Thursday, July 14, 2016

നരിക്കോട് കൂട്ടായ്മ


"എത്ര കാലമായി നിന്നെയൊക്കെ കണ്ടിട്ട്, ഇങ്ങനെയെങ്കിലും കാണാൻ കഴിഞ്ഞല്ലോ."

   ചെറിയ പെരുന്നാൾ ദിവസം അബൂദാബിയിലെ മുറൂർ പാർക്കിൽ ഒരുമിച്ചുകൂടിയ നാട്ടുകാരുടെ സംഗമത്തിൽ പലരും പലരോടും പറഞ്ഞ വാക്കുകളാണ് മേൽ ഉദ്ധരിച്ചത്. ഒരു കൂട്ടായ്മയുടെ പ്രസക്തി വിളിച്ചോതുന്ന വാക്കുകൾ.
പ്രവാസം ഞങ്ങൾക്കിടയിൽ മതിൽക്കെട്ടുകൾ തീർത്തപ്പോൾ പലർക്കും നഷ്ടമായത് സ്വന്തം അയൽവാസികളെയോ, കുടുംബക്കാരെയോ ആണ്. നാട്ടിൽ വരുന്ന ചെറിയ ഇടവേളകളിൽ "എപ്പോൾ വന്നു, എപ്പോൾ പോകുന്നു" എന്ന സ്ഥിരം ചോദ്യങ്ങക്കപ്പുറം ഒരു ബന്ധവുമില്ലാത്തവർ. അല്ലെങ്കിലും അതിനൊക്കെ എവ്ട്ന്നാ സമയം അല്ലെ... ബിസിയാണല്ലോ ബിസി........

  അഞ്ചാം ക്ലാസ്സ് മുതൽ പ്രവാസിയാണ് ഞാൻ. നരിക്കോട് മാപ്പിള എൽ പി സ്‌കൂളിൽ നിന്നും അഞ്ചാം തരത്തിലേക്ക് പാസ്സായപ്പോൾ തുടങ്ങിയ കുടിയേറ്റം. പിന്നെ നീണ്ട ഒരു പ്രവാസമായിരുന്നു പതിനാറു വർഷം. കടപ്പാടുകളും, ബാധ്യതകളും തലയിലേക്ക് വന്നപ്പോൾ ഞാനും ശരിയായ പ്രവാസിയായി. അതിനിടയിൽ നഷ്ട്ടപെട്ടത് നാടിനോടുള്ള അടുപ്പവും, സൗഹൃദവുമായിരുന്നു. ഇങ്ങിനെ എത്രയോപേർ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ വേണ്ടി എല്ലാം ഉപേക്ഷിച്ചു പെഡ്രോ ഡോളറിന്റെ നാട്ടിലേക്കു കുടിയേറിയവർ.
   
     ഇന്നലെ എല്ലാവരും ഒരുനിമിഷം ചെറിയ കുട്ടികളായി മാറി. ഫുട്‌ബോൾ കളിച്ചും, കമ്പവലി നടത്തിയും നാട്ടോർമ്മകൾ പങ്കുവെച്ചും........ പണ്ട് കുതിലിൽ നിന്നും, കണ്ടത്തിൽനിന്നും കളിച്ച അതേകളി.......

 പ്രവാസ ലോകത്തു ജീവിക്കുന്ന കുട്ടികൾക്ക് ഈ കളിയൊക്കെ അന്യമാണ്. അവർ പ്രവാസത്തിന്റെ നാലു ചുമരുകൾക്കുള്ളിൽ തളച്ചിടപ്പെടുന്നു. മഴ കൊള്ളാതെ, വെയിലേൽക്കാതെ,ചളിയിൽ കാലുകുത്താതെ ഒരു യന്ത്രം കണക്കെ,ജീവിതം ടാബ്‌ലെറ്റിന്റെയും,കമ്പ്യുട്ടറിന്റേയും മാസ്മരിക വലയത്തിൽ. കാണുന്നത് കോൺക്രീറ്റു കാടുകളും, കേൾക്കുന്നത് മുറിയൻ ഇംഗ്ളീഷും മാത്രം.കുട്ടികൾക്ക് മിഠായി പെറുക്കലും, ബലൂൺ പൊട്ടിക്കലും നടന്നു.


  ഈ കൂട്ടായ്മ ഒരു പ്രതീക്ഷയാണ്, ഒരുഭാഗത്തു പ്രതീക്ഷയുടെ കിരണങ്ങൾ അസ്തമിക്കുമ്പോൾ മറുഭാഗത്തു ഉദിച്ചുയരുന്ന പ്രതീക്ഷയുടെ\കിരണങ്ങൾ. വെറുമൊരു കൂട്ടായ്മയിൽ ഒതുക്കരുത് നിങ്ങളുടെ പ്രവർത്തനം. ഇതു വളരണം ആകാശത്തോളം. കാരുണ്യ പ്രവർത്തനത്തിന്റെ വാതായനങ്ങൾ തുറന്നു വെക്കുക. ചുറ്റിലും കണ്ണോടിച്ചു നോക്കുക, ജീവിതത്തോട് മല്ലിടിക്കുന്ന രോഗികൾ ഒരുപാടുണ്ട്. വിവിധ കഷ്ട്ടപ്പാടുകൾ അനുഭവിക്കുന്ന നാട്ടുകാരെ കാണാൻ കഴിയും. അവർക്കൊരു കൈത്താങ്ങാവാൻ കഴിഞ്ഞാൽ ജീവിതം സാർത്ഥമായി. 
 
 അവിടെ രാഷ്ട്രീയത്തിന്റെ മതിൽക്കെട്ടുകൾ തടസ്സമാവരുത്‌. മതത്തിന്റെയും, സംഘടനയുടെയും അതിർവരമ്പുകൾ ഉണ്ടാവരുത്. എന്നാൽ നിങ്ങളെ രണ്ടു കയ്യും നീട്ടിസ്വീകരിക്കാൻ ആളുകളുണ്ടാവും തീർച്ച..അല്ലെങ്കിൽ..........................

അതിനു കഴിയട്ടെ എന്ന പ്രാർത്ഥനനയോടെ.