക്കുകയും ചെയ്യും.ഉസ്താദ് അത് തുറന്നു പറയുകയും ചെയ്തു. അതിനു ശേഷം വോളിബോള്‍ തുടങ്ങി പക്ഷെ വെറും രണ്ടാഴ്ച്ചത്തെ ആയുസ്സ് മാത്രമേ അതിന് ഉണ്ടായിരുന്നുള്ളൂ. വീണ്ടും പഴയ കളിയിലേക്ക് തന്നെ മടങ്ങി.
     കളിക്കുമ്പോള്‍ വീണു കൈ പൊട്ടിയത്, കാന്റീന്‍ ജീവനക്കാരുമായുള്ള സൌഹൃദം,വ്യാഴാഴ്ച്ച രാവുകളിലെ ഊരു ചുറ്റല്‍ എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ മനസ്സിന്‍റെ കണ്ണാടിയിലേക്ക് ഓടി വരുന്നു. നഷ്ടപെട്ട പോയ പഠന കാലം തിരിച്ചു തിരിച്ചു വരാന്‍ കൊതിക്കാത്തവര്‍ ആരുണ്ട് അല്ലെ..............
    

Tuesday, December 15, 2015

നബിദിനം

  വിശ്വാസികളുടെ മനതാരില്‍ കുളിര്‍മഴ പെയ്യിച്ച് വീണ്ടുമൊരു റബീഉല്‍അവ്വല്‍ കൂടി കടന്നുവന്നു.മണ്ണിലും, വിണ്ണിലും പ്രവാചകന്റെ മദ്ഹ് ഗീതങ്ങള്‍ അലയൊലിക്കുന്നു. കൊച്ചു കുട്ടികള്‍ മുതല്‍ വൃദ്ധന്‍മാര്‍ വരെയുള്ള ആബാലവൃദ്ധം  ജനങളുടെ ചുണ്ടില്‍ നിന്നും മൌലിദിന്റെയും, സ്നേഹത്തിന്റെയും ശീലുകള്‍ തത്തിക്കളിക്കുന്ന വസന്ത കാലം.വിശേഷിപ്പിക്കുവാന്‍ വാക്കുകള്‍ ഇല്ല.ഓരോ റബീഉല്‍ അവ്വല്‍ വരുമ്പോഴും പഴയകാല ഓര്‍മ്മപ്പുസ്തകം വായിക്കാന്‍ വല്ലാത്ത രസമാണ്. റബീഉല്‍അവ്വല്‍ ഒന്ന് മുതല്‍ പള്ളികളില്‍നിന്നും,വീടുകളില്‍നിന്നും മൌലിദിന്റെ ആരവങ്ങള്‍ ഉയരും.നാലാംക്ലാസ് മുതലാണ് എന്‍റെ മൌലിദ് ഓര്‍മ്മ തുടങ്ങുന്നത്. മദ്റസയില്‍ നിന്നും ഉബൈദ് ഉസ്താദും, മറ്റു ഉസ്താദുമാരും ഈണത്തില്‍ ചൊല്ലിത്തരുന്ന ബൈത്തുകള്‍ ഞങ്ങള്‍ കുട്ടികള്‍ ഉച്ചത്തില്‍ ചൊല്ലുമായിരുന്നു.അന്ന് മുതലാണ് മൌലിദിന്റെ ജവാബ് പഠിച്ചു തുടങ്ങുന്നത്.മുത്ത്‌ റസൂല്‍ ജനിച്ച പന്ത്രണ്ട് ആവുമ്പോഴേക്കും ഞങ്ങളുടെ സന്തോഷം ഇരട്ടിയാകും.മദ്റസയും, വഴിയോരങ്ങളും വര്‍ണ്ണക്കടലാസുകള്‍ കൊണ്ട് അലങ്കരിക്കാന്‍ മത്സരമാണ്‌. ഓരോ ക്ലാസ്സുകാരും അവരവരുടെ ക്ലാസ്സുകള്‍ മത്സര ബുദ്ധിയോടെ അലങ്കരിക്കും.വര്‍ണ്ണക്കടലാസ് ഒട്ടിക്കാന്‍ ഉപയോഗിക്കുന്ന മൈദപ്പശ കയ്യില്‍ ഒട്ടിയാല്‍ കഴുകിക്കളയാന്‍ നല്ല വിഷമമാണ്. രാവിലെ നടക്കുന്ന ഘോഷയാത്രയില്‍ അമ്പതു പൈസയുടെ ഒരു സഞ്ചിയുമായിട്ടായിരിക്കും പങ്കെടുക്കല്‍. കാരണം വഴിയോരങ്ങളില്‍ നിന്നും കിട്ടുന്ന മധുരപ്പലഹാരങ്ങള്‍ അതില്‍ നിക്ഷേപിക്കും. പിന്നീട് കഴിക്കാന്‍, വീട്ടില്‍ കൊണ്ടുപോകാനല്ല, കാരണം അന്നും ഞാന്‍ ഒരു പ്രവസിയായിരുന്നു ഇന്നത്തെ പ്പോലെ.പ്രപഞ്ചം മുഴുവനും മുത്തുനബിയുടെ ജനനത്തില്‍ സന്തോഷിക്കും പോലെ.
 അന്നുരാത്രി നടക്കുന്ന കുട്ടികളുടെ പരിപാടിയില്‍ രണ്ടു ഗ്രൂപ്പുകളിലായിട്ടാണ് മത്സരങ്ങള്‍ നടക്കുക, സ്വലാഹ്,ഫലാഹ്.ഉസ്മാന്‍ തലക്കിയും(ഇപ്പോള്‍ സകാഫിയാണ്) ഹനീഫ് പടുപ്പും(SSF കാസര്‍ഗോഡ്‌ ജില്ലാ കമ്മിറ്റി അംഗമായിരുന്നു) അവതരിപ്പിക്കുന്ന കഥാപ്രസംഗമായിരുന്നു പ്രധാന പരിപാടി. സഅദ് (റ) വും, ഖൈബര്‍ യുദ്ദ വുമായിരുന്നു കഥാവിഷയങ്ങള്‍. ഒന്ന് മുതല്‍ എട്ടു വരെയുള്ള മദ്റസാകാലയളവില്‍ ഒരു പ്രാവശ്യം മാത്രമേ സ്റ്റേജില്‍ കയറി പരിപാടി അവതരിപ്പിച്ചിട്ടുള്ളൂ.
         ഇപ്പോള്‍ കാലം മറി. ആഘോഷ പരിപാടികള്‍ മുമ്പത്തേക്കാള്‍ ഉഷാറായി നടക്കുന്നു.നബിസ്നേഹ പ്രഭാഷണങ്ങളും,മൌലിദ് ജാഥകളും,മൊബൈല്‍ മൌലിദുകളും.
      ചില മുരടന്മാര്‍ ഉണ്ട് നമ്മുടെ നാടുകളില്‍, നബിദിനം എന്ന് കേള്‍ക്കുമ്പോഴേക്കും ഓടി ഒളിക്കുന്നവര്‍. അവര്‍ക്ക് സ്നേഹമോ ,പ്രേമമോ,ഇഷ്കോ ഒന്നും അറിയില്ല.സ്നേഹമുള്ള മനസ്സില്‍നിന്ന് മാത്രമേ കഥയും,കവിതയും വിരിയുകയുള്ളൂ.അതില്ലാത്ത ഇവരെ കുറിച്ച് എന്ത് പറയാന്‍...........
Sunday, December 13, 2015

അബ്ദുല്‍ റഹ്മാന്‍

22/03/2009 SUNDAY

    ഇന്നാണ് അബ്ദുല്‍ റഹ്മാന്റെ കല്യാണം,ഓര്‍മയില്ലേ അവനെ ചെറുപ്പത്തില്‍ തന്നെ പിതാവ് മരണപ്പെട്ടു മഞ്ഞനാടി അല്‍ മദീന യതീം ഖാനയുടെ അന്തേവസിയായി കഴിഞ്ഞവന്‍. ഓര്‍മ്മചെപ്പ് ഒരുപാടു പിന്നിലേക്ക്‌ പായുന്നു. ഒരു മഗ്രിബിന്റെ സമയത്താണ് ഞാന്‍ ഉസ്താദിന്റെ കൂടെ അല്‍ മദീനയുടെ പടികടന്നു ചെല്ലുന്നത്. ദര്‍സ് പഠിക്കാന്‍,മത വിദ്യ നുകരാന്‍.ദര്‍സില്‍ രണ്ടു ഉസ്താദുമാര്‍(അബ്ദുല്‍ കാദര്‍ സകാഫി മുതുകുട, അബ്ദുള്ള ആഹ്സനി) മുപ്പതോളം വിദ്യാര്‍ഥികള്‍. കാലാവസ്ഥ വലിയ പ്രശ്നം ഉണ്ടാക്കിയില്ല എങ്കിലും ഭക്ഷണം ഒരു പ്രശ്നം തന്നെയായിരുന്നു.തേങ്ങയരക്കാത്ത വെറും മുളക്പൊടി കലക്കിയ കറി കാണുമ്പോള്‍ തന്നെ ഓക്കാനം വരുമായിരുന്നു.ആകെ ഒരു സമാധാനം ചൊവ്വാഴ്ച രാത്രികളില്‍ ഉണ്ടാകുന്ന ചപ്പാത്തിയും,മുട്ടയും ആയിരുന്നു.എങ്കിലും രണ്ടു വര്‍ഷക്കാലം ഞാന്‍ അവിടെ താമസിച്ചു പഠിച്ചു.
 രണ്ടാം വര്‍ഷത്തിന്റെ ഒരു വെക്കേഷന്‍ സമയത്താണ് അവന്‍ എന്‍റെ മനസ്സിലേക്ക് കടന്നു വരുന്നത്.ഒരു സൌഹൃദ സംഭാഷണം , ഒരു പരിചയപ്പെടല്‍ ഇത്രമാത്രം വലിയ ഒരുഅടുപ്പത്തിലേക്ക് നീങ്ങുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല.ഈ അടുപ്പം മെല്ലെ, മെല്ലെ വളര്‍ന്നു അവന്‍റെ കുടുംബത്തിലേക്കും എത്തി.ഉപ്പയുടെ സ്നേഹവും,ലാളനയും ലഭിച്ചിട്ടില്ലാത്ത അവന്‍ എന്നില്‍ ഒരു പിതാവിനെ കണ്ടോ ? അറിയില്ല! കൂടുതല്‍ സമയവും എന്‍റെ കൂടെ തന്നെ........
 മഞ്ഞനാടിയുടെ സായാഹ്നങ്ങളെ സന്തോഷഭാരിതമാക്കിയിരുന്ന ക്രിക്കറ്റ് കളി പോലും ഉപേക്ഷിച്ചു ചിലപ്പോള്‍ എന്‍റെ കൂടെ സുന്ദരമായ പ്രകൃതി ആസ്വദിക്കാന്‍ ഉണ്ടാകും.അതില്‍ മലയാള അക്ഷരമാല അങ്ങോട്ടും കന്നഡ അക്ഷരമാല ഇങ്ങോട്ടും പഠിപ്പിക്കും.അങ്ങിനെ സുഖ,ദുഃഖങ്ങള്‍ പങ്ക് വെച്ച്,ആരെയും കാത്തുനില്‍ക്കാതെ, ആരോടും ചോദിക്കാതെ ആവര്‍ഷം കടന്നുപോയി.
    ഇന്നാണ് റമളാന്‍ പ്രമാണിച്ച് ദര്‍സിന് ലീവ് കിട്ടുന്നത്.എല്ലാവരും സന്തോഷത്തില്‍. ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി ലീവ് കിട്ടേണ്ട താമസം നാട്ടിലേക്കു വണ്ടി കയറാനുള്ള ഒരുക്കത്തില്‍ നില്‍ക്കുന്നു.
മഞ്ഞനാടി ഉസ്താദിന്റെ പ്രതിവാര "ഇഹ്യാഉലൂമുദ്ധീന്‍" ദര്‍സ്പത്തു മണിക്ക്  ആരംഭിച്ചു.ളുഹര്‍ ബാങ്ക് വരെ അത് നീണ്ടു നിന്നു. നിസ്ക്കാര ശേഷം തല്കാലത്തേക്ക് ദര്‍സ്പൂട്ടി.ഉസ്താദുമാര്‍ പ്രസംഗിച്ചു, ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കി.ശേഷം വാര്‍ഷിക പരീക്ഷയില്‍ കൂടുതല്‍ മാര്‍ക്ക് നേടിയവര്‍ക്കുള്ള സമ്മാനദാനം നടന്നു.മഞ്ഞനാടി ഉസ്താദിന്റെ തിരു കരങ്ങളില്‍ നിന്നും സെകണ്ടിനുള്ള ക്യാഷ് അവാര്‍ഡും വാങ്ങി സന്തോഷത്തോടെ പള്ളിയില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ മനസ്സ് ദുഃഖ സാന്ദ്രമായിരുന്നു. അടുത്തുള്ളവരൊക്കെ ഉച്ച ഭക്ഷണം കഴിച്ചതിനു ശേഷം അവരവരുടെ നാട്ടിലേക്കു പോയി.ദൂരെയുള്ളവര്‍ പിറ്റേന്ന് രാവിലെ പോകാനുള്ള ഒരുക്കങ്ങള്‍ നടത്തി.അന്ന് വൈകുന്നേരം പതിവുപോലെ ക്രിക്കറ്റ് കളിയില്‍ ഏര്‍പ്പെട്ടു. മഗ്രിബും,ഇഷാഉം നിസ്കരിച്ചു ഭക്ഷണവും കഴിച്ച് പതിവ് പോലെ കിടന്നുറങ്ങി.
 പിറ്റേന്ന് ബുധനാഴ്ച, പതിവിലും നേരത്തെ ഉറക്കമുണര്‍ന്നു.നാട്ടില്‍ പോകേണ്ട സന്തോഷം മനസ്സ് മുഴുവനും നിറഞ്ഞിരുന്നു എങ്കിലും വിരഹ ദുഃഖം എവിടെയോ തങ്ങി നിന്നിരുന്നു.സുബ്ഹും നിസ്കരിച്ച് ചായയും കുടിച്ചു എല്ലാവരോടും യാത്ര പറഞ്ഞു.അബ്ദുല്‍ രഹ്മാനോട് യാത്ര പറയുമ്പോള്‍ മനസ്സ് വല്ലാതെ വേദനിച്ചു.ദുഃഖം തളം കെട്ടി നിന്ന ആ സംഗമത്തില്‍ പരസ്പരം ദുആ വസിയ്യത്ത് ചെയ്തു കൊണ്ട് പിരിഞ്ഞ് വരുമ്പോള്‍ അടക്കിപ്പിടിച്ച കരച്ചില്‍ നിയന്ത്രിക്കാന്‍ കഴിയാതെ പൊട്ടിക്കരഞ്ഞു പോയ്‌.അവസാനമായി സമ്മിശ്രമായ അനുഭവങ്ങള്‍ നല്‍കിയ മഞ്ഞനാടിയോട് യാത്ര പറഞ്ഞു വരുമ്പോള്‍ ഇനി തിരിച്ചു എപ്പോള്‍ എന്ന ചിന്ത മാത്രമായിരുന്നു മനസ്സില്‍.
   ഒരു ദിവസം ഞാന്‍ അവന്‍റെ വീട്ടില്‍ പോയി.ബി സി റോഡിനടുത്ത കള്ളടുക്കയില്‍. ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ കട്ടയുടെ വീട്.അവിടെ ഉമ്മയും രണ്ടു മക്കളും താമസിക്കുന്നു.ജേഷ്ടന്‍ കല്യാണം കഴിച്ചു കാഞ്ഞങ്ങാടും.തൊട്ടപ്പുറം പെങ്ങളുടെ വീട്, അതും കട്ടയുടെ വീട് തന്നെ.പക്ഷെ ഇതിനേക്കാള്‍ മെച്ചമാണ്,പഴക്കവും കുറവാണു.അവിടെ പെങ്ങളും അവരുടെ രണ്ടു മക്കളും താമസിക്കുന്നു.പെങ്ങളുടെ' ഭര്‍ത്താവു വര്‍ഷങ്ങള്‍ക്കു മുംബ് തന്നെ അവരെ ഒഴിവാക്കിയിരുന്നു.
അങ്ങിനെയിരിക്കെ ഒരു ദിവസം വൈകുന്നേരം അതും സംഭവിച്ചു.കരകാണാ സ്നേഹത്തിന്റെ ഉറവിടമായിരുന്ന അവന്‍റെ ഉമ്മ ഈ ലോകത്തോട്‌ വിട പറഞ്ഞു.ചെറുപ്പത്തിലെ ഉപ്പയും പിന്നെ ഉമ്മയും നഷ്ടപെട്ട ഒരു കുട്ടി എന്‍റെ മുമ്പില്‍ ചോദ്യചിഹ്നമായി നിന്നു ഇനി എന്ത് ചെയ്യും???.
 SSLC വരെ അവന്‍ അവിടെതന്നെ പഠനം തുടര്‍ന്നു.അതിനു ശേഷം മതവിദ്യ നുകരാന്‍ ദര്‍സിലേക്ക് പോയി എങ്കിലും പിറകോട്ടു നോക്കുമ്പോള്‍ തനിക്കു ബലമായി ആരുമില്ലെന്ന ചിന്ത ആ ഉദ്യമത്തില്‍നിന്നും അവനെ പിന്തിരിപ്പിച്ചു.അതിനു ശേഷം പഴയത്പോലെ ബന്ധം കുറഞ്ഞു. പിന്നീടെപ്പോഴോ കേട്ട് അവന്‍ ജോലിക്ക് പോവുകയാണെന്ന്.തനിക്ക് തുണയായി ആരുമില്ലെന്ന ചിന്തയായിരിക്കും ചെറു പ്രായത്തില്‍ തന്നെ കല്യാണ ചിന്തയിലേക്ക് അവനെ നയിച്ചത്.
                                                                                                                                    (തുടരും)

Saturday, December 12, 2015

സൈനാസ്

       അസ്തമയ സൂര്യന്‍ മെല്ലെ കടലിലേക്ക് ആഴ്ന്നു പോയി.ക്രമേണ പകല്‍  രാത്രിക്ക് വഴി മാറിക്കൊടുത്തു.ആ വീട്ടില്‍ മെല്ലെ ഒരു പന്തല്‍ ഉയര്‍ന്നു.നാളെ അവളുടെ ആങ്ങളയുടെ കല്യാണമാണ്. എല്ലാവരും സന്തോഷത്തില്‍,അഥിതികളെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ തകൃതിയായി നടക്കുന്നു.നൈചോറിന്റെയും, ബിരിയാണിയുടെയും മണം നാസാരന്ദ്രങ്ങളെ കീറിമുറിച്ചു പുറത്തോട്ടു ഒഴുകുന്നു.ഒരു പുതുമണവാട്ടി കയറി വരുന്ന സന്തോഷം ചെറിയ കുട്ടികളില്‍ പോലും പ്രകടമാണ്.അവര്‍ ശലഭങ്ങളെ പോലെ പറന്നു രസിക്കുന്നു. കല്യാണ വീട് മെല്ലെ സജീവമാവുകയാണ്.
 പക്ഷെ അപ്പോഴും ആ വീടിന്റെ അകത്തളങ്ങളില്‍ എവിടെയോ ദുഖത്തിന്റെ കണിക തളം കെട്ടി നില്‍ക്കുന്നതായി ചിലരുടെ മുഖ ഭാവങ്ങളില്‍ നിന്നും വായിച്ചെടുക്കാന്‍ പറ്റും. കാരണം അവള്‍, സൈനാസ്(അങ്ങിനെ വിളിക്കുന്നതായിട്ടാണ്ഞാന്‍ കേട്ടത്)  ഉള്ളത് കുറച്ചു കിലോമീറ്റര്‍ അപ്പുറം അവളുടെ ഭര്‍ത്താവിന്റെ വീട്ടിലാണ്‌. ഏതൊരു പെണ്ണിനേയും പോലെ ഒരുപാടു പ്രതീക്ഷകളോട് കൂടിയാണ് അവളും വിവാഹ ജീവിതത്തിലേക്ക് കാലെടുത്തു വെച്ചത്.പ്രതീക്ഷിച്ചതുപോലെ സുന്ദരമായിരുന്നു അവളുടെ ജീവിതം. സ്നേഹിക്കാന്‍ മാത്രമറിയുന്ന ഭര്‍ത്താവും, ഭര്‍ത്താവിന്റെ പിതാവും, മാതാവും.ബാബി ( അങ്ങിനെയാണ് ആ ഭാഗങ്ങളില്‍ സഹോദരന്റെ ഭാര്യയെ വിളിക്കാര്‍) യെ അറിഞ്ഞു പെരുമാറുന്ന ഭര്‍ത്താവിന്റെ സഹോദരിമാര്‍. എന്ത് കൊണ്ടും ഒരു പെണ്ണിന് കിട്ടാവുന്ന  സൗഭാഗ്യം തന്നെയാണ് അവള്‍ക്കു കിട്ടിയത്.അതിനൊക്കെ പുറമെ മതഭക്തയും,ആരും കൊതിച്ചു പോകുന്ന സൗന്ദര്യത്തിന്റെ ഉടമയുമായിരുന്നു അവള്‍.പക്ഷെ ദൈവം തമ്പുരാന്‍ മറ്റൊന്നായിരുന്നു അവര്‍ക്ക് വിധിച്ചത്. അവരുടെ ജീവിതം കണ്ടു ദൈവം പോലും അസൂയപ്പെട്ടിട്ടുണ്ടാകും.അവളുടെ ഭര്‍ത്താവിന് ഒരു അപകടം. ദക്ഷിണ ആഫ്രിക്കയില്‍ വെച്ച് കാര്‍ കൊക്കയിലേക്ക് മറിഞ്ഞു. എല്ലാം തീര്‍ന്നെന്നു കരുതിയതാണ്, പക്ഷെ ജീവന്റെ തുടിപ്പ് എവിടെയോ ബാക്കിയുണ്ടായിരുന്നു.ലക്ഷങ്ങള്‍ കൊടുത്തു നാട്ടില്‍ എത്തുമ്പോള്‍ അരക്കുതാഴെ തളര്‍ന്നു പോയിരുന്നു അദ്ദേഹം.പിന്നെ ജീവിതം വീല്‍ ചെയറിലും,വാട്ടര്‍ ബെഡ്ഡിലുമായിരുന്നു.എല്ലാത്തിനും പരസഹായം വേണ്ട അവസ്ഥ.  അയാളുടെ പരിപൂര്‍ണ്ണ പരിചരണം അവള്‍ ഏറ്റെടുത്തു.ഒന്നിനും ഒരു കുറവും വരുത്തിയില്ല.ഒരു മാലാഖയെപോലെ അവള്‍ പ്രവര്‍ത്തിച്ചു.പ്രാഥമിക ആവശ്യങ്ങള്‍ പോലും ഒരു മടിയും കൂടാതെ ചെയ്തു കൊടുത്തു. മൂത്രമൊഴിക്കാന്‍ വേണ്ടി ഒരു പൈപ്പ് ഘടിപ്പിച്ചിരുന്നു അതിന്റെ അറ്റത്ത്‌ ഒരു സഞ്ചിയും. അയാള്‍ അറിയാതെ വരുന്ന മൂത്രം സഞ്ചിയില്‍ നിറയുന്നതും കാത്തു അവള്‍ നില്‍ക്കും. അത് എടുത്തു വൃത്തി ആകുന്നതും, വീല്‍ ചെയറില്‍ ഇരുന്നു ഭക്ഷണം വായിലേക്ക് ഇട്ടു കൊടുക്കുന്നതും ഒരുപാടു തവണ നോക്കി നിന്നിട്ടുണ്ട് ഞാന്‍. ഒരത്ഭുതമായിരുന്നു ഞങ്ങള്‍ക്ക് അവള്‍!!!. ഭര്‍ത്താവിനു ഒരു അസുഖം വരുമ്പോഴേക്കും അവരെ ഒഴിവാക്കി പോകുന്ന/പോയ എത്രയോ ഭാര്യമാര്‍ നമ്മുടെ കൂട്ടത്തിലുണ്ട്. ആ കാലത്താണ് ഈ ഒരു സാഹസം എന്നോര്‍ക്കണം.
കുറെ മംഗലാപുരം ഹോസ്പിറ്റലില്‍ ചികിത്സിച്ചു. (ഒരു ദിവസം ഞാന്‍ കാണാന്‍ ഹോസ്പിറ്റലില്‍ പോയിരുന്നു. ന്യൂസ്‌ പേപ്പര്‍ വായിക്കുന്നത് കണ്ട എന്നോട് ഒരു ആങ്ങളയോട് എന്ന പോലെ  പറഞ്ഞു, ഉനൈസ് എപ്പോഴും പേപ്പര്‍ വായിക്കണം ഒരുപാട് അറിവുകള്‍ കിട്ടും.)(അല്ലെങ്കില്‍ പെങ്ങള്‍ ഇല്ലാത്ത എനിക്ക് അവള്‍ ഒരു പെങ്ങളപ്പോലെ തന്നെയായിരുന്നു)  വീട്ടിലേക്കു ഡോക്ടര്‍ വന്ന് ഫിസിയോ തെറാപ്പി ചെയ്തു. ദുആ ചെയ്യാത്ത സദസ്സുകള്‍ ഇല്ല.മന്ത്രിക്കാത്ത ഉസ്താദുമാര്‍ ഇല്ല. പക്ഷെ ഫലം നിരാശയായിരുന്നു.ഒരു ചെറിയ പെരുന്നാളിന്റെ അന്ന് രാവിലെ ബദറുദ്ധീന്‍ ഈ ലോകത്തോട് വിട പറഞ്ഞു. വേദനയില്ലാത്ത ലോകത്തേക്ക് പറന്നു പോയി,,,,,,
അന്ന് ഞാന്‍ നാട്ടിലായിരുന്നു.  ഈദ് മുബാറക്ക്‌ പറയാന്‍ വേണ്ടി വിളിച്ചതായിരുന്നു,കേട്ടത് മരണ വാര്‍ത്തയും. പിറ്റേന്ന് ഞാന്‍ അവിടെ പോയി. പക്ഷെ അവള്‍ അവിടെ ഉണ്ടായിരുന്നില്ല ,അവള്‍ അവളുടെ വീട്ടിലേക്കു പോയിരുന്നു. പിന്നീടെപ്പോഴോ മര്‍കസില്‍ പഠിക്കുമ്പോള്‍ അവിടെ പോയപ്പോള്‍ യാദൃശ്ചികമായി അവളെ കണ്ടു, കൂടുതലൊന്നും സംസാരിച്ചില്ല.അല്ലെങ്കില്‍ കൂടുതല്‍ സംസാരിക്കാന്‍ എനിക്ക് ആവില്ലായിരുന്നു.
 സ്വന്തം ആങ്ങളയുടെ കല്യാണത്തിന് പോലും  രാവിലെ പോയി വൈകുന്നേരം വന്നു അവള്‍.
നബി (സ) യുടെ വാക്ക് ഓര്‍മ്മ വരികയാണ്‌  أيما امرأة ماتت و زوجها عنها راضٍ دخلت الجنة
(ഒരു പെണ്ണ് ഭര്‍ത്താവിന്റെ തൃപ്തിയോടെ മരിച്ചാല്‍ അവള്‍ സ്വര്‍ഗ്ഗത്തിലാണ്).
 സൈനാസ്,,,,,നിനക്ക് വേണ്ടി സ്വര്‍ഗത്തിന്റെ കവാടം അല്ലാഹു തുറന്നു വെച്ചിട്ടുണ്ടാകും തീര്‍ച്ച...........

സമത്വം

     സ്ത്രീ പുരുഷ സമത്വം ഇവിടെ അത്യാവശ്യമാണ്. സ്ത്രീ അവള്‍ വീട് മാത്രം ഭരിക്കേണ്ടവളല്ല, രാജ്യത്തിന്‍റെ ഭരണ സരധ്യത്തിലേക്ക് അവള്‍ അവള്‍ ഉയര്‍ന്നു വരണം.അത് കാലഘട്ടത്തിന്റെ ആവശ്യമാണ്.സ്ത്രീ പുരുഷ സമത്വം എതിര്‍ക്കുന്നവര്‍ പഴന്ജന്മാരും, മണ്ടന്മാരുമാണ്. ചാനല്‍ ചര്‍ച്ചയില്‍ അയാള്‍ കത്തിക്കയറുകയാണ്. ചര്‍ച്ച അവസാനിച്ചു അയാള്‍ നേരെ പോയത് തന്‍റെ സംഘടനയുടെ വാര്‍ഷിക കൌണ്‍സിലിലേക്ക് ആയിരുന്നു.ഒരു സ്ത്രീയും ഭാരവാഹിത്വത്തിലേക്ക് വന്നിട്ടില്ല എന്ന സമാധാനത്തോടെ ഭാര്യ ഉണ്ടാക്കി വിളമ്പിക്കൊടുത്ത ഭക്ഷണവും കഴിച്ചു, ഭാര്യ പ്രസവിച്ച അയാളുടെ മകനെ ഒരുനോക്കുനോക്കി സമാധാനത്തോടെ കിടന്നുറങ്ങി. ഉറക്കില്‍ അയാള്‍ ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു"സ്ത്രീ പുരുഷ സമത്വം പ്രസംഗിക്കാന്‍ മാത്രമുള്ളതാണ് അതൊരിക്കലും നടപ്പില്‍ വരുകയില്ല"

Thursday, December 10, 2015

സാഹിത്യോല്‍സവ്

     ഇന്നലെ (20/11/2015 വെള്ളി) ഫുൾ  തിരക്കായിരുന്നു. എന്ത് തിരക്ക്,,,,,,, ആ ചോദ്യത്തിനു പ്രസക്തിയേയില്ല, പ്രവാസ ലോകത്ത് യുവത്വവതിന്റെ പൾസ് അറിഞ്ഞു പ്രവർത്തിക്കുന്ന RSC യുടെ നാഷണൽ  സാഹിത്യോല്‍സവ് ആയിരുന്നു ഇന്നലെ.നമ്മുടെ മൂന്നാം പെരുന്നാ. സാഹിത്യോല്സവ് പ്രഖ്യാപിച്ചത് മുത അതിന്റെ വിജയത്തിന് അശ്രാന്ത പരിശ്രമം നടത്തുകയായിരുന്നു പ്രവത്തക.പ്രത്യേകിച്ചും നാഷണ കമ്മിറ്റി അംഗങ്ങ, ഷാജ സോൺ  പ്രവത്തക.സാഹിത്യോല്സവിനെ ജനകീയ പരിപാടി ആക്കി മാറ്റിയതി ഇവരൊക്കെ വലിയ പങ്ക് വഹിച്ചവരാണ്.
സത്യത്തി എല്ലാവരുടെയും പെരുന്നാ ആയിരുന്നു നമ്മുട പരിപാടി.ഉച്ചക്ക് ഒരു മണിക്കൂ പ്രവേശന കവാടത്തി വളണ്ടിയ ആയി നിന്നപ്പോ കണ്ട വണ്ടികളുടെ നീണ്ട നിര, പ്രവത്തകരുടെയും,സാധാരണക്കാരുടെയും ഒഴുക്ക്
എല്ലാം കണ്ടപ്പോ അങ്ങിനെ തോന്നി.............
വന്നവക്കും നല്ല വിഭവങ്ങ കിട്ടി, മാപ്പിളപ്പാട്ടിന്റെയും, ബുദയുടെയും, മൌലിദിന്റെയും ഈരടിക സദസ്സിനെ അങ്ങ് മദീനയിലേക്ക് ആനയിച്ചു.
കണ്ണൂരിനെ അനുസ്മരിപ്പിക്കും വിധമായിരുന്നു ഷാജയുടെ അധിത്യ മര്യാദ. വന്നവ
കൊക്കെ വേണ്ടുവോളം കിട്ടി, ഭക്ഷണവും, ചായയും,ജ്യൂസും, ഐസ്ക്രീമും.....ഹ എന്തൊക്കെ ആയിരുന്നു.
അവസാനം ആ അധിത്യ മര്യാദ കപ്പു വാങ്ങുന്നതിലും ഷാജ കാണിച്ചു. കപ്പ് മോഹിച്ച് വന്ന ദുബൈക്കും, അബൂദാബിക്കും വിട്ടുകൊടുത്തു നമ്മ സ്വയം മൂന്നാം സ്ഥാനത്തേക്ക്....
വളണ്ടിയ സേവനം പ്രത്യേകിച്ചും എടുത്തു പറയേണ്ടത് തന്നെയാണ്.ശരിക്ക് പറഞ്ഞാ പരിപാടിയുടെ വിജയത്തില്‍ നിണ്ണായക പങ്കുവഹിച്ചവ........കയ്യും, മെയ്യും മറന്നു അവരും നന്നായി അദ്വാനിച്ചു.പലപ്പോഴും ഞാൻ  ഇരുന്നു പോയിട്ടുണ്ട് കാല്‍ വേദന എടുക്കുമ്പോ, കൂടെയുള്ളവരോട്‌ ഇരിക്കാൻ  പറയുമ്പോഴും അതിനു വിസമ്മതവും മൂളി നിൽക്കുകയായിരുന്നു.ആത്മാത്ഥതയുടെ പ്രതീകങ്ങ.......എല്ലാവ
ക്കും  നാഥന്‍ അഹമായ പ്രതിഫലം നകട്ടെ ആമീൻ 
എന്‍റെ ഗ്രാമം

   
കണ്ണൂര്‍ ജില്ലയിലെ എഴോം ഗ്രാമ പഞ്ചായത്തിലെ നരിക്കോട് എന്ന പ്രദേശം. പ്രകൃതി രമണീയമായ സുന്ദരമായ പ്രദേശം.വയലുകളെ കൊണ്ട് സമൃദ്ധമായ എന്‍റെ ഗ്രാമം കാണുമ്പോള്‍ നമുക്ക് എവിടെയോ നഷ്ടപ്പെട്ടുപോയ പച്ചപ്പിനെ തിരിച്ചു പിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ദൈവം തമ്പുരാന്‍ നമുക്ക് വരദാനമായി നല്‍കിയ ഭൂപ്രദേശം എന്ന് തോന്നിപ്പോകും ചിലപ്പോള്‍. മഴ വന്നാല്‍ നമ്മുടെ പുഴ കരകവിഞ്ഞ് ഒഴുകുമായിരുന്നു. ചിലപ്പോള്‍ അത് റോഡിലേക്കും എത്തും.കുട്ടികളായ നമ്മള്‍ അതില്‍ നീന്തിക്കുളിക്കുമായിരുന്നു. വലിയ ആളുകള്‍ തോണിയെടുത്ത് റോഡില്‍ ഇറങ്ങിയ ഓര്‍മ്മ ഇന്നും മഴ വരുമ്പോള്‍ മനസ്സിലേക്ക് ഓടി വരും.തോടുകളില്‍ പോയി മീന്‍പിടിച്ചും, കടലാസ് തോണികള്‍ ഉണ്ടാക്കി വെള്ളത്തില്‍ ഒഴുക്കി കളിച്ചതും മനസ്സിന്‍റെ കണ്ണാടിയിലേക്ക് ഇന്നലെ കഴിഞ്ഞത് പോലെ തെളിഞ്ഞു വരുന്നു.
ഇന്നും എന്‍റെ ഗ്രാമം സമൃദ്ധമാണ് പച്ചപ്പുകളെ കൊണ്ട്.പ്രത്യേകിച്ചും മഴക്കാലത്ത്‌.ഏക്കര്‍കണക്കിന് നീണ്ടുകിടക്കുന്ന വയലും,വിശാലമായ പുഴയും, വയലുകളുടെ സൗന്ദര്യം ആസ്വദിക്കാന്‍ വരുന്ന ദേശാടന പക്ഷികളും ഇപ്പോഴും സജീവമാണ്.
ഇപ്പോഴും ഇങ്ങു ഷാര്‍ജയിലെ ഊഷര ഭൂമിയില്‍നിന്നും മഴ പെയ്യുമ്പോള്‍ മനസ്സ് നാട്ടിലേക്കു ഓടിപ്പോകാറുണ്ട്. എവിടെയോ എന്തൊക്കെയോ നഷ്ടപ്പെട്ടതുപോലെ...........
(എന്‍റെ വീട് തന്നെയാണ് ഫോട്ടോയില്‍)

Saturday, December 05, 2015

കത്തോര്‍മ്മകള്‍

   എനിക്ക് എത്രയും സ്നേഹം നിറഞ്ഞ ഉപ്പയും, ഉമ്മയും അറിയുവാന്‍ മകന്‍ ഉനൈസ് എഴുതുന്നത്. എന്തെന്നാല്‍ എനിക്കിവിടെ ഒരു വിധം സുഖം തന്നെ.നിങ്ങള്‍ക്കും സുഖം എന്ന് കരുതി സന്തോഷിക്കുന്നു....ഒരു കാലഘട്ടത്തിലെ കത്തെഴുത്തിന്റെ തുടക്കം ഇങ്ങിനെയായിരുന്നു. ഈ കത്തുകള്‍ വിസ്മൃതിയിലേക്ക് ആണ്ടു പോവുകയാണ്. നവ മാധ്യമങ്ങളുടെ മുന്നില്‍ പിടിച്ചു നില്ക്കാന്‍ കഴിയാതെ,,,,,,,,
   അഞ്ചാം ക്ലാസ്സില്‍നിന്നാണെന്ന് തോന്നുന്നു ആദ്യമായി ഒരു കത്തെഴുതുന്നത്.കാസര്‍ഗോഡ് ജില്ലയിലെ ആലംപാടിയിലെ ഒരു അഗതി മന്ദിരത്തില്‍ പഠിക്കുമ്പോള്‍ വീട്ടുകാരുടെ സുഖവിവരങ്ങള്‍ അറിയുവാന്‍ ഏക മാര്‍ഗ്ഗം പോസ്റ്റ്‌ ഓഫീസില്‍നിന്നും പതിനഞ്ചു പൈസക്ക് വാങ്ങുന്ന പോസ്റ്റ്കാര്‍ഡും, എഴുപത്തിഅഞ്ചു പൈസക്ക് വാങ്ങുന്ന ഇന്‍ലാന്റുമായിരുന്നു. പിന്നീടുള്ള ആറുകൊല്ലം നിരന്തരമായി കത്തിടപാടുകള്‍ ആയിരുന്നു. കൂടുതലും വീട്ടിലേക്കു തന്നെ.വല്ലപ്പോഴും കൂട്ടുകരിലേക്കും.
 ഒന്നോ, രണ്ടോ മാസത്തില്‍ എഴുതുന്ന കത്തുകളായിരുന്നു സുഖവിവരങ്ങള്‍ അറിയാനുള്ള ഏക മാര്‍ഗ്ഗം. വീട്ടിലെ കോഴി മുട്ടയിട്ടതും,ആട് പ്രസവിച്ചതും,പുഴ കരകവിഞ്ഞ് ഒഴുകിയതും എല്ലാം അറിയുന്നതും ഈ കത്തിലൂടെയായിരുന്നു.വീട്ടില്‍ കറന്റ് കിട്ടിയ വിവരം അറിയുന്നത് കളിക്കൂട്ടുകാരായ അശ്രഫിന്റെയും, നാസറിന്റെയും കത്തിലൂടെ ആയിരുന്നു. കത്തുണ്ടെന്നു അറിഞ്ഞാല്‍ അത് കിട്ടുന്നത് വരെ ഒരു സമാധാനവും ഉണ്ടാവുകയില്ല. വായിച്ചു കഴിഞ്ഞാല്‍ അത് പെട്ടിയില്‍ തന്നെ സൂക്ഷിക്കും.അവസാനം എല്ലാകത്തുകളും ഒന്നുകൂടെ വായിച്ചു നോക്കാന്‍ വല്ലാത്ത രസമാണ്.
  പസ്പരം പ്രണയിക്കുന്നവര്‍ അവരുടെ വിവരങ്ങള്‍ കൈമാറുന്നതും കത്തിലൂടെ ആയിരുന്നു. കുടയിലും, കലണ്ടറിലും കത്ത് കൈമാറിയ റഫീകിനെയും, ഫരീദയെയും ഇപ്പോഴും ഓര്‍മ്മയുണ്ട്. കത്ത് കൈമാറാനുള്ള ഒരുസാഹചര്യവും ഒത്തുവരാതെ വന്നപ്പോള്‍ അവസാനം ഇന്‍ലാന്റ് വാങ്ങി അഡ്രെസ്സ് എഴുതി കത്തയച്ച ശബാനയെ ഇന്നും ഓര്‍മ്മയില്‍ കാണുന്നു.
 ഇന്ന് ഒരാള്‍ റൂമില്‍ വന്നിരുന്നു. 25 വര്‍ഷമായി യു എ ഇ യില്‍ ജീവിക്കുന്ന കാസര്‍ഗോഡ്‌ കാരനായ കരീംക്ക. അദ്ദേഹമാണ് പഴയ കത്തോര്‍മ്മകള്‍ മനസ്സിലേക്ക് കൊണ്ട് വന്നത്. അന്നൊക്കെ കത്ത് വന്നാല്‍ ബാത്ത്റൂമില്‍ പോയിട്ടാണ് വായിച്ചിരുന്നത് എന്ന് അദ്ദേഹം അയവിറക്കി.
 ഇന്ന് കാലവും, കോലവും മാറി.പരസ്പരം വിവരങ്ങള്‍ കൈമാറാന്‍ അതിവേഗ സൗകര്യങ്ങള്‍ നമ്മെ തേടിയെത്തി.പക്ഷെ അപ്പോഴും കത്തിന് വേണ്ടിയുള്ള കാത്തിരിപ്പ് എന്ന വല്ലാത്ത സുഖം എവിടെയോ മിസ്സ്‌ ചെയ്യുന്നു.ഒരുപാടു വിപ്ലവങ്ങള്‍ക്ക് തിരികൊളുത്തിയ കത്തുകളെ പേറിയ ചുവന്ന തപാല്‍ പെട്ടി കാണുമ്പോള്‍ വികാരഭരിതനായി നോക്കി നില്‍ക്കാറുണ്ട് ചിലപ്പോള്‍. ഞാന്‍ അവസാനമായി എഴുതിയത് മസ്കറ്റിലുള്ള ആത്മ സുഹൃത്ത് മുഹമ്മദിനായിരുന്നു. അതിനു ശേഷം ആര്‍ക്കും എഴിതിയിട്ടില്ല.ഗള്‍ഫിന്റെ മനോഹാരിത വിവരിച്ചു എനിക്ക് ഒരു കത്ത് എഴുതണം. പക്ഷെ ആര്‍ക്ക്...........?