Saturday, December 12, 2015

സൈനാസ്

       അസ്തമയ സൂര്യന്‍ മെല്ലെ കടലിലേക്ക് ആഴ്ന്നു പോയി.ക്രമേണ പകല്‍  രാത്രിക്ക് വഴി മാറിക്കൊടുത്തു.ആ വീട്ടില്‍ മെല്ലെ ഒരു പന്തല്‍ ഉയര്‍ന്നു.നാളെ അവളുടെ ആങ്ങളയുടെ കല്യാണമാണ്. എല്ലാവരും സന്തോഷത്തില്‍,അഥിതികളെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ തകൃതിയായി നടക്കുന്നു.നൈചോറിന്റെയും, ബിരിയാണിയുടെയും മണം നാസാരന്ദ്രങ്ങളെ കീറിമുറിച്ചു പുറത്തോട്ടു ഒഴുകുന്നു.ഒരു പുതുമണവാട്ടി കയറി വരുന്ന സന്തോഷം ചെറിയ കുട്ടികളില്‍ പോലും പ്രകടമാണ്.അവര്‍ ശലഭങ്ങളെ പോലെ പറന്നു രസിക്കുന്നു. കല്യാണ വീട് മെല്ലെ സജീവമാവുകയാണ്.
 പക്ഷെ അപ്പോഴും ആ വീടിന്റെ അകത്തളങ്ങളില്‍ എവിടെയോ ദുഖത്തിന്റെ കണിക തളം കെട്ടി നില്‍ക്കുന്നതായി ചിലരുടെ മുഖ ഭാവങ്ങളില്‍ നിന്നും വായിച്ചെടുക്കാന്‍ പറ്റും. കാരണം അവള്‍, സൈനാസ്(അങ്ങിനെ വിളിക്കുന്നതായിട്ടാണ്ഞാന്‍ കേട്ടത്)  ഉള്ളത് കുറച്ചു കിലോമീറ്റര്‍ അപ്പുറം അവളുടെ ഭര്‍ത്താവിന്റെ വീട്ടിലാണ്‌. ഏതൊരു പെണ്ണിനേയും പോലെ ഒരുപാടു പ്രതീക്ഷകളോട് കൂടിയാണ് അവളും വിവാഹ ജീവിതത്തിലേക്ക് കാലെടുത്തു വെച്ചത്.പ്രതീക്ഷിച്ചതുപോലെ സുന്ദരമായിരുന്നു അവളുടെ ജീവിതം. സ്നേഹിക്കാന്‍ മാത്രമറിയുന്ന ഭര്‍ത്താവും, ഭര്‍ത്താവിന്റെ പിതാവും, മാതാവും.ബാബി ( അങ്ങിനെയാണ് ആ ഭാഗങ്ങളില്‍ സഹോദരന്റെ ഭാര്യയെ വിളിക്കാര്‍) യെ അറിഞ്ഞു പെരുമാറുന്ന ഭര്‍ത്താവിന്റെ സഹോദരിമാര്‍. എന്ത് കൊണ്ടും ഒരു പെണ്ണിന് കിട്ടാവുന്ന  സൗഭാഗ്യം തന്നെയാണ് അവള്‍ക്കു കിട്ടിയത്.അതിനൊക്കെ പുറമെ മതഭക്തയും,ആരും കൊതിച്ചു പോകുന്ന സൗന്ദര്യത്തിന്റെ ഉടമയുമായിരുന്നു അവള്‍.പക്ഷെ ദൈവം തമ്പുരാന്‍ മറ്റൊന്നായിരുന്നു അവര്‍ക്ക് വിധിച്ചത്. അവരുടെ ജീവിതം കണ്ടു ദൈവം പോലും അസൂയപ്പെട്ടിട്ടുണ്ടാകും.അവളുടെ ഭര്‍ത്താവിന് ഒരു അപകടം. ദക്ഷിണ ആഫ്രിക്കയില്‍ വെച്ച് കാര്‍ കൊക്കയിലേക്ക് മറിഞ്ഞു. എല്ലാം തീര്‍ന്നെന്നു കരുതിയതാണ്, പക്ഷെ ജീവന്റെ തുടിപ്പ് എവിടെയോ ബാക്കിയുണ്ടായിരുന്നു.ലക്ഷങ്ങള്‍ കൊടുത്തു നാട്ടില്‍ എത്തുമ്പോള്‍ അരക്കുതാഴെ തളര്‍ന്നു പോയിരുന്നു അദ്ദേഹം.പിന്നെ ജീവിതം വീല്‍ ചെയറിലും,വാട്ടര്‍ ബെഡ്ഡിലുമായിരുന്നു.എല്ലാത്തിനും പരസഹായം വേണ്ട അവസ്ഥ.  അയാളുടെ പരിപൂര്‍ണ്ണ പരിചരണം അവള്‍ ഏറ്റെടുത്തു.ഒന്നിനും ഒരു കുറവും വരുത്തിയില്ല.ഒരു മാലാഖയെപോലെ അവള്‍ പ്രവര്‍ത്തിച്ചു.പ്രാഥമിക ആവശ്യങ്ങള്‍ പോലും ഒരു മടിയും കൂടാതെ ചെയ്തു കൊടുത്തു. മൂത്രമൊഴിക്കാന്‍ വേണ്ടി ഒരു പൈപ്പ് ഘടിപ്പിച്ചിരുന്നു അതിന്റെ അറ്റത്ത്‌ ഒരു സഞ്ചിയും. അയാള്‍ അറിയാതെ വരുന്ന മൂത്രം സഞ്ചിയില്‍ നിറയുന്നതും കാത്തു അവള്‍ നില്‍ക്കും. അത് എടുത്തു വൃത്തി ആകുന്നതും, വീല്‍ ചെയറില്‍ ഇരുന്നു ഭക്ഷണം വായിലേക്ക് ഇട്ടു കൊടുക്കുന്നതും ഒരുപാടു തവണ നോക്കി നിന്നിട്ടുണ്ട് ഞാന്‍. ഒരത്ഭുതമായിരുന്നു ഞങ്ങള്‍ക്ക് അവള്‍!!!. ഭര്‍ത്താവിനു ഒരു അസുഖം വരുമ്പോഴേക്കും അവരെ ഒഴിവാക്കി പോകുന്ന/പോയ എത്രയോ ഭാര്യമാര്‍ നമ്മുടെ കൂട്ടത്തിലുണ്ട്. ആ കാലത്താണ് ഈ ഒരു സാഹസം എന്നോര്‍ക്കണം.
കുറെ മംഗലാപുരം ഹോസ്പിറ്റലില്‍ ചികിത്സിച്ചു. (ഒരു ദിവസം ഞാന്‍ കാണാന്‍ ഹോസ്പിറ്റലില്‍ പോയിരുന്നു. ന്യൂസ്‌ പേപ്പര്‍ വായിക്കുന്നത് കണ്ട എന്നോട് ഒരു ആങ്ങളയോട് എന്ന പോലെ  പറഞ്ഞു, ഉനൈസ് എപ്പോഴും പേപ്പര്‍ വായിക്കണം ഒരുപാട് അറിവുകള്‍ കിട്ടും.)(അല്ലെങ്കില്‍ പെങ്ങള്‍ ഇല്ലാത്ത എനിക്ക് അവള്‍ ഒരു പെങ്ങളപ്പോലെ തന്നെയായിരുന്നു)  വീട്ടിലേക്കു ഡോക്ടര്‍ വന്ന് ഫിസിയോ തെറാപ്പി ചെയ്തു. ദുആ ചെയ്യാത്ത സദസ്സുകള്‍ ഇല്ല.മന്ത്രിക്കാത്ത ഉസ്താദുമാര്‍ ഇല്ല. പക്ഷെ ഫലം നിരാശയായിരുന്നു.ഒരു ചെറിയ പെരുന്നാളിന്റെ അന്ന് രാവിലെ ബദറുദ്ധീന്‍ ഈ ലോകത്തോട് വിട പറഞ്ഞു. വേദനയില്ലാത്ത ലോകത്തേക്ക് പറന്നു പോയി,,,,,,
അന്ന് ഞാന്‍ നാട്ടിലായിരുന്നു.  ഈദ് മുബാറക്ക്‌ പറയാന്‍ വേണ്ടി വിളിച്ചതായിരുന്നു,കേട്ടത് മരണ വാര്‍ത്തയും. പിറ്റേന്ന് ഞാന്‍ അവിടെ പോയി. പക്ഷെ അവള്‍ അവിടെ ഉണ്ടായിരുന്നില്ല ,അവള്‍ അവളുടെ വീട്ടിലേക്കു പോയിരുന്നു. പിന്നീടെപ്പോഴോ മര്‍കസില്‍ പഠിക്കുമ്പോള്‍ അവിടെ പോയപ്പോള്‍ യാദൃശ്ചികമായി അവളെ കണ്ടു, കൂടുതലൊന്നും സംസാരിച്ചില്ല.അല്ലെങ്കില്‍ കൂടുതല്‍ സംസാരിക്കാന്‍ എനിക്ക് ആവില്ലായിരുന്നു.
 സ്വന്തം ആങ്ങളയുടെ കല്യാണത്തിന് പോലും  രാവിലെ പോയി വൈകുന്നേരം വന്നു അവള്‍.
നബി (സ) യുടെ വാക്ക് ഓര്‍മ്മ വരികയാണ്‌  أيما امرأة ماتت و زوجها عنها راضٍ دخلت الجنة
(ഒരു പെണ്ണ് ഭര്‍ത്താവിന്റെ തൃപ്തിയോടെ മരിച്ചാല്‍ അവള്‍ സ്വര്‍ഗ്ഗത്തിലാണ്).
 സൈനാസ്,,,,,നിനക്ക് വേണ്ടി സ്വര്‍ഗത്തിന്റെ കവാടം അല്ലാഹു തുറന്നു വെച്ചിട്ടുണ്ടാകും തീര്‍ച്ച...........

No comments:

Post a Comment