Wednesday, December 16, 2015

അബ്ദുല്‍ റഹ്മാന്‍ 2

    അങ്ങിനെ 22/03/2009 ഞായറാഴ്ച്ച നടക്കുന്ന അവന്‍റെ കല്യാണത്തിന് ഞാന്‍ ക്ഷണിക്കപ്പെട്ടു.
രാവിലെ 6-30 ന് തളിപ്പറമ്പില്‍ നിന്നും മംഗലാപുരം ബസ്സില്‍ കയറി.അവിടെ നിന്നും ഉപ്പിനങ്ങാടി ബസ്സില്‍ കയറി ബി സി റോഡ്‌ ഇറങ്ങി. അവിടെ നിന്നും കള്ളടുക്കയിലുള്ള അവന്‍റെ വീട്ടില്‍ എത്തുമ്പോള്‍ ഏകദേശം ഉച്ചയായിരുന്നു. ഭക്ഷണവും കഴിച്ച് അവന്‍റെ ഭാര്യ വീടായ ഉള്ളാള്‍ മുക്കച്ചേരിയിലും പോയി 5 മണിക്കുള്ള ട്രെയിനില്‍ കയറി നാട്ടില്‍ എത്തുമ്പോള്‍ ഏകദേശം രാത്രി പത്തുമണിയായിരുന്നു.
 ഇങ്ങിനെ എത്ര,എത്ര സുഹൃത്തുക്കള്‍.ഒരിക്കലും പിരിയരുതെന്നു സ്വപ്നം കണ്ടവര്‍,മറക്കാന്‍ കഴിയാത്തവര്‍, ഓര്‍ക്കുംതോറും ഓര്‍മ്മയിലേക്ക് തികട്ടി വരുന്നവര്‍.മഞ്ഞനാടിയുടെ സുന്ദരമായ സായാഹ്നങ്ങളെ സജീവമാക്കിയവര്‍,ഭക്ഷണ ശേഷം പറയാതെയും,ചോദിക്കാതെയും വെള്ളം കൊണ്ടുത്തരുന്ന കുദ്ധൂസ് എന്ന അഞ്ചാം ക്ലാസ്സുകാരന്‍,കളിക്കളത്തില്‍ പോലും എന്‍റെ കയ്യും പിടിച്ച് നില്‍ക്കുന്ന സലീത് എന്ന മൂന്നാം ക്ലാസ്സുകാരന്‍.അവരൊക്കെ എവിടെപ്പോയി അറിയില്ല. പക്ഷെ പത്തുവര്‍ഷത്തിനിപ്പുറവും ഞാനോര്‍ക്കുന്നു അവരെയൊക്കെ.എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ.
 രഹമാനിന്റെ കല്യാണത്തിനാണെന്ന് തോന്നുന്നു യാദൃശ്ചികമായി കുദ്ധൂസിനെ കണ്ടു. ഒരുപാടു സംസാരിച്ചു.ഫോണ്‍ നമ്പര്‍ പരസ്പരം കൈമാറി,അറ്റുപോയ ബന്ധം വീണ്ടും കൂട്ടിചേര്‍ക്കാന്‍.പിന്നെടെപ്പോഴോ ആ ഫോണ്‍ നമ്പര്‍ കൈമോശം വന്നപ്പോള്‍ ബന്ധവും അവിടെ അവസാനിച്ചു.ഒരു മൊബൈല്‍ ഫോണില്‍ തുടങ്ങുകയും, അവസാനിക്കുകയും ചെയ്യുന്ന  നമ്മുടെ ബന്ധങ്ങള്‍ ബന്ധനങ്ങള്‍ ആയിക്കൊണ്ടിരിക്കുകയാണ്.
 വൈകുന്നേരങ്ങളില്‍ ഉള്ള ക്രിക്കറ്റ് കളി ഒരു രസമായിരുന്നു. രാവിലെ മുതല്‍ വൈകുന്നേരം വരെ പഠനത്തില്‍ മുഴുകിയ നമുക്ക് ഒരു ഉല്ലാസമായിരുന്നു കളി. ഒന്നോ രണ്ടോ പേര്‍ ഒഴിച്ച് ബാക്കി എല്ലാവരും കളിക്കാന്‍ വരും.പക്ഷെ ഉസ്താദിനു തീരെ ഇഷ്ടമില്ലാത്ത കളിയായിരുന്നു ക്രിക്കറ്റ്. ഒന്നുകൊണ്ടും അല്ല, കളികൊണ്ട് പ്രധാനമായും ലക്‌ഷ്യം വെക്കുന്നത് വ്യായാമമാണ്.ഈ കളിയില്‍ എല്ലാവര്‍ക്കും അത് കിട്ടിക്കൊള്ളണമെന്നില്ല.നേരെ മറിച്ച് ഫുട്ട്ബോളോ,വോളിബോളോ ആയിരുന്നെങ്കില്‍ എല്ലാവര്‍ക്കും  ഓടാനും ചാടാനുമുള്ള അവസരം ലഭിക്കുകയും ചെയ്യും.ഉസ്താദ് അത് തുറന്നു പറയുകയും ചെയ്തു. അതിനു ശേഷം വോളിബോള്‍ തുടങ്ങി പക്ഷെ വെറും രണ്ടാഴ്ച്ചത്തെ ആയുസ്സ് മാത്രമേ അതിന് ഉണ്ടായിരുന്നുള്ളൂ. വീണ്ടും പഴയ കളിയിലേക്ക് തന്നെ മടങ്ങി.
     കളിക്കുമ്പോള്‍ വീണു കൈ പൊട്ടിയത്, കാന്റീന്‍ ജീവനക്കാരുമായുള്ള സൌഹൃദം,വ്യാഴാഴ്ച്ച രാവുകളിലെ ഊരു ചുറ്റല്‍ എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ മനസ്സിന്‍റെ കണ്ണാടിയിലേക്ക് ഓടി വരുന്നു. നഷ്ടപെട്ട പോയ പഠന കാലം തിരിച്ചു തിരിച്ചു വരാന്‍ കൊതിക്കാത്തവര്‍ ആരുണ്ട് അല്ലെ..............
    

No comments:

Post a Comment