വർഷം കൃത്യമായി ഓർക്കുന്നില്ല, നടന്നിട്ട് എത്ര വർഷമായെന്നും ഓർമ്മയില്ല, എന്നാലും ഏകദേശം പതിമൂന്നു വർഷമായിക്കാണും.
ഉള്ളാളത്ത് പഠിക്കുന്ന സമയത്താണ് ബൈക്കിനോട് ആവേശം തോന്നുന്നത്. അവിടെയുള്ള പത്താം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർഥികൾ വരെ ബൈക്കെടുത്തു ചുറ്റുന്നത് കണ്ടപ്പോഴാണ് സൈക്കിൾ പോലും ഓടിക്കാൻ അറിയാത്ത എനിക്ക് ബൈക്ക് പഠിക്കാൻ ആഗ്രഹം തോന്നിയത്.അത് അവിടെയുള്ള കൂട്ടുകാരുമായി പങ്കുവച്ചപ്പോൾ അവർ അനുകൂലമായി പ്രതികരിക്കുകയും ചെയ്തു. അങ്ങിനെ സിറാജിന്റെയും, സുഹൈലിന്റെയും പരിശ്രമത്തിൽ ഞാനും, കൂട്ടുകാരൻ മുഹമ്മദും ബൈക്ക് പഠിച്ചെടുത്തു.ഉസ്താദ് നാട്ടിൽപോകുന്ന വ്യാഴായ്ച്ച ദിവസങ്ങളിലായിരുന്നു ബൈക് അഭ്യാസം.(നാട്ടുകാർക്കും അതൊരു വിഷയമായിരുന്നില്ല, കാരണം അതൊക്കെ എല്ലാവരും പഠിക്കേണ്ടതാണ് എന്ന ചിന്താഗതിക്കാരായിരുന്നു അവർ. നമ്മുടെ നാട്ടിലായിരുന്നെങ്കിൽ കുഴപ്പം തീരില്ലായിരുന്നു).
റമളാൻ പ്രമാണിച്ചു ദര്സിനു ലീവ് കിട്ടി. ഇനി ഒന്നു നാട്ടുകാരുടെ മുമ്പിലൂടെ ബൈക്കെടുത്തു ഞെളിയണം.(അന്ന് അധികമാർക്കും നമ്മുടെ നാട്ടിൽ ഈ ശകടം ഓടിക്കാൻ അറിയില്ലായിരുന്നു.). അതായിരുന്നു ആദ്യ തീരുമാനം. ഒരു ദിവസം മുഴുവനും ഇതെടുത്തു കറങ്ങി ഞാനും, കൂട്ടുകാരൻ മുഹമ്മദും. ഇതുകണ്ട മുഹമ്മദിന്റെ നാട്ടിലെ ചില ചെറുപ്പക്കാർ ഒരുദിവസം ഞങ്ങളെയും പഠിപ്പിക്കണമെന്ന് പറഞ്ഞു വന്നു.
അങ്ങിനെ ഒരു ദിവസം നിശ്ചയിക്കുകയും ആദിവസം നാട്ടിൽനിന്നും 15 കിലോമീറ്റർ അപ്പുറമുള്ള പഴയങ്ങാടിയിൽ നിന്നും വണ്ടി വാടകക്ക് എടുക്കുകയും ചെയ്തു.രാത്രി പത്തുമണി മുതൽ അങ്ങോട്ട് 5 ചെറുപ്പക്കാരെ പഠിപ്പിക്കാൻ തുടങ്ങി. കൂടെ മറ്റൊരു സുഹൃത്ത് ലത്തീഫും ഉണ്ട്. ആദ്യം ലത്തീഫ് ഒരാളെയും കൊണ്ടുപോകും, ശേഷം മുഹമ്മദ് മറ്റൊരാളെ കൊണ്ടുപോകും ഇങ്ങനെയായിരുന്നു പഠിപ്പിക്കലിന്റെ രീതി. ചില ശാരീരിക പ്രശ്നങ്ങൾ ഉള്ളത് കൊണ്ട് ഞാൻ പഠിപ്പിക്കാൻ നിന്നില്ല. സമയം ഏകദേശം 12:30 ആയിക്കാണും ഒരു ജീപ്പ് വരുന്നത് ദൂരെനിന്നു ഞങ്ങൾ കാണുന്നുണ്ട്.ആരോപറയുകയും ചെയ്തു ചിലപ്പോൾ അത് പോലീസായിരിക്കുമെന്ന്. പക്ഷെ ഞങ്ങൾ അത്ര ഗൗനിച്ചില്ല. മുമ്പിൽ വന്നു നിർത്തിയപ്പോൾ ഞങ്ങൾ ശരിക്കും ഞെട്ടി, അതൊരു പോലീസ് ജീപ്പായിരുന്നു. രാത്രി പെട്രോളിങ്നടത്തുന്ന പോലീസ്. എന്ത് ചെയ്യണമെന്നറിയാതെ ഒരു നിമിഷം നിന്നു.അടുത്ത നിമിഷം എല്ലാവരും ഇരുട്ടിലേക്ക് ഓടി മറഞ്ഞു. മറ്റുള്ളവർക്കൊക്കെ സുപരിചിതമാണ് ആ സ്ഥലം, എനിക്കാണെങ്കിൽ കൂടുതൽ പരിചയമില്ല താനും.
കൂടെ ഉണ്ടായിരുന്ന രണ്ടുപേർ വയലിലൂടെ ദൂരേക്ക് ഓടിപ്പോയി. മുഹമ്മദ് എവിടെയോ ഒളിച്ചു, ഞാൻ നേരെ പോയത് മുഹമ്മദിന്റെ വീട്ടിന്റെ പിറകു വശത്തേക്ക് ആയിരുന്നു. ഒരു മൂലയിൽ നിന്നു, എന്തുചെയ്യുമെന്നറിയാതെ. ശരീരമാസകലം വിറയൽ അനുഭവപ്പെടുന്നു, പിടിച്ചാൽ എന്താകും അവസ്ഥ. ചിന്തിച്ചു നിൽക്കുമ്പോഴാണ് വീടിന്റെ രണ്ടു ഭാഗത്തുനിന്നും ടോർച്ചിന്റെ വെളിച്ചം നേരെ മുഖത്തേക്ക്.ഒരു നിമിഷം കൊണ്ട് എല്ലാം കഴിഞ്ഞു, ഞാൻ പിടിക്കപ്പെട്ടു.പിന്നെ വെളിച്ചത്തു കൊണ്ടുവന്നു ഒരു ചോദ്യം ചെയ്യലായിരുന്നു,
"എന്താണ് ഇവിടെ പണി "
"ബൈക്ക് പഠിപ്പിക്കുകയായിരുന്നു സർ"
"സത്യം പറ ഒളിഞ്ഞു നോക്കാൻ വന്നതല്ലേ"
"അല്ല സർ" ഓടിപ്പോകാതിരിക്കാൻ കാലിൽ ചവിട്ടിയും, കോളറിൽ പിടിച്ചുമായിരുന്നു ചോദ്യം ചെയ്യൽ. നിരപരാധിത്വം തെളിഞ്ഞാൽ വിടുമെന്ന് വിചാരിച്ചു നിൽക്കുമ്പോഴാണ് പോലീസുകാരന്റെ അടുത്ത കൽപന "ജീപ്പിൽ കയറൂ നമുക്ക് സ്റ്റേഷനിലോട്ടു പോകാം". ജീപ്പിൽ കയറി നേരെ 10 കിലോമീറ്റർ അപ്പുറമുള്ള പഴയങ്ങാടി പോലീസ് സ്റ്റേഷനിലേക്ക്. വണ്ടിയിൽനിന്നും ഒന്നൊന്നര ചോദ്യം ചെയ്യൽ തുടർന്നു."എവിടെന്നായിരുന്നു വണ്ടി വാടകക്ക് എടുത്തത്, ആരുടെ വണ്ടിയാണ്, ആരൊക്കെയാണ് കൂടെ ഉണ്ടായിരുന്നത്" എല്ലാത്തിനും വ്യക്തമായ ഉത്തരം നൽകി.ഇടക്കെപ്പോഴോ ഞാൻ പോലീസുകാരന്റെ പേര് ചോദിച്ചു. സുഗുണൻ അതായിരുന്നു പേര്. പേര് സുഗുണൻ എന്നാണെങ്കിലും അയാളുടെ വായയിൽ നിന്നും മദ്യത്തിന്റെ ഗന്ധം വരുന്നുണ്ടായിരുന്നു. സംസാരത്തിനിടയിൽ സ്റ്റേഷൻ എത്തി. എന്നെ അവിടെയുള്ള പൊലീസുകാരെ ഏൽപിച്ചു അവർ പോയി.(വന്നത് തളിപ്പറമ്പ സ്റ്റേഷനിലെ പോലീസുകാർ ആയിരിന്നു, ഞങ്ങൾക്ക് തളിപ്പറമ്പാണ് അടുത്ത് എങ്കിലും ഞങ്ങളുടെ നാട് പഴയങ്ങാടി സ്റ്റേഷൻ പരിധിയിൽ ആയിരിന്നു.അത്കൊണ്ടാണ് പഴങ്ങാടിയിലേക്കു കൊണ്ടുപോയത്.).
അവിടെയുള്ള രാജു എന്ന പൊലീസുകാരനായി നല്ല സൗഹൃദത്തിലായി. ആരെങ്കിലും വീട്ടിൽനിന്നു വന്നാൽ നാളെ രാവിലെ പോകാം എന്ന് പറഞ്ഞു അദ്ദേഹം വീട്ടിലേക്ക് ഫോൺ ചെയ്തു സംഭവം പറയുകയും ചെയ്തു. അദ്ദേഹം കിടക്കാൻ ഒരു പായയും ചെറിയ തലയിണയും തന്നു. അങ്ങിനെ ജീവിതത്തിൽ ആദ്യമായി ഒരു പോലീസ് സ്റ്റേഷനിൽ രാത്രി കഴിച്ചുകൂട്ടി. ശക്തമായ കൊതുകിന്റെ സാനിധ്യവും, നൈറ്റ് ഡ്യൂട്ടിക്കാരായ പോലീസുകാരുടെ കലപിലയും കാരണം ശരിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല.
രാവിലെ എഴുന്നേറ്റു ബാത്‌റൂമിൽ പോയതിനുശേഷം അഞ്ചു രൂപ തന്നിട്ട് ഹോട്ടലിൽ പോയി ചായകുടിക്കാൻ പറഞ്ഞു ഇന്നലത്തെ രാത്രി പരിചയപ്പെട്ട പോലീസുകാരൻ. അവിടെന്ന് എനിക്ക് മുങ്ങാമായിരുന്നു,പക്ഷെ അയാൾ എന്നിലർപ്പിച്ച വിശ്വാസം കളഞ്ഞുകുളിക്കാൻ ഉദ്ദേശിച്ചില്ല.(ചിലപ്പോൾ ചായകുടിക്കാൻ പുറത്തുള്ള ഹോട്ടലിലേക്ക് അയച്ചത് ഇവൻ മുങ്ങുന്നെങ്കിൽ മുങ്ങിക്കോട്ടെ എന്നുവിചാരിച്ചിട്ടുമായിരിക്കാം). ചായകുടിച്ചു വന്നതിനുശേഷം ഞാൻ ചോദിച്ചു,
"സർ ഞാൻ പോയിക്കോട്ടെ"
"വീട്ടിൽനിന്നു ആരെങ്കിലും വരും, അപ്പോൾ പോയാൽ മതി "
ഓരോ ബസ്സ് വരുമ്പോഴും പ്രതീക്ഷയോടെ നോക്കി, ആരെങ്കിലും ഉണ്ടോ. ആരെയും കാണാത്തതു കൊണ്ട് വീണ്ടും പോകാൻ ചോദിച്ചു,
"സർക്കിൾ ഇൻസ്പെക്ടറോട് ചോദിക്കൂ"
അപ്പോഴേക്കും സ്റ്റേഷൻ മുഴുവനും പൊലീസുകാരെ കൊണ്ട് നിറഞ്ഞു കഴിഞ്ഞരിന്നു.മെല്ലെ സർക്കിൾ ഇൻസ്‌പെക്ടറുടെ റൂമിന്റെ അടുത്തേക്ക് പോയി, അദ്ദേഹം മറ്റു പോലീസുകാർക്ക് നിർദ്ദേശങ്ങൾ കൊടുക്കുകയാണ്.
"ആരാണ്? എന്തുവേണം"
"സർ ഞാൻ പൊയ്ക്കോട്ടെ"
"ഒന്ന് പോടോ അവിടെന്ന്" അദ്ദേഹം കയർത്തു.
ചാൻസ് മുതലെടുത്തു നേരെ തിരിഞ്ഞു നടന്നു സ്റ്റേഷനിൽ നിന്നും.